അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വെള്ളിയാഴ്‌ച, മാർച്ച് 06, 2020

പറയാതെ പോയത്..

ചിലപ്പോൾ ഓർമ്മകൾ നമ്മളെ അതിന്റെ ചിറകിലേറ്റി സ്വപ്‌നങ്ങളുടെ പറുദീസയിലേക്ക് വിരുന്ന് കൊണ്ട് പോകാറുണ്ട്. അവിടെ കാണുന്ന വിസ്മയ കാഴ്ചകൾ നമ്മളെ ഒരിക്കൽ കൂടി ആ കാലത്തിലേക്ക് തിരിച്ചു പോകാൻ വല്ലാതെ മോഹിപ്പിക്കും. കഴിഞ്ഞ  കാലത്തെ തിരിച്ചു പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പലതും നമ്മൾ തിരുത്താൻ ശ്രമിച്ചേനെ.കൗമാരക്കാലത്തെ ഓർമ്മകൾക്ക് ഹൃദയത്തിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ട്. ആ ഓർമ്മപൂക്കൾക്ക് പനീർപ്പൂവിന്റെ ഒരു സുഗന്ധമുണ്ട്. ചില വേദനകൾ പിന്നീട് ഓർക്കുമ്പോൾ സുഖമുള്ളൊരു നീറ്റലായി ഹൃദയത്തിന്റെ ഒരു കോണിൽ അണയാത്ത കനലായി നീറി പുകയുന്നുണ്ടായിരിക്കും...

പതിനേഴിന്റെ  പ്രായം പതിനേഴാം രാവിലെ ചന്ദ്രനെ പോലെ കൂടുതൽ മനോഹരമാകുന്നത്  അതിന് പ്രണയത്തിന്റെ തലോടൽ കൂടി ഉണ്ടാകുമ്പോഴാണ്. നമ്മുടെ നായകൻ സാമുവിനും പ്രായം പതിനേഴു മാത്രം. പ്രണയത്തിന്റെ ആദ്യ വിത്തുകൾ അവന്റെ ഹൃദയമാകുന്ന പൂന്തോട്ടത്തിൽ വാരി വിതറിയതും ഒരു പതിനേഴുകാരിയായ  സിന്ധുവാണ്. രണ്ടും പേരും അടുത്തുള്ള  കോളേജുകളിലെ  പ്രീഡിഗ്രി വിദ്യാർത്ഥികൾ.സാമു ഒരു സത്യ ക്രിസ്ത്യാനിയും സിന്ധു ഒരു നായര് പെൺകുട്ടിയും. ട്യുക്ഷൻ സെന്ററിൽ  വച്ചാണ്  സാമു സിന്ധുവിനെ ആദ്യമായി കാണുന്നത്..ആദ്യമായി കണ്ടപ്പോൾ, അന്നുടുത്ത മഞ്ഞ ചുരിദാറിൽ അവൾ കൂടുതൽ മനോഹാരിയായിരുന്നു.
ആദ്യം നോട്ടത്തിൽ തന്നെ അവനു ശാലീന സുന്ദരിയായ അവളോട്‌  വല്ലാത്തൊരു  ഇഷ്ട്ടം തോന്നി .അവൻ 
അറിയാതെതന്നെ സിന്ധുവിനോട് ഉള്ള ഇഷ്ട്ടം കൂടി കൂടി വന്നു...
ഓരോ നിമിവും അവളോട്‌  സംസാരിക്കാൻ അവൻ  അവസരം കാത്തു നിന്നു..അവളോട്‌ സംസാരിക്കുമ്പോൾ തന്റെ ഹൃദയത്തിന്റെ താളം ബാന്റടിമേളം പോലെ  വേഗതയാർജ്ജിക്കുന്നത് അവൻ അറിഞ്ഞിരുന്നു. തന്നെ വെറുക്കുമോ, ഇഷ്ട്ടമല്ല എന്ന് പറയുമോ എന്നൊക്കെയുള്ള  ഭയത്താൽ അവൻ തന്റെ പ്രണയം അവളോട്‌  പറയാതെ ഇരുന്നു. ഇംഗ്ലീഷ് ക്ലാസ്സിൽ പ്രേമചന്ദ്രൻ സർ പ്രണയ കാവ്യമായ റോമിയോ ജൂലിയറ്റ് പഠിപ്പിക്കുമ്പോൾ റോമിയോ ആയി അവനും ജൂലിയറ്റായി അവളും അവന്റെ പകൽ കിനാക്കളിൽ വേഷപകർച്ച ആടുകയായിരുന്നു.അങ്ങനെ അവൻ ക്ലാസ്സിൽ വരുന്നത് തന്നെ അവളുടെ ദർശന സൗഭാഗ്യത്തിനു വേണ്ടി മാത്രമായിരുന്നു.

പതുക്കെ പതുക്കെ അവന്റെ ഹൃദയത്തിന്റെ താളമായി അവൾ മാറുകയായിരുന്നു. അവന്റെ കിനാക്കൾ കൂടുതൽ വർണ്ണശബളമായി മാറിക്കൊണ്ടിരുന്നു. പ്രണയ സാഫല്യത്തിനായി അവൻ കൊതിച്ചു. പക്ഷെ  സാമുവിന്റെ പ്രണയം വെറും ഒരു പൈങ്കിളി  പ്രണയമായി കരുതി അവൾ അവനോട്  തീരെ താത്പര്യം ഇല്ലാത്ത പോലെ പെരുമാറാൻ തുടങ്ങി.അത് അവന്റെ ഹൃദയത്തിൽ  വേദനയുടെ ഒരു  കനലായി നീറി പുകയാൻ ആരംഭിച്ചു .ഒരിക്കൽ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ  ബിജോയോടും ദീപക്കിനോടും സംസാരിച്ചു കൊണ്ട്  നിന്ന സാമുവിനോട് കോപത്തോട്  ഇനി മേലാൽ തന്റെ പുറകിൽ നടക്കരുത് എന്നവൾ കൈചുണ്ടി കൊണ്ട് ഗർജ്ജിക്കുമ്പോൾ അവന്റെ ഹൃദയത്തിലെ ആ കനൽ ഒരു കാട്ടുതീയായി ആളിപടർന്നു അവനിലെ പ്രണയമാകുന്ന പുൽനാമ്പിനെ നിഷ്ക്കരുണം വെന്ത് വെണ്ണീറാക്കി മാറ്റിയിരുന്നു.അതിനു ശേഷം അവർ തമ്മിൽ അധികം സംസാരിച്ചിരുന്നില്ല. അവൾ അവനെ ഒന്ന് നോക്കാൻ പോലും തയാറായിരുന്നില്ല.അത് അവനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പ്രീഡിഗ്രി പരീക്ഷയൊക്കെ കഴിഞ്ഞു,  ട്യുക്ഷൻ സെന്ററിലെ സെന്റോഫും  കഴിഞ്ഞു എല്ലാവരും പല വഴിക്ക് പോയി.പ്രീഡിഗ്രി പരീക്ഷയുടെ ഫലം കോളേജിൽ പോയി നോക്കി തിരിച്ചു പോകാനുള്ള ബസ്സും കാത്ത് ബസ്സ്റ്റാൻഡിൽ നിന്ന അവന്റെ അടുത്തേക്ക് സിന്ധു  അപ്രതീക്ഷിതമായി ഒരു  ചിത്രശലഭം കണക്കെ  നിറഞ്ഞ പുഞ്ചിരിയോടെ പറന്നു വന്നു..അവൾ അന്നണിഞ്ഞ മഞ്ഞ ചുരിദാറിൽ അവരുടെ ആദ്യ ദര്ശനത്തിനെക്കാളും സുന്ദരിയായി അവനു തോന്നി.അന്ന് പതിവില്ലാത്തതു പോലെ അവൾ അവനോട് വളരെ അധികം സംസാരിച്ചു..അവളുടെ അപ്രതീക്ഷിതമായ ആ പ്രവൃത്തിയിൽ അവനു അത്ഭുതം തോന്നി.. അവളുടെ ഒരു നോട്ടത്തിനായി ഒരു വാക്കിനായി കൊതിയോടെ കഴിഞ്ഞ രണ്ടു വർഷക്കാലം കാത്തിരുന്ന അവനു അത് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു.. 
ഒടുവിൽ അവൾ തന്റെ മനസ്സ് കൊണ്ട് പറയാതെ പോയത് അവനോട് പറയാതെ പറഞ്ഞു.. "സാമു നിന്നോട് ഉള്ള ഇഷ്ട്ടം കാരണം
എന്റെ മനസ്സിൽ ഒരു പേടി തോന്നി തുടങ്ങിയിരുന്നു.. 
ഒരു നാൾ ഇത് എല്ലാം അവസാനിച്ചാൽ...??
ഓർക്കാൻ പോലും കഴിഞ്ഞില്ല".. 
അവൾ അവനോട് ചോദിച്ചു "നിനക്ക് ഒരു നായര് ചെക്കനായി ജനിച്ചു കൂടായിരുന്നോ".. അത് പറയുമ്പോൾ അവളുടെ കണ്ണിൽ ചെറിയ നനവ് പടരുന്നതായി അവനു തോന്നി.. അവൾക്ക് പോകാനുള്ള ബസ്സ്‌ സ്റ്റാൻഡിലേക്ക് വരുന്നത് അവരുടെ ആ സ്നേഹത്തിന്റെ വഴിയോരത്തിലെ ലാസ്റ്റ് ബസ്സ് പോലെ അവനു തോന്നി.. "ഇനി ഒരിക്കലും നമ്മൾ കാണില്ല അല്ലേ സിന്ധു" പോകുന്നതിന് മുമ്പേ ഹൃദയത്തിലെ ഒരു വിങ്ങലായി അവന്റെ ശബ്ദം ഇടറി വീണു... അവരുടെ കണ്ണുകൾ തമ്മിൽ അവസാനമായി ഒരിക്കൽ കൂടെ ഇടഞ്ഞു..പറയാൻ മറന്ന ഓരോ വാക്കുകളും ആ മിഴികളിൽ അവൾ ഒളിപ്പിച്ചു വച്ചിരുന്നു.
സമുവിന്റെ മനസ്സ് മന്ത്രിച്ചു  "പ്രിയ സിന്ധു നിന്റെ ഓർമ്മകൾ... നമ്മൾ ഒന്നിച്ചുള്ള വളരെ കുറച്ചു നിമിഷങ്ങൾ.. ഇവ എല്ലാം ഒരു സുഖമുള്ള നൊമ്പരമായി ഹൃദയത്തിന്റെ ചെപ്പിനുള്ളിൽ ജീവിത  അവസാനം വരെ  ഭദ്രമായി ഞാൻ സൂക്ഷിച്ചു വച്ചിരിക്കും....". അങ്ങ് ദൂരെ കറുത്ത പുകയും ചീറ്റി പോകുന്ന ആ ആനവണ്ടിയിൽ  നിന്നും ഒരു മഞ്ഞ ചുരിദാറിന്റെ ഷാൾ പുറത്തേയ്ക്ക് അപ്പോൾ പാറി പറക്കുന്നുണ്ടായിരുന്നു..


NB :കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം. :-)

ചൊവ്വാഴ്ച, ഏപ്രിൽ 30, 2019

മൊഞ്ചത്തി

ബാങ്കിൽ അന്ന് പതിവിൽ കൂടുതൽ തിരക്കായിരുന്നു.ക്ഷേമ പെൻഷന്റെയും  തൊഴിലുറപ്പിന്റെയുമൊക്കെ ക്യാഷ് എടുക്കാനും മറ്റും അവിടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു . തിരക്കിനിടയിൽ ഒരു കൊച്ചു കുട്ടി അതിന്റെ മുത്തശ്ശിയുടെ കൈയിലിരുന്ന്‌  കുഞ്ഞിളം മോണ കാട്ടി എന്നെ തന്നെ നോക്കി ചിരിക്കുന്നു. അന്ന് ഒരു  വെള്ളിയാഴ്ച്ച ദിവസമായിരുന്നു .അകലെയുള്ള പള്ളിയിൽ  നിന്നു ബാങ്കുവിളി അന്തരീക്ഷത്തിൽ  മുഴങ്ങി കേൾക്കുന്നുണ്ട്. ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഘടികാരത്തിന്റെ സൂചികൾക്ക് വേഗത തീരെ ഇഷ്ട്ടപ്പെടാത്തത് പോലെ ഇഴഞ്ഞു ഇഴഞ്ഞു സമയം നീക്കികൊണ്ടിരുന്നു.
ആ വിരസതയിൽ അപ്രതീക്ഷമായിട്ട് സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന മാലാഖ പോലെ  മൈലാഞ്ചി കൈകൾ ഉള്ള  മൊഞ്ചത്തി എന്റെ മുമ്പിൽ വന്നത് .

തട്ടത്തിനുള്ളിൽ തിളങ്ങുന്ന വെള്ളാരം കല്ലുകൾ പോലുള്ള പല്ലുകൾ പുറത്തു കാട്ടി അവൾ എന്നെ നോക്കി ഒന്ന് മന്ദഹസിച്ചു.അവളുടെ  കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു അവളുടെ മൊഞ്ച് കണ്ട് സർവ്വ നിയന്ത്രണവും വിട്ടു നിന്ന എന്നിലെ ഉപഭോക്ത സേവകൻ  സടകുടഞ്ഞ് എഴുന്നേറ്റു .ഉപഭോക്താവാണ് ദൈവം  എന്ന ഗാന്ധിജി പറഞ്ഞ വാക്കുകൾ ഞാൻ മനസ്സിൽ  തിരുത്തി ഉപഭോക്താവാണ്  മാലാഖ. അത് ഇപ്പോൾ എന്റെ മുമ്പിൽ നിൽക്കുന്ന ഈ മൊഞ്ചത്തിയാണ് .ഇതുവരെ കല്യാണം കഴിക്കാത്ത എന്നിലെ നയിഷിക ബ്രഹ്മചാരിക്ക്  വേണ്ടി ദൈവം തമ്പുരാൻ സൃഷ്‌ടിച്ചതായിരിക്കും ഈ മൊഞ്ചത്തിയെ .ബാപ്പയോട് പറഞ്ഞു ഇന്ന് തന്നെ ഒരു തീർപ്പുണ്ടാക്കണം.. 

"എന്താണ് കുട്ടി ഞാൻ ചെയ്തു തരേണ്ടത് ". വിറയാർന്ന ശബ്ദത്തോടെ ഞാൻ ആരാഞ്ഞു. "സർ എനിക്ക് ഒരു അക്കൗണ്ട് തുറക്കണം". അവളുടെ വായിൽ നിന്ന് വന്ന ഓരോ മൊഴികളും  വേനൽ മഴയുടെ ഓരോ മഴതുള്ളികളായി  വരണ്ട്കീറിയ മരുഭൂമി സമാനമായ എന്റെ ഹൃദയത്തിൽ വീണു കുതിർന്നു നനവ് പകർന്നു കൊണ്ടിരുന്നു .
ഒരു അക്കൗണ്ട്‌ അല്ല ഒരു ആയിരം അക്കൗണ്ട്‌ വേണമെങ്കിൽ തുറക്കാം എന്ന് മനസിൽ ഞാൻ പറഞ്ഞു .അവളുടെ ഹൃദയത്തിൽ പ്രണയത്തിന്റെ അക്കൗണ്ട് തുറക്കാൻ എന്നിലെ കാമുക മനസ്സ് വെമ്പി.നിമിഷനേരം കൊണ്ട് ആ മൊഞ്ചത്തിക്കു വേണ്ട എല്ലാ കാര്യങ്ങളും മറ്റെല്ലാ ജോലിയും മാറ്റി വച്ചു ഞാൻ വേഗത്തിൽ ചെയ്തു കൊടുത്തു.
മൊഞ്ചതിയുടെ ഫോൺ നമ്പറും ഒരു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും  തഞ്ചത്തിൽ ഒപ്പിച്ചു. ഇന്ന് തന്നെ വീട്ടുകാരെ കൊണ്ട് വിളിപ്പിക്കണം.എന്നിട്ട് വേണം അവളെ എന്റെ സ്വപ്ന കൊട്ടാരത്തിലെ  ഹൂറി ആക്കാൻ..  മനസ്സ് നിയത്രണം വിട്ട കുതിരേയെ പോലെ പാഞ്ഞു കൊണ്ടിരിക്കുന്നു 

"വളരെ നന്ദി സാർ ,ഇത്രയും വേഗത്തിൽ അക്കൗണ്ട് ആരംഭിക്കാൻ സഹായിച്ചതിന്"..അവളുടെ കിളി നാദം എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി. ആ നന്ദി വാക്കുകൾ വാക്കുകൾ എന്നെ രോമാഞ്ച പുളകിതനാക്കി. പക്ഷെ അവളുടെ അടുത്ത വാക്കുകൾ ആ പുളകങ്ങൾ എല്ലാം തകർക്കുന്നതായിരുന്നു. അത് ഒരു അസ്ത്രം കണക്കെ എന്റെ പ്രണയകൊട്ടാരത്തെ നിർദാക്ഷിണ്യം തകർത്തു കളഞ്ഞു.  "സർ ഈ അകൗണ്ട് തുറന്നിട്ട്‌ വേണം എനിക്ക് അക്കൗണ്ട്‌ നമ്പർ ആശുപത്രിയിൽ കൊണ്ട് പോയി കൊടുക്കാൻ. പ്രസവത്തിനുള്ള തുക സർക്കാരിൽ നിന്ന് ലഭിക്കാൻ വേണ്ടിയാണ്.".അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

ഞാൻ തലയുയർത്തി നോക്കിയപ്പോൾ  മുത്തശ്ശിയുടെ കൈയിലിരുന്ന കൊച്ചുകുട്ടി അപ്പോഴും എന്നെ തന്നെ നോക്കി മോണകാട്ടി ചിരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു..






ചൊവ്വാഴ്ച, ജൂൺ 20, 2017

ചിറകുകൾ

എന്റെ പ്രണയത്തിന്റെ രണ്ട് ചിറകുകളാണ് കാത്തിരിപ്പും വിരഹവും.,,
അവ രണ്ടും ഇല്ലായിരുന്നെങ്കിൽ  എന്റെ പ്രണയത്തിനു ഇത്രമേൽ ഉയരത്തിൽ പറക്കാനാകില്ലായിരുന്നു ..
ആകാശനീലിമയോളം ചെന്ന് മേഘ സുന്ദരിമാരെ തൊട്ട് തലോടാൻ  കഴിയില്ലായിരുന്നു ..
കത്തുന്ന സൂര്യ പ്രഭയിലും വാടാതെ നിന്നതു കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും  താപം സൂര്യതാപത്തെക്കാൾ കഠിനമായത് കൊണ്ടാകാം..
എന്റെ പ്രണയമേ നീ ഭാഗ്യവതിയാണ് ...ഇനിയും  ഉയരെ പറക്കുക ..നക്ഷത്ര ഗോളങ്ങളെയും താണ്ടി ഉയരത്തിലേക്ക് ...

ചൊവ്വാഴ്ച, ഓഗസ്റ്റ് 02, 2016

കർക്കടവാവ്

കർക്കടവാവ് ദിവസം അന്ന് പതിവിലും
രാവിലെ ഉറക്കത്തിൽ നിന്നു എഴുന്നേറ്റയുടൻ മൂന്നുവയസ്സുകാരി ചിഞ്ചുമോൾ  ചോദിക്കുവാ.. " അച്ഛാ അച്ഛാ എനിച്ചും ബലിയിടണമെന്നു... " .വാത്‌സല്യനിധിയായ പിതാവായി മാറിയ മോളെ ചേർത്ത് പിടിച്ചു പറഞ്ഞു "മോളേ ഇപ്പോൾ ബലിയിടാൻ പറ്റില്ല കുറച്ചു കഴിഞ്ഞേ പറ്റു....".
"അല്ല അല്ല എനിച്ചു ഇപ്പോ തന്നെ ബലി ഇടണം,അച്ഛൻ മുത്തച്ഛന് ബലിയിടുന്നലോ അപ്പൊ എനിച്ചു അച്ചനു ബലി ഇടണം". വാശി പിടച്ചു കരയുന്ന കുഞ്ഞിനെ നിസ്സഹമായി നോക്കാനേ കഴിഞ്ഞുള്ളു... അപ്പോൾ വീടിന്റെ തെക്കേ മുലയിലെ മാവിന്റെ കൊമ്പിലിരുന്ന ബലികാക്ക നീട്ടി കരയുന്നുണ്ടായിരുന്നു ...

വ്യാഴാഴ്‌ച, ഓഗസ്റ്റ് 20, 2015

പേരറിയാത്ത സുന്ദരി

ജോലി തേടി ബാഗ്ളൂറില്‍ എത്തിയപ്പോള്‍ താമസിക്കുവാന്‍ ഒരു വീട് വാടകയ്ക്കു കിട്ടിയത് ഒരു ഹിന്ദിവാലയുടേതായിരുന്നു. ഞങ്ങള്‍...ഒരു പത്ത് പന്ത്രണ്ടു കന്യകന്മാര്‍ അവിടെയുണ്ടായിരുന്നു.പണി തേടി വന്നു ഒരു പണിയുമില്ലാതെ വായും നോക്കിയിരിക്കുന്നവരും ഒരു പണികിട്ടുവാന്‍ വേണ്ടി ഇന്റെര്‍വ്യൂ പ്രിപ്പെറെഷനും മറ്റുമായി അഹോരാത്രം പണിയെടുക്കുന്ന ഒരു പറ്റം യുവ സൈബര്‍ കോമളന്മാരുടെ ലോകം..രാത്രി ഒരു മണി വരെ നീളുന്ന ചീട്ടുകളിയും പാട്ടുമൊക്കെയുള്ള രസികന്മാരുടെ ലോകം..വീടിനു മുമ്പില്‍ കൂടി പോകുന്ന എല്ലാ സുന്ദരികളേയും സ്വന്തം കാമുകിയായി സങ്കല്പിച്ചു സ്വപ്നം കാണുന്ന പ്രായം..അവിടെയ്ക്കാണു ആ കൊച്ചു സുന്ദരി കടന്നു വരുന്നത്...വീട്ടുടമയുടെ വീട്ടില്‍ രാവിലെ ഒരു പാത്രവുമായി പാലിനു വരുന്ന പാലു പോലെ വെളുത്ത സുന്ദരിക്കുട്ടി..വിശന്നു ഇരിക്കുന്നവന്റെ മുമ്പിലേക്കു വെച്ച പാല്‍പ്പായസമായിരുന്നു അവള്‍..അവളെ ഒരു നോക്കു കണ്ട് നിര്‍വ്‌റിതിയുടെ തീരം പറ്റാന്‍ ഞങ്ങളുടെ ജനലിലെ കൂട്ടയിടി ഒരു നിത്യ സംഭവമായിരുന്നു.പേരറിയാത്ത ആ സുന്ദരിയുടേ പേരറിയുവാന്‍ എല്ലാവര്‍ക്കും വളരെ
ആഗ്രഹമുണ്ടായിരുന്നു.പലരും പല പേരുകള്‍ മനസ്സില്‍ സങ്കല്പിച്ചു സ്വയം സമാധാനിച്ചു.. അങ്ങനെയിരിക്കുമ്പോളാണു കുഞ്ഞാടിനേ പോലെ നിഷ്കളങ്കനായ ബിനീഷ് ഓടിക്കിതച്ചുകൊണ്ട് വന്നു പറയുന്നത്.." കിട്ടിപ്പോയി അളിയന്മാരേ..! അവളുടെ പേരു കിട്ടി ".ഇവന്‍ ആളു കൊള്ളാമല്ലോ എങ്ങനെ ഒപ്പിച്ചെടുത്തു ഇത്..ഗജകില്ലാടി ഷാനും ഒളിഞ്ഞു നോട്ടകാരന്‍ അഭിയും വിരുതന്‍ പ്രേമനും തടിയന്‍ സാമുവും എത്ര ശ്രമിച്ചിട്ടും നടക്കാത്ത കാര്യം നിശ്പ്രയാസം സാധിച്ച അവന്റെ കഴിവില്‍ ഞങ്ങളോരോരുത്തരും അഭിമാന പുളകിതരായി തരിച്ചു നിന്നു...അവന്റെ വായില്‍ നിന്നു വരുന്ന ആ സുന്ദരിയൂടെ പേരിനായി കാത്തിരുന്ന ഞങ്ങളോരോരുത്തരും , അന്ന് ആദ്യമായി ഒരു ആണിന്റെ വായി നോക്കികളായി......ആവേശം മൂത്ത് ബിനീഷ് ഉറക്കെ അലറി " അവളുടെ പേരാണു ബേട്ടീ...അവന്റെ ബേട്ടി പ്രയോഗത്തില്‍ മരവിച്ചിരുന്ന ഞങ്ങളേ നോക്കി  അവന്‍ വീണ്ടും അലറി"അമ്മച്ചിയാണേ വീട്ടുടമ ആ പെണ്‍കുട്ടിയേ ബേട്ടിയെന്നു വിളിക്കുന്നത് ഞാന്‍ കേട്ടതാ... ബേട്ടി ബിനിഷ് നല്ല ചേര്‍ച്ച അല്ലേ....".

ശനിയാഴ്‌ച, മേയ് 30, 2015

പ്രണയിനി

സ്പര്‍ശിച്ചാലും പിടിതരാത്ത പ്രകാശകിരണം പോലെയാണെന്റെ പ്രണയം...
പോകുന്ന വഴിയിലുള്ള എല്ലാവരിലും  അതിന്റെ ശോഭാകിരണങ്ങള്‍ പതിക്കുന്നു,
കൈയ്യില്‍ നിന്നു വഴുതിമാറി അത് അടുത്ത ബിന്ദുവിലേക്കു പായുന്നു...
എന്റെ പ്രണയമാകുന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍..
ആയിരം സൂര്യതേജസ്സിനു സമമായ പ്രണയത്തെ മൂടിവെയ്ക്കാന്‍
പ്രണയിനീ നിന്‍ ഹ്രിദയത്തിനു കഴിയുമോ....

കാണുവാന്‍ ആഗ്രഹിച്ചാലും അപ്രത്യക്ഷമാകുന്ന പൂവിന്റെ  സുഗന്ഡമാണു എന്റെ  പ്രണയം..
വഴിയില്‍ നില്‍ക്കുന്ന എല്ലവരേയും സന്തോഷിപ്പിക്കുന്നു അതിന്റെ്‌ ഗന്ദ്ദം..
മാരുതനെ ചിറകുകളാക്കി ഒരോ അണുവിലും അതു നീന്തിയെത്തുന്നു .
എന്റെ പ്രണയമാകുന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍..
ആ ഗന്ഡത്തെ നാസികയില്‍ തളച്ചിടാന്‍ ആകുമോ പ്രണയിനി നിനക്ക്....

ബുധനാഴ്‌ച, ഡിസംബർ 10, 2014

ഓണ്‍ലൈന്‍ ഷോപ്പിങ്

ഇടവേളകളില്ലാതെ പുക പുറത്തേക്കു തള്ളുന്ന ഒരു പുകവണ്ടിയായിരുന്നു നന്ദു. സദാ ചുണ്ടത്ത് സിഗറിറ്റും നുണഞ്ഞു കൊണ്ട് നടന്നിരുന്ന അവനെ ദൂരത്ത് നിന്നു കണ്ടാല്‍ പുകതുപ്പി വരുന്ന എതോ തീവണ്ടിയാണെന്നേ പറയൂ.ചെയിന്‍ പുകവലി എന്ന ആപത്തില്‍ നിന്നു അവനെ പിന്തിരിപ്പിക്കാന്‍  സ്നേഹിതര്‍ എത്ര ശ്രമിച്ചിട്ടും അവനു ഒരു മാറ്റവും ഉണ്ടായിരുന്നില്ലാ. അവനു എപ്പോഴും സിഗററ്റ് വലിക്കണം അത് അവന്റെ ജന്മവകാശമായിരുന്നു. ആയിടയ്ക്കാണു ചാര്‍ജ്ജു ചെയ്തു വലിക്കുന്ന സിഗറിറ്റിനെ പറ്റി ഉള്ള പരസ്യം ഒരു വെബ്ബ്സൈറ്റില്‍ അവന്‍ കാണുന്നത്. പരിസ്തിഥിക്കു  ഇണങ്ങിയതും മറ്റാര്‍ക്കും ദോഷകരമാകാത്തതും എന്നാല്‍തന്നെ അനുഭൂതിക്കു ഒട്ടും ഒരു തടസ്സവുമില്ലാത്ത ഒരു പുകവലി.ആ വലിയില്‍ അവന്‍ ആക്യ് ഷ്ട്ടനായി..അതു അവനെ വല്ലാതെ "വലിപ്പിക്കും" എന്നവന്‍ അറിഞ്ഞിരുന്നില്ലാതാനും.അവന്‍ ആ ചാര്‍ജ്ജിങ്ങ് സിഗററ്റ് വെബ്സൈറ്റില്‍ നിന്നു വാങ്ങുവാന്‍ തന്നെ തീരുമാനിച്ചു. വില ആയിരം ഉറുപ്പിക. ഓണ്‍ലൈന്‍ ഓര്‍ഡറും ചെയ്തു അവന്‍ കാത്തിരുന്നു. കാത്തിരിപിന്റെ സുഖം അങ്ങനെ അവനും അറിഞ്ഞു.നന്ദു തന്റെ കൂട്ടുകാരോടു , തന്റെ ചുണ്ടിന്റെ ചുബനം ഏല്‍ക്കുവാന്‍ പോകുന്ന ആ ചാര്‍ജ്ജിങ്ങ് സുന്ദരിയുടെ സൌന്ദര്യത്തേയും മാസ്മരിക സുഖത്തേയും പറ്റി  വര്‍ണ്ണിച്ചു കൊണ്ടേയിരുന്നു.

ഒടുവില്‍ ആ ദിനം വന്നു, പോസ്റ്റ് മാന്‍ ഒരു പൊതിയുമായി നന്ദുവിന്റെ മുമ്പിലെത്തി. താന്‍ കത്തിരുന്ന പുതിയ ഇനം സിഗറിറ്റിനെ കാണുവാനായി അവന്‍ ആ പൊതിമേല്‍ ചാടി വീണു, അതിനെ നിമിഷനേരം കൊണ്ടു വിവസ്ത്രയാക്കി.പൊതിക്കകത്ത് ഉള്ള  സാധനം കണ്ട് നന്ദു ഞെട്ടി.അതാ അതിനുള്ളില്‍ "  How To Stop Smoking  " എന്ന ഒരു പുസ്തകം.ആയിരം രുപ കൊടുത്ത് വലിക്കാനിരുന്ന നന്ദുവിനു കിട്ടിയത് നൂറുരുപയുക്ക് വായിച്ചു വലിക്കാനൊരു പുസ്തകം അതും എങ്ങനെ ത്ന്റെ ഇഷ്ട്ടഭാജനത്തെ ഉപേക്ഷിക്കണമെന്നു പഠിപ്പിക്കുന്ന പുസ്തകം.വെള്ളത്തിലുള്ളത് കിട്ടിയതുമില്ലാ വായിലിരുന്നത് പോകുകയും ചെയ്ത നായുടെ കണക്കായി നന്ദുവും.ഒരു പക്ഷേ ഈ ചാര്‍ജ്ജു ചെയ്തു വലിക്കുന്ന സിഗററ്റ് ഒരു മിഥ്യവല്ലതും ആണോ ? അതോ തന്റെ പുകവലി പ്രേമം മനസ്സില്ലാക്കി വെബ്ബ്സൈറ്റുകാര്‍ ഉപദേശിച്ചു നന്നാക്കാന്‍ മനപൂര്‍വ്വം ചെയ്ത പണിയാണോ ഇത്? ഉത്തരമില്ലാത്ത കുറെ സമസ്യകളും മനസ്സിലിട്ടു കൊണ്ട് അവന്‍ നിന്നു.
NB :-ഇത് കുറിക്കുമ്പോള്‍ ഒരു നീണ്ട ഈമെയില്‍  പരാതി വെബ്ബ്സൈറ്റുകാര്‍ക്കു എഴുതാനുള്ള ശ്രമത്തിലാണു ശ്രീമാന്‍ നന്ദു.

-------------------------------------------------------------------Thank You all for Your Supports

തിങ്കളാഴ്‌ച, ഓഗസ്റ്റ് 11, 2014

കന്നട കൊത്തില്ല

ആദ്യമായി കേരളത്തിനു വെളിയില്‍ പോകുന്ന അവേശത്തിലായിരുന്നു ഞങ്ങള്‍ ഒരോരുത്തരും.ബാഗ്ളൂരില്‍ പ്രോജക്റ്റ് വര്‍ക്കിനു പോകുകയായിരുന്നു ഞങ്ങള്‍.മജസ്റ്റിക്കില്‍ വന്നു ട്രയിന്‍ ഇറങ്ങി   ഇനിയെന്ത് എന്നു ചിന്തിച്ചു അവിടെ ഓരം പറ്റിനില്‍ക്കുന്ന ഹിജഡകളേയും നൊക്കി വായും പൊളിച്ചു കുറേ നേരം നിന്നു,കന്നട ഭാഷയാണെങ്കില്‍ ഒരു പിടിയുമ്മില്ല, അവിടെ നേരത്തേ പോയ കുറച്ചു കൂട്ടുകാര്‍ പഠിപ്പിച്ച ഓഞ്ഞ കുറെ കന്നട കാണാതെ പഠിച്ചു കൊണ്ടാണു ഞങ്ങള്‍ വന്നിരിക്കുന്നത്, ഞങ്ങള്‍ക്കു പോകേണ്ടുന്ന കെ ആര്‍ പുരത്തിലേക്കുള്ള ബസ്സ് എവിടെ നിന്നാണെന്നു എതവനോടെങ്കിലും ചോദിച്ചേ രക്ഷയുള്ളു, അതാ അവിടെ ഒരു ചേട്ടന്‍ നില്‍ക്കുന്നു കണ്ടാല്‍ ഒരു കന്നടചേട്ടന്റെ  ലുക്കു ഉണ്ട്, രണ്ടും കല്‍പ്പിച്ചു ഞാന്‍ ചേട്ടന്റെ അടുത്തു ചെന്നു എന്റെ കന്നട വൈഭവം മറ്റ് കൂട്ടുകാരേ കാണിക്കാന്‍ വേണ്ടി ചോദിച്ചു " ബസ്സ് കെ ആര്‍ പുരം ഹോഗുമാ??", ചേട്ടന്‍ വളരെ ദയനിയമായി ഞങ്ങളെ നോക്കിയിട്ട് മിണ്ടാതെ നിന്നു. ശെടാ ഒരു ഉത്തരം പറയിപ്പിക്കണമല്ലോ, ഞാന്‍ വീണ്ടും ചോദ്യമാവര്‍ത്തിച്ചു, അപ്പോള്‍ ചേട്ടന്‍ പറയുകയാ " കന്നടാ കൊത്തില്ലാ" എന്നു , കന്നടാ കൊത്തില്ല എന്നോ ... കന്നടാ കൊത്തിയാലും ഇല്ലേല്ലും  ഞങ്ങള്‍ക്കു കെ ആര്‍ പുരത്തു പോയേ പറ്റു..   ചോദ്യം അവര്‍ത്തിച്ചു കൊണ്ടേയിരുന്നു.. ആവശ്യക്കാരനു ഔജ്യത്ത്യമില്ലലോ... ഒടുവില്‍ സഹികെട്ട് ചേട്ടന്‍ പറഞ്ഞു "
ഹോഗുമായിരിക്കും". ഹോഗുമായിരിക്കുമെന്നോ ... അപ്പോള്‍ കൂട്ടത്തിലുള്ള രാമു പറയുകയാ.. അളിയ ഈ കന്നട കൊത്തില്ലാ എന്നു ചേട്ടന്‍ ആദ്യമേ പറഞ്ഞത് ഇത് കൊണ്ടായിരിക്കും.അതു ഞങ്ങളെ പോലെ തന്നെ ആദ്യമായി  വന്ന എതോ ഒരു മല്ലുചേട്ടനായിരുന്നു.

ശനിയാഴ്‌ച, ഫെബ്രുവരി 08, 2014

ആട് ചിരി

അപ്രതീക്ഷിതമായിട്ടായിരുന്നു അവള്‍ അവന്റെ മുമ്പില്‍ വന്നത്.ഇനി ഒരിക്കലും കാണില്ല എന്നു ധരിച്ചിരുന്ന രണ്ടുപേരുടെ നീണ്ട കൂറേ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു കണ്ടുമുട്ടല്‍, അവളെ കണ്ടപ്പോള്‍ രാമുവിനു പണ്ട് പുഴകടവില്‍ നാരിനിരാട്ട് കാണാന്‍ പോയപ്പോള്‍ പോലും  ചതിച്ചിട്ടില്ലാത്ത തന്റെ രണ്ടു കണ്ണുകളേയും വിശ്വസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. താന്‍ കാണുന്നത് എതോ സ്വപ്നമാണോ എന്നറിയാന്‍ വേണ്ടി സ്വന്തം കൈകളില്‍ നുള്ളി നോക്കി, നല്ല വേദനയുണ്ട് , ഇത് സ്വപ്നമല്ല യാഥാര്‍ത്യം തന്നെയാണ്.അപ്രതീക്ഷിതമായി അവള്‍ മുമ്പില്‍ വന്നു രാമുവല്ലേ എന്നു ചോദിച്ചപ്പോള്‍ കൈവിട്ട് പോയ സ്വന്തം പട്ടത്തെ നോക്കി അമ്പരന്നു നില്‍ക്കുന്ന കൊച്ചുകുട്ടിയേ പോലെയായി അവന്‍ മാറി,  ഓര്‍മ്മകള്‍ അവനെ കുറെ വര്‍ഷങ്ങള്‍ പുറകിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയി.

കോളേജിലെ രണ്ടാം വര്‍ഷം,ജൂനിയേഴ്സിന്റെ ഇന്റെറ്വ്യൂന്റെ സമയമാണു. ക്ളാസും കട്ട് ചെയ്തു കൂട്ടുകാരോടൊപ്പം കന്റീന്റെ പരിസരത്തിരുന്നു അതു വഴി പോകുന്ന പെണ്‍കുട്ടികളുടെ എണ്ണവും എടുത്തു കൊണ്ടിരിക്കുമ്പോളാണു, ഒരു നീണ്ടു മെലിഞ്ഞ സുന്ദരിയായ ഒരു കിടാവ് അച്ഛനോടൊപ്പം ഇന്റെര്‍വ്യൂവിനു വരുന്നത്.അവരുടെ കണ്ണുകള്‍ തമ്മിലൊന്നു ഇടഞ്ഞു, ജീവിതത്തില്‍ ഇതു വരെ ഒരിക്കല്‍ പോലും കാണാത്ത രാമുവിനേ നോക്കി ആ പെണ്‍കുട്ടി പുഞ്ചിരിച്ചു, വളരെ നാളായി പട്ടിണി കിടന്നവന്റെ മുമ്പില്‍ വന്നു വീണ ഒരു മധുരമുള്ള മാമ്പഴമായിരുന്നു രാമുവിനു ആ പുഞ്ചിരീ,അവന്‍ മനസ്സില്‍ ഓര്‍ത്തു " ഈശ്വരാ ഇതു വരെ തന്റെ ഈ മോന്ത നോക്കി ഒരുത്തിയും ചിരിച്ചിട്ടില്ല ഇനിയെങ്ങാനും ആളു മാറിയതാണോ",ദാഹജലത്തിനായി കൊതിക്കുന്ന വേഴാമ്പല്‍ പോലെ എതെങ്കിലും ഒരു സുന്ദരിയുടെ നോട്ടതിനായി കാത്തിരുന്ന രാമുവിനു ആ ചിരി തന്നെ അവന്റെ സ്വപ്നങ്ങള്‍ക്കു പുതിയ നിറങ്ങള്‍ നല്‍കാന്‍ ധാരാളമായിരുന്നു.പിന്നെ ഒന്നും ആലോചിച്ചില്ല ഒരു യന്ത്രം കണക്കെ അവന്‍ അവളുടെ പിന്നാലെ ഇന്റെര്‍വ്യൂ നടക്കുന്ന ഹാളിന്റെ സമീപത്തിലേക്കു ചെന്നു. അവള്‍ക്കു അവിടെ തന്നെ അഡ്മിഷന്‍ കിട്ടണേ എന്നു മനസ്സില്‍ സകല ദൈവങ്ങളേയും വിളിച്ചു പ്രര്‍ത്ഥിച്ചു കൊണ്ട് അവിടെ നിന്നു.കുറെ സമയത്തിനു   ശേഷം അതാ അവള്‍ ഹാളിന്റെ പുറത്തേക്കു വരുന്നു.അവള്‍ അവനെ നോക്കി പിന്നേയും ചിരിച്ചു, ഡീസലു തീര്‍ന്നു കിടന്ന വണ്ടിക്കു ഫുള്‍ടാങ്ക് ഡീസല്‍ അടിച്ചപോലെ തളര്‍ന്നു നിന്ന രാമുവിനു ആ ചിരി ഒരു പുതിയ ഊര്‍ജ്ജ്യം നല്‍കി, ആ ഊര്‍ജ്ജ്യം അവനെ  2 കിലോമിറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പ് വരെ അവളുടെ  പിന്നാലെ പോകുവാന്‍ ശക്തനാക്കിയിരുന്നു. രാമുവിനു ജീവിതം മനോഹരമായതു പോലെ തോന്നി, അവന്‍ കാത്തിരുന്നു, മനസ്സില്‍ നിറയേ ആ പെണ്‍കുട്ടിയുടെ ചിരിയുമായി.


അവന്റെ കാത്തിരിപ്പിനു സമാപ്തി വരുത്താനെന്നവണ്ണം ആ ദിവസം വന്നെത്തി..പുതിയ കൂട്ടുകാര്‍ വരുന്ന ദിവസം!. രാമു പുതിയ കുട്ടികളുടെ ഇടയില്‍ ആ നീണ്ടുമെലിഞ്ഞ സുന്ദരികുട്ടിയേ തപ്പി നടന്നു, ഒടുവില്‍ അവന്‍ അന്വേഷിച്ചത് കണ്ടെത്തി, തന്നെ നോക്കി പ്രേമഭാവത്തില്‍ ചിരിച്ച സുന്ദരി അതാ BA ഇക്ണോമിക്സ് ക്ലാസില്‍.കടും നില നിറത്തിലുള്ള ചുരിദാറുമുടുത്ത് ക്ളാസിന്റെ ഒരു മൂലയിലിരുന്ന അവള്‍ കൂടുതല്‍ സുന്ദരിയായതു പോലെ..അവരുടെ കണ്ണുകള്‍ തമ്മില്‍വീണ്ടും കൂട്ടിമുട്ടി ആ മുട്ടലിനോടൊപ്പം തന്നെ അവളുടെ ചുണ്ടുകള്‍ രാമുവിനെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു...ദേ പിന്നേയും അവള്‍ ചിരിക്കുന്നു ദൈവമേ  എനിക്കു എന്തിനിത്ര സൌന്ദര്യം തന്നു അറിയാതെ അവന്‍ മനസ്സില്‍ പറഞ്ഞു പോയി.. അവന്‍ പതുക്കെ പരിചയപ്പെടാനെന്ന ഭാവത്തില്‍ അവളുടെ സമീപത്തിലേക്കു ചെന്നു..ഹ്രിദയത്തില്‍ ഒരു പെരുമ്പറയുടെ കൊട്ടല്‍ തന്നെ തുടങ്ങിയിരുന്നു.. വിറയ്ക്കുന്ന ശബ്ദത്തോടെ അവന്‍ അവളോടു ചോദിച്ചു " എന്താ കുട്ടി എന്നേ നോക്കി അന്നു ചിരിച്ചത്.. പറയാന്‍ നാണമാണെങ്കില്‍ പറയെണ്ട എഴുതി തന്നാല്‍ മതി "...അവനെ ഞെട്ടിച്ചു കൊണ്ട് അവളുടെ മറുപടി ഉടനെ തന്നെ വന്നു " നാണമൊന്നുമില്ല ചേട്ടാ.. ചേട്ടന്റെ ആ കുറ്റിതാടി കണ്ടപ്പോള്‍ വീട്ടിലെ ആടിന്റെ കാര്യമോര്‍ത്ത് ചിരിച്ചതാ".. ഇതു കെട്ട് നെഞ്ചു തകര്‍ന്നു പോയ രാമു തന്റെ സൌന്ദര്യത്തെ വെറും ഒരു പീറ ആടിനോടു താരതമ്യപ്പെടുത്തിയതില്‍ തീര്‍ത്തും നിരാശനും ആശങ്കകൂലനും ആയി...  ആട് ചിരി വളര്‍ന്നു പ്രണയ ചിരിയായി മാറാന്‍ അധികം താമസിച്ചില്ല.

പക്ഷേ ആ പ്രണയം അധികം നീണ്ടു നില്‍ക്കാന്‍ കാലം സമ്മതിച്ചില്ല..സുന്ദരിമാരുടെ ചിരി ബലഹീനതയായുള്ള രാമുവിനു വേറെയും പ്രണയങ്ങളുടെന്ന് എതോ പാരകള്‍ അവളെ വിശ്വസിപ്പിച്ചിരുന്നു..അങ്ങനെ അന്നു പൊട്ടിയ ത്ന്റെ ആദ്യ പ്രണയത്തിലെ നായിക ഇതാ ഒരു മൂന്നു വയസുള്ള പെണ്‍കുഞ്ഞിനേയും പിടിച്ചു തന്റെ മുമ്പില്‍ നില്‍ക്കുന്നു. ആ കുഞ്ഞിനെ നോക്കി " എനിക്കു പിറക്കാതെ പോയ മൊളാണു മോളേ നീ " എന്നു അവനു പറയണമെന്നു തോന്നി. പോകാന്‍ നേരം അവന്‍ അവളോട് ചോദിച്ചു"വീട്ടിലേ ആടുകളൊക്കെ സുഖമായിരിക്കുന്നോ "... തിരിഞ്ഞു നടന്ന അവള്‍ അവനെ നോക്കി ഒന്നു ചിരിച്ചു. പഴയ ആ ആടുചിരി. അപ്പോള്‍ എവിടെ നിന്നോ ഒരു ആടിന്റെ കരച്ചില്‍ ആ രംഗം കൊഴുപ്പിക്കാനെന്നവണ്ണം അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു.




വ്യാഴാഴ്‌ച, ജൂലൈ 04, 2013

മറവി

മറവി എല്ലാവര്‍ക്കും പറ്റും എന്നാല്‍ ഒരു മറവി കാരണം പേരു തന്നെ മാറിയാലോ, കഴിഞ്ഞ ദിവസം ബാങ്കില്‍ അകൌണ്ട് എടുക്കാന്‍ വന്ന ഒരു സ്‌ത്രീയുടെ പേരു കേട്ട് കുന്തം വിഴുങ്ങി നിന്നു പോയി, അവരുടെ പേരു ഷാ എന്നാണത്രേ , ഷാ എന്ന പേരു ഒരു സ്‌ത്രിയ്ക്കോ ആര്‍ക്കാണു കുഴപ്പം തനിക്കോ അവര്‍ക്കോ .. അപ്പോഴാണു അവരുടെ പേരു വന്ന വഴി അവര്‍ പറയുന്നതു, അഛനും അമ്മയ്‌ക്കും കൂടി ആറ്റു നോറ്റ് കിട്ടിയ പെണ്‍തരിയായിരുന്നു അവര്‍ വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കള്‍ക്കു മകളെ വിദ്യാഭ്യാസം ചെയ്യിപ്പിക്കണമെന്നു നിര്‍ബന്ഡമുണ്ടായിരുന്നു.
അങ്ങനെ മകളെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള ദിവസം വന്നെത്തി . ശാലിനി എന്നു നല്ലൊരു പേരും കണ്ടെത്തി ... വിദ്യാഭ്യാസം തീരെ ഇല്ലാത്ത മാതാവിനൊടൊപ്പം സ്‌കൂളിലേക്കു അവര്‍ പോയി. വഴിയിലുടനീളം ആ അമ്മ മക്ളുടെ പേരു ശാലിനി എന്നു മനസ്സില്‍ പറയുന്നുണ്ടായിരുന്നു.. പക്ഷേ സ്‌കൂളിന്റെ മുറ്റത്തു എത്തിയതും ശാലിനി എന്ന പേര്‍ അവര്‍ മറന്നു പോയത്രെ.. അവസാനം അവര്‍ കഷ്ടിച്ചു ഓര്‍ത്തെടുത്ത പേരാണു ശാലിനിയുടെ ആദ്യ അക്ഷരമായ ഷാ,, അങ്ങനെ ലോകത്താദ്യമായി ഒരു സ്‌ത്രീയുടെ പേരു ഷാ എന്നായി തീര്‍ന്നത്രേ..

എന്താ ആ കുട്ടിയേ ചേര്‍ത്ത സാറും മണ്ടനായിരുന്നോ അതോ അവരുടെ കഥ കേട്ട് വിശ്വസിച്ച ഞാനോ മണ്ടന്‍?.. ഉത്തരം കിട്ടാത്ത സമസ്യയുമായി വീണ്ടും ഈ ഞാന്‍......  ,  എന്തായാലും പേരു കാര്‍ത്തികയെന്നോ കാവേരിയെന്നോ ഇടാഞ്ഞിരുന്നതു അവരുടെ ഭാഗ്യം അല്ലെങ്കില്‍ ജീവിത കാലം മുഴുവന്‍ എടി 'കാ" യേ എന്നുള്ള വിളിയും കേട്ടു നടന്നേനേയും അവര്‍.
Related Posts Plugin for WordPress, Blogger...