അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ചൊവ്വാഴ്ച, ഏപ്രിൽ 30, 2019

മൊഞ്ചത്തി

ബാങ്കിൽ അന്ന് പതിവിൽ കൂടുതൽ തിരക്കായിരുന്നു.ക്ഷേമ പെൻഷന്റെയും  തൊഴിലുറപ്പിന്റെയുമൊക്കെ ക്യാഷ് എടുക്കാനും മറ്റും അവിടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു . തിരക്കിനിടയിൽ ഒരു കൊച്ചു കുട്ടി അതിന്റെ മുത്തശ്ശിയുടെ കൈയിലിരുന്ന്‌  കുഞ്ഞിളം മോണ കാട്ടി എന്നെ തന്നെ നോക്കി ചിരിക്കുന്നു. അന്ന് ഒരു  വെള്ളിയാഴ്ച്ച ദിവസമായിരുന്നു .അകലെയുള്ള പള്ളിയിൽ  നിന്നു ബാങ്കുവിളി അന്തരീക്ഷത്തിൽ  മുഴങ്ങി കേൾക്കുന്നുണ്ട്. ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഘടികാരത്തിന്റെ സൂചികൾക്ക് വേഗത തീരെ ഇഷ്ട്ടപ്പെടാത്തത് പോലെ ഇഴഞ്ഞു ഇഴഞ്ഞു സമയം നീക്കികൊണ്ടിരുന്നു.
ആ വിരസതയിൽ അപ്രതീക്ഷമായിട്ട് സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന മാലാഖ പോലെ  മൈലാഞ്ചി കൈകൾ ഉള്ള  മൊഞ്ചത്തി എന്റെ മുമ്പിൽ വന്നത് .

തട്ടത്തിനുള്ളിൽ തിളങ്ങുന്ന വെള്ളാരം കല്ലുകൾ പോലുള്ള പല്ലുകൾ പുറത്തു കാട്ടി അവൾ എന്നെ നോക്കി ഒന്ന് മന്ദഹസിച്ചു.അവളുടെ  കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു അവളുടെ മൊഞ്ച് കണ്ട് സർവ്വ നിയന്ത്രണവും വിട്ടു നിന്ന എന്നിലെ ഉപഭോക്ത സേവകൻ  സടകുടഞ്ഞ് എഴുന്നേറ്റു .ഉപഭോക്താവാണ് ദൈവം  എന്ന ഗാന്ധിജി പറഞ്ഞ വാക്കുകൾ ഞാൻ മനസ്സിൽ  തിരുത്തി ഉപഭോക്താവാണ്  മാലാഖ. അത് ഇപ്പോൾ എന്റെ മുമ്പിൽ നിൽക്കുന്ന ഈ മൊഞ്ചത്തിയാണ് .ഇതുവരെ കല്യാണം കഴിക്കാത്ത എന്നിലെ നയിഷിക ബ്രഹ്മചാരിക്ക്  വേണ്ടി ദൈവം തമ്പുരാൻ സൃഷ്‌ടിച്ചതായിരിക്കും ഈ മൊഞ്ചത്തിയെ .ബാപ്പയോട് പറഞ്ഞു ഇന്ന് തന്നെ ഒരു തീർപ്പുണ്ടാക്കണം.. 

"എന്താണ് കുട്ടി ഞാൻ ചെയ്തു തരേണ്ടത് ". വിറയാർന്ന ശബ്ദത്തോടെ ഞാൻ ആരാഞ്ഞു. "സർ എനിക്ക് ഒരു അക്കൗണ്ട് തുറക്കണം". അവളുടെ വായിൽ നിന്ന് വന്ന ഓരോ മൊഴികളും  വേനൽ മഴയുടെ ഓരോ മഴതുള്ളികളായി  വരണ്ട്കീറിയ മരുഭൂമി സമാനമായ എന്റെ ഹൃദയത്തിൽ വീണു കുതിർന്നു നനവ് പകർന്നു കൊണ്ടിരുന്നു .
ഒരു അക്കൗണ്ട്‌ അല്ല ഒരു ആയിരം അക്കൗണ്ട്‌ വേണമെങ്കിൽ തുറക്കാം എന്ന് മനസിൽ ഞാൻ പറഞ്ഞു .അവളുടെ ഹൃദയത്തിൽ പ്രണയത്തിന്റെ അക്കൗണ്ട് തുറക്കാൻ എന്നിലെ കാമുക മനസ്സ് വെമ്പി.നിമിഷനേരം കൊണ്ട് ആ മൊഞ്ചത്തിക്കു വേണ്ട എല്ലാ കാര്യങ്ങളും മറ്റെല്ലാ ജോലിയും മാറ്റി വച്ചു ഞാൻ വേഗത്തിൽ ചെയ്തു കൊടുത്തു.
മൊഞ്ചതിയുടെ ഫോൺ നമ്പറും ഒരു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും  തഞ്ചത്തിൽ ഒപ്പിച്ചു. ഇന്ന് തന്നെ വീട്ടുകാരെ കൊണ്ട് വിളിപ്പിക്കണം.എന്നിട്ട് വേണം അവളെ എന്റെ സ്വപ്ന കൊട്ടാരത്തിലെ  ഹൂറി ആക്കാൻ..  മനസ്സ് നിയത്രണം വിട്ട കുതിരേയെ പോലെ പാഞ്ഞു കൊണ്ടിരിക്കുന്നു 

"വളരെ നന്ദി സാർ ,ഇത്രയും വേഗത്തിൽ അക്കൗണ്ട് ആരംഭിക്കാൻ സഹായിച്ചതിന്"..അവളുടെ കിളി നാദം എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി. ആ നന്ദി വാക്കുകൾ വാക്കുകൾ എന്നെ രോമാഞ്ച പുളകിതനാക്കി. പക്ഷെ അവളുടെ അടുത്ത വാക്കുകൾ ആ പുളകങ്ങൾ എല്ലാം തകർക്കുന്നതായിരുന്നു. അത് ഒരു അസ്ത്രം കണക്കെ എന്റെ പ്രണയകൊട്ടാരത്തെ നിർദാക്ഷിണ്യം തകർത്തു കളഞ്ഞു.  "സർ ഈ അകൗണ്ട് തുറന്നിട്ട്‌ വേണം എനിക്ക് അക്കൗണ്ട്‌ നമ്പർ ആശുപത്രിയിൽ കൊണ്ട് പോയി കൊടുക്കാൻ. പ്രസവത്തിനുള്ള തുക സർക്കാരിൽ നിന്ന് ലഭിക്കാൻ വേണ്ടിയാണ്.".അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

ഞാൻ തലയുയർത്തി നോക്കിയപ്പോൾ  മുത്തശ്ശിയുടെ കൈയിലിരുന്ന കൊച്ചുകുട്ടി അപ്പോഴും എന്നെ തന്നെ നോക്കി മോണകാട്ടി ചിരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു..






4 അഭിപ്രായങ്ങൾ:

  1. വായിക്കുക, പ്രോത്സാഹിപ്പിക്കുക.തെറിയായിട്ടാണെങ്കിലും വല്ലപ്പോഴും ഒരു്‌ കമന്റൊക്കേ അടിച്ചിട്ടു പോകുക...

    മറുപടിഇല്ലാതാക്കൂ
  2. ഒരു കോഴി പൊരിച്ചത് പാർസൽ...😂🤣

    മറുപടിഇല്ലാതാക്കൂ
  3. ഒരു പാർസൽ ഇവിടെയും

    മറുപടിഇല്ലാതാക്കൂ

എല്ലാവര്‍ക്കും സ്വാഗതം,

അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....

ദേ.....ഇവിടെ

Related Posts Plugin for WordPress, Blogger...