അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....
പ്രണയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രണയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, മാർച്ച് 06, 2020

പറയാതെ പോയത്..

ചിലപ്പോൾ ഓർമ്മകൾ നമ്മളെ അതിന്റെ ചിറകിലേറ്റി സ്വപ്‌നങ്ങളുടെ പറുദീസയിലേക്ക് വിരുന്ന് കൊണ്ട് പോകാറുണ്ട്. അവിടെ കാണുന്ന വിസ്മയ കാഴ്ചകൾ നമ്മളെ ഒരിക്കൽ കൂടി ആ കാലത്തിലേക്ക് തിരിച്ചു പോകാൻ വല്ലാതെ മോഹിപ്പിക്കും. കഴിഞ്ഞ  കാലത്തെ തിരിച്ചു പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പലതും നമ്മൾ തിരുത്താൻ ശ്രമിച്ചേനെ.കൗമാരക്കാലത്തെ ഓർമ്മകൾക്ക് ഹൃദയത്തിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ട്. ആ ഓർമ്മപൂക്കൾക്ക് പനീർപ്പൂവിന്റെ ഒരു സുഗന്ധമുണ്ട്. ചില വേദനകൾ പിന്നീട് ഓർക്കുമ്പോൾ സുഖമുള്ളൊരു നീറ്റലായി ഹൃദയത്തിന്റെ ഒരു കോണിൽ അണയാത്ത കനലായി നീറി പുകയുന്നുണ്ടായിരിക്കും...

പതിനേഴിന്റെ  പ്രായം പതിനേഴാം രാവിലെ ചന്ദ്രനെ പോലെ കൂടുതൽ മനോഹരമാകുന്നത്  അതിന് പ്രണയത്തിന്റെ തലോടൽ കൂടി ഉണ്ടാകുമ്പോഴാണ്. നമ്മുടെ നായകൻ സാമുവിനും പ്രായം പതിനേഴു മാത്രം. പ്രണയത്തിന്റെ ആദ്യ വിത്തുകൾ അവന്റെ ഹൃദയമാകുന്ന പൂന്തോട്ടത്തിൽ വാരി വിതറിയതും ഒരു പതിനേഴുകാരിയായ  സിന്ധുവാണ്. രണ്ടും പേരും അടുത്തുള്ള  കോളേജുകളിലെ  പ്രീഡിഗ്രി വിദ്യാർത്ഥികൾ.സാമു ഒരു സത്യ ക്രിസ്ത്യാനിയും സിന്ധു ഒരു നായര് പെൺകുട്ടിയും. ട്യുക്ഷൻ സെന്ററിൽ  വച്ചാണ്  സാമു സിന്ധുവിനെ ആദ്യമായി കാണുന്നത്..ആദ്യമായി കണ്ടപ്പോൾ, അന്നുടുത്ത മഞ്ഞ ചുരിദാറിൽ അവൾ കൂടുതൽ മനോഹാരിയായിരുന്നു.
ആദ്യം നോട്ടത്തിൽ തന്നെ അവനു ശാലീന സുന്ദരിയായ അവളോട്‌  വല്ലാത്തൊരു  ഇഷ്ട്ടം തോന്നി .അവൻ 
അറിയാതെതന്നെ സിന്ധുവിനോട് ഉള്ള ഇഷ്ട്ടം കൂടി കൂടി വന്നു...
ഓരോ നിമിവും അവളോട്‌  സംസാരിക്കാൻ അവൻ  അവസരം കാത്തു നിന്നു..അവളോട്‌ സംസാരിക്കുമ്പോൾ തന്റെ ഹൃദയത്തിന്റെ താളം ബാന്റടിമേളം പോലെ  വേഗതയാർജ്ജിക്കുന്നത് അവൻ അറിഞ്ഞിരുന്നു. തന്നെ വെറുക്കുമോ, ഇഷ്ട്ടമല്ല എന്ന് പറയുമോ എന്നൊക്കെയുള്ള  ഭയത്താൽ അവൻ തന്റെ പ്രണയം അവളോട്‌  പറയാതെ ഇരുന്നു. ഇംഗ്ലീഷ് ക്ലാസ്സിൽ പ്രേമചന്ദ്രൻ സർ പ്രണയ കാവ്യമായ റോമിയോ ജൂലിയറ്റ് പഠിപ്പിക്കുമ്പോൾ റോമിയോ ആയി അവനും ജൂലിയറ്റായി അവളും അവന്റെ പകൽ കിനാക്കളിൽ വേഷപകർച്ച ആടുകയായിരുന്നു.അങ്ങനെ അവൻ ക്ലാസ്സിൽ വരുന്നത് തന്നെ അവളുടെ ദർശന സൗഭാഗ്യത്തിനു വേണ്ടി മാത്രമായിരുന്നു.

പതുക്കെ പതുക്കെ അവന്റെ ഹൃദയത്തിന്റെ താളമായി അവൾ മാറുകയായിരുന്നു. അവന്റെ കിനാക്കൾ കൂടുതൽ വർണ്ണശബളമായി മാറിക്കൊണ്ടിരുന്നു. പ്രണയ സാഫല്യത്തിനായി അവൻ കൊതിച്ചു. പക്ഷെ  സാമുവിന്റെ പ്രണയം വെറും ഒരു പൈങ്കിളി  പ്രണയമായി കരുതി അവൾ അവനോട്  തീരെ താത്പര്യം ഇല്ലാത്ത പോലെ പെരുമാറാൻ തുടങ്ങി.അത് അവന്റെ ഹൃദയത്തിൽ  വേദനയുടെ ഒരു  കനലായി നീറി പുകയാൻ ആരംഭിച്ചു .ഒരിക്കൽ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ  ബിജോയോടും ദീപക്കിനോടും സംസാരിച്ചു കൊണ്ട്  നിന്ന സാമുവിനോട് കോപത്തോട്  ഇനി മേലാൽ തന്റെ പുറകിൽ നടക്കരുത് എന്നവൾ കൈചുണ്ടി കൊണ്ട് ഗർജ്ജിക്കുമ്പോൾ അവന്റെ ഹൃദയത്തിലെ ആ കനൽ ഒരു കാട്ടുതീയായി ആളിപടർന്നു അവനിലെ പ്രണയമാകുന്ന പുൽനാമ്പിനെ നിഷ്ക്കരുണം വെന്ത് വെണ്ണീറാക്കി മാറ്റിയിരുന്നു.അതിനു ശേഷം അവർ തമ്മിൽ അധികം സംസാരിച്ചിരുന്നില്ല. അവൾ അവനെ ഒന്ന് നോക്കാൻ പോലും തയാറായിരുന്നില്ല.അത് അവനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പ്രീഡിഗ്രി പരീക്ഷയൊക്കെ കഴിഞ്ഞു,  ട്യുക്ഷൻ സെന്ററിലെ സെന്റോഫും  കഴിഞ്ഞു എല്ലാവരും പല വഴിക്ക് പോയി.പ്രീഡിഗ്രി പരീക്ഷയുടെ ഫലം കോളേജിൽ പോയി നോക്കി തിരിച്ചു പോകാനുള്ള ബസ്സും കാത്ത് ബസ്സ്റ്റാൻഡിൽ നിന്ന അവന്റെ അടുത്തേക്ക് സിന്ധു  അപ്രതീക്ഷിതമായി ഒരു  ചിത്രശലഭം കണക്കെ  നിറഞ്ഞ പുഞ്ചിരിയോടെ പറന്നു വന്നു..അവൾ അന്നണിഞ്ഞ മഞ്ഞ ചുരിദാറിൽ അവരുടെ ആദ്യ ദര്ശനത്തിനെക്കാളും സുന്ദരിയായി അവനു തോന്നി.അന്ന് പതിവില്ലാത്തതു പോലെ അവൾ അവനോട് വളരെ അധികം സംസാരിച്ചു..അവളുടെ അപ്രതീക്ഷിതമായ ആ പ്രവൃത്തിയിൽ അവനു അത്ഭുതം തോന്നി.. അവളുടെ ഒരു നോട്ടത്തിനായി ഒരു വാക്കിനായി കൊതിയോടെ കഴിഞ്ഞ രണ്ടു വർഷക്കാലം കാത്തിരുന്ന അവനു അത് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു.. 
ഒടുവിൽ അവൾ തന്റെ മനസ്സ് കൊണ്ട് പറയാതെ പോയത് അവനോട് പറയാതെ പറഞ്ഞു.. "സാമു നിന്നോട് ഉള്ള ഇഷ്ട്ടം കാരണം
എന്റെ മനസ്സിൽ ഒരു പേടി തോന്നി തുടങ്ങിയിരുന്നു.. 
ഒരു നാൾ ഇത് എല്ലാം അവസാനിച്ചാൽ...??
ഓർക്കാൻ പോലും കഴിഞ്ഞില്ല".. 
അവൾ അവനോട് ചോദിച്ചു "നിനക്ക് ഒരു നായര് ചെക്കനായി ജനിച്ചു കൂടായിരുന്നോ".. അത് പറയുമ്പോൾ അവളുടെ കണ്ണിൽ ചെറിയ നനവ് പടരുന്നതായി അവനു തോന്നി.. അവൾക്ക് പോകാനുള്ള ബസ്സ്‌ സ്റ്റാൻഡിലേക്ക് വരുന്നത് അവരുടെ ആ സ്നേഹത്തിന്റെ വഴിയോരത്തിലെ ലാസ്റ്റ് ബസ്സ് പോലെ അവനു തോന്നി.. "ഇനി ഒരിക്കലും നമ്മൾ കാണില്ല അല്ലേ സിന്ധു" പോകുന്നതിന് മുമ്പേ ഹൃദയത്തിലെ ഒരു വിങ്ങലായി അവന്റെ ശബ്ദം ഇടറി വീണു... അവരുടെ കണ്ണുകൾ തമ്മിൽ അവസാനമായി ഒരിക്കൽ കൂടെ ഇടഞ്ഞു..പറയാൻ മറന്ന ഓരോ വാക്കുകളും ആ മിഴികളിൽ അവൾ ഒളിപ്പിച്ചു വച്ചിരുന്നു.
സമുവിന്റെ മനസ്സ് മന്ത്രിച്ചു  "പ്രിയ സിന്ധു നിന്റെ ഓർമ്മകൾ... നമ്മൾ ഒന്നിച്ചുള്ള വളരെ കുറച്ചു നിമിഷങ്ങൾ.. ഇവ എല്ലാം ഒരു സുഖമുള്ള നൊമ്പരമായി ഹൃദയത്തിന്റെ ചെപ്പിനുള്ളിൽ ജീവിത  അവസാനം വരെ  ഭദ്രമായി ഞാൻ സൂക്ഷിച്ചു വച്ചിരിക്കും....". അങ്ങ് ദൂരെ കറുത്ത പുകയും ചീറ്റി പോകുന്ന ആ ആനവണ്ടിയിൽ  നിന്നും ഒരു മഞ്ഞ ചുരിദാറിന്റെ ഷാൾ പുറത്തേയ്ക്ക് അപ്പോൾ പാറി പറക്കുന്നുണ്ടായിരുന്നു..


NB :കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം. :-)

ചൊവ്വാഴ്ച, ഏപ്രിൽ 30, 2019

മൊഞ്ചത്തി

ബാങ്കിൽ അന്ന് പതിവിൽ കൂടുതൽ തിരക്കായിരുന്നു.ക്ഷേമ പെൻഷന്റെയും  തൊഴിലുറപ്പിന്റെയുമൊക്കെ ക്യാഷ് എടുക്കാനും മറ്റും അവിടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു . തിരക്കിനിടയിൽ ഒരു കൊച്ചു കുട്ടി അതിന്റെ മുത്തശ്ശിയുടെ കൈയിലിരുന്ന്‌  കുഞ്ഞിളം മോണ കാട്ടി എന്നെ തന്നെ നോക്കി ചിരിക്കുന്നു. അന്ന് ഒരു  വെള്ളിയാഴ്ച്ച ദിവസമായിരുന്നു .അകലെയുള്ള പള്ളിയിൽ  നിന്നു ബാങ്കുവിളി അന്തരീക്ഷത്തിൽ  മുഴങ്ങി കേൾക്കുന്നുണ്ട്. ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഘടികാരത്തിന്റെ സൂചികൾക്ക് വേഗത തീരെ ഇഷ്ട്ടപ്പെടാത്തത് പോലെ ഇഴഞ്ഞു ഇഴഞ്ഞു സമയം നീക്കികൊണ്ടിരുന്നു.
ആ വിരസതയിൽ അപ്രതീക്ഷമായിട്ട് സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന മാലാഖ പോലെ  മൈലാഞ്ചി കൈകൾ ഉള്ള  മൊഞ്ചത്തി എന്റെ മുമ്പിൽ വന്നത് .

തട്ടത്തിനുള്ളിൽ തിളങ്ങുന്ന വെള്ളാരം കല്ലുകൾ പോലുള്ള പല്ലുകൾ പുറത്തു കാട്ടി അവൾ എന്നെ നോക്കി ഒന്ന് മന്ദഹസിച്ചു.അവളുടെ  കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു അവളുടെ മൊഞ്ച് കണ്ട് സർവ്വ നിയന്ത്രണവും വിട്ടു നിന്ന എന്നിലെ ഉപഭോക്ത സേവകൻ  സടകുടഞ്ഞ് എഴുന്നേറ്റു .ഉപഭോക്താവാണ് ദൈവം  എന്ന ഗാന്ധിജി പറഞ്ഞ വാക്കുകൾ ഞാൻ മനസ്സിൽ  തിരുത്തി ഉപഭോക്താവാണ്  മാലാഖ. അത് ഇപ്പോൾ എന്റെ മുമ്പിൽ നിൽക്കുന്ന ഈ മൊഞ്ചത്തിയാണ് .ഇതുവരെ കല്യാണം കഴിക്കാത്ത എന്നിലെ നയിഷിക ബ്രഹ്മചാരിക്ക്  വേണ്ടി ദൈവം തമ്പുരാൻ സൃഷ്‌ടിച്ചതായിരിക്കും ഈ മൊഞ്ചത്തിയെ .ബാപ്പയോട് പറഞ്ഞു ഇന്ന് തന്നെ ഒരു തീർപ്പുണ്ടാക്കണം.. 

"എന്താണ് കുട്ടി ഞാൻ ചെയ്തു തരേണ്ടത് ". വിറയാർന്ന ശബ്ദത്തോടെ ഞാൻ ആരാഞ്ഞു. "സർ എനിക്ക് ഒരു അക്കൗണ്ട് തുറക്കണം". അവളുടെ വായിൽ നിന്ന് വന്ന ഓരോ മൊഴികളും  വേനൽ മഴയുടെ ഓരോ മഴതുള്ളികളായി  വരണ്ട്കീറിയ മരുഭൂമി സമാനമായ എന്റെ ഹൃദയത്തിൽ വീണു കുതിർന്നു നനവ് പകർന്നു കൊണ്ടിരുന്നു .
ഒരു അക്കൗണ്ട്‌ അല്ല ഒരു ആയിരം അക്കൗണ്ട്‌ വേണമെങ്കിൽ തുറക്കാം എന്ന് മനസിൽ ഞാൻ പറഞ്ഞു .അവളുടെ ഹൃദയത്തിൽ പ്രണയത്തിന്റെ അക്കൗണ്ട് തുറക്കാൻ എന്നിലെ കാമുക മനസ്സ് വെമ്പി.നിമിഷനേരം കൊണ്ട് ആ മൊഞ്ചത്തിക്കു വേണ്ട എല്ലാ കാര്യങ്ങളും മറ്റെല്ലാ ജോലിയും മാറ്റി വച്ചു ഞാൻ വേഗത്തിൽ ചെയ്തു കൊടുത്തു.
മൊഞ്ചതിയുടെ ഫോൺ നമ്പറും ഒരു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും  തഞ്ചത്തിൽ ഒപ്പിച്ചു. ഇന്ന് തന്നെ വീട്ടുകാരെ കൊണ്ട് വിളിപ്പിക്കണം.എന്നിട്ട് വേണം അവളെ എന്റെ സ്വപ്ന കൊട്ടാരത്തിലെ  ഹൂറി ആക്കാൻ..  മനസ്സ് നിയത്രണം വിട്ട കുതിരേയെ പോലെ പാഞ്ഞു കൊണ്ടിരിക്കുന്നു 

"വളരെ നന്ദി സാർ ,ഇത്രയും വേഗത്തിൽ അക്കൗണ്ട് ആരംഭിക്കാൻ സഹായിച്ചതിന്"..അവളുടെ കിളി നാദം എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി. ആ നന്ദി വാക്കുകൾ വാക്കുകൾ എന്നെ രോമാഞ്ച പുളകിതനാക്കി. പക്ഷെ അവളുടെ അടുത്ത വാക്കുകൾ ആ പുളകങ്ങൾ എല്ലാം തകർക്കുന്നതായിരുന്നു. അത് ഒരു അസ്ത്രം കണക്കെ എന്റെ പ്രണയകൊട്ടാരത്തെ നിർദാക്ഷിണ്യം തകർത്തു കളഞ്ഞു.  "സർ ഈ അകൗണ്ട് തുറന്നിട്ട്‌ വേണം എനിക്ക് അക്കൗണ്ട്‌ നമ്പർ ആശുപത്രിയിൽ കൊണ്ട് പോയി കൊടുക്കാൻ. പ്രസവത്തിനുള്ള തുക സർക്കാരിൽ നിന്ന് ലഭിക്കാൻ വേണ്ടിയാണ്.".അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

ഞാൻ തലയുയർത്തി നോക്കിയപ്പോൾ  മുത്തശ്ശിയുടെ കൈയിലിരുന്ന കൊച്ചുകുട്ടി അപ്പോഴും എന്നെ തന്നെ നോക്കി മോണകാട്ടി ചിരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു..






ചൊവ്വാഴ്ച, ജൂൺ 20, 2017

ചിറകുകൾ

എന്റെ പ്രണയത്തിന്റെ രണ്ട് ചിറകുകളാണ് കാത്തിരിപ്പും വിരഹവും.,,
അവ രണ്ടും ഇല്ലായിരുന്നെങ്കിൽ  എന്റെ പ്രണയത്തിനു ഇത്രമേൽ ഉയരത്തിൽ പറക്കാനാകില്ലായിരുന്നു ..
ആകാശനീലിമയോളം ചെന്ന് മേഘ സുന്ദരിമാരെ തൊട്ട് തലോടാൻ  കഴിയില്ലായിരുന്നു ..
കത്തുന്ന സൂര്യ പ്രഭയിലും വാടാതെ നിന്നതു കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും  താപം സൂര്യതാപത്തെക്കാൾ കഠിനമായത് കൊണ്ടാകാം..
എന്റെ പ്രണയമേ നീ ഭാഗ്യവതിയാണ് ...ഇനിയും  ഉയരെ പറക്കുക ..നക്ഷത്ര ഗോളങ്ങളെയും താണ്ടി ഉയരത്തിലേക്ക് ...

വ്യാഴാഴ്‌ച, ഓഗസ്റ്റ് 20, 2015

പേരറിയാത്ത സുന്ദരി

ജോലി തേടി ബാഗ്ളൂറില്‍ എത്തിയപ്പോള്‍ താമസിക്കുവാന്‍ ഒരു വീട് വാടകയ്ക്കു കിട്ടിയത് ഒരു ഹിന്ദിവാലയുടേതായിരുന്നു. ഞങ്ങള്‍...ഒരു പത്ത് പന്ത്രണ്ടു കന്യകന്മാര്‍ അവിടെയുണ്ടായിരുന്നു.പണി തേടി വന്നു ഒരു പണിയുമില്ലാതെ വായും നോക്കിയിരിക്കുന്നവരും ഒരു പണികിട്ടുവാന്‍ വേണ്ടി ഇന്റെര്‍വ്യൂ പ്രിപ്പെറെഷനും മറ്റുമായി അഹോരാത്രം പണിയെടുക്കുന്ന ഒരു പറ്റം യുവ സൈബര്‍ കോമളന്മാരുടെ ലോകം..രാത്രി ഒരു മണി വരെ നീളുന്ന ചീട്ടുകളിയും പാട്ടുമൊക്കെയുള്ള രസികന്മാരുടെ ലോകം..വീടിനു മുമ്പില്‍ കൂടി പോകുന്ന എല്ലാ സുന്ദരികളേയും സ്വന്തം കാമുകിയായി സങ്കല്പിച്ചു സ്വപ്നം കാണുന്ന പ്രായം..അവിടെയ്ക്കാണു ആ കൊച്ചു സുന്ദരി കടന്നു വരുന്നത്...വീട്ടുടമയുടെ വീട്ടില്‍ രാവിലെ ഒരു പാത്രവുമായി പാലിനു വരുന്ന പാലു പോലെ വെളുത്ത സുന്ദരിക്കുട്ടി..വിശന്നു ഇരിക്കുന്നവന്റെ മുമ്പിലേക്കു വെച്ച പാല്‍പ്പായസമായിരുന്നു അവള്‍..അവളെ ഒരു നോക്കു കണ്ട് നിര്‍വ്‌റിതിയുടെ തീരം പറ്റാന്‍ ഞങ്ങളുടെ ജനലിലെ കൂട്ടയിടി ഒരു നിത്യ സംഭവമായിരുന്നു.പേരറിയാത്ത ആ സുന്ദരിയുടേ പേരറിയുവാന്‍ എല്ലാവര്‍ക്കും വളരെ
ആഗ്രഹമുണ്ടായിരുന്നു.പലരും പല പേരുകള്‍ മനസ്സില്‍ സങ്കല്പിച്ചു സ്വയം സമാധാനിച്ചു.. അങ്ങനെയിരിക്കുമ്പോളാണു കുഞ്ഞാടിനേ പോലെ നിഷ്കളങ്കനായ ബിനീഷ് ഓടിക്കിതച്ചുകൊണ്ട് വന്നു പറയുന്നത്.." കിട്ടിപ്പോയി അളിയന്മാരേ..! അവളുടെ പേരു കിട്ടി ".ഇവന്‍ ആളു കൊള്ളാമല്ലോ എങ്ങനെ ഒപ്പിച്ചെടുത്തു ഇത്..ഗജകില്ലാടി ഷാനും ഒളിഞ്ഞു നോട്ടകാരന്‍ അഭിയും വിരുതന്‍ പ്രേമനും തടിയന്‍ സാമുവും എത്ര ശ്രമിച്ചിട്ടും നടക്കാത്ത കാര്യം നിശ്പ്രയാസം സാധിച്ച അവന്റെ കഴിവില്‍ ഞങ്ങളോരോരുത്തരും അഭിമാന പുളകിതരായി തരിച്ചു നിന്നു...അവന്റെ വായില്‍ നിന്നു വരുന്ന ആ സുന്ദരിയൂടെ പേരിനായി കാത്തിരുന്ന ഞങ്ങളോരോരുത്തരും , അന്ന് ആദ്യമായി ഒരു ആണിന്റെ വായി നോക്കികളായി......ആവേശം മൂത്ത് ബിനീഷ് ഉറക്കെ അലറി " അവളുടെ പേരാണു ബേട്ടീ...അവന്റെ ബേട്ടി പ്രയോഗത്തില്‍ മരവിച്ചിരുന്ന ഞങ്ങളേ നോക്കി  അവന്‍ വീണ്ടും അലറി"അമ്മച്ചിയാണേ വീട്ടുടമ ആ പെണ്‍കുട്ടിയേ ബേട്ടിയെന്നു വിളിക്കുന്നത് ഞാന്‍ കേട്ടതാ... ബേട്ടി ബിനിഷ് നല്ല ചേര്‍ച്ച അല്ലേ....".

ശനിയാഴ്‌ച, മേയ് 30, 2015

പ്രണയിനി

സ്പര്‍ശിച്ചാലും പിടിതരാത്ത പ്രകാശകിരണം പോലെയാണെന്റെ പ്രണയം...
പോകുന്ന വഴിയിലുള്ള എല്ലാവരിലും  അതിന്റെ ശോഭാകിരണങ്ങള്‍ പതിക്കുന്നു,
കൈയ്യില്‍ നിന്നു വഴുതിമാറി അത് അടുത്ത ബിന്ദുവിലേക്കു പായുന്നു...
എന്റെ പ്രണയമാകുന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍..
ആയിരം സൂര്യതേജസ്സിനു സമമായ പ്രണയത്തെ മൂടിവെയ്ക്കാന്‍
പ്രണയിനീ നിന്‍ ഹ്രിദയത്തിനു കഴിയുമോ....

കാണുവാന്‍ ആഗ്രഹിച്ചാലും അപ്രത്യക്ഷമാകുന്ന പൂവിന്റെ  സുഗന്ഡമാണു എന്റെ  പ്രണയം..
വഴിയില്‍ നില്‍ക്കുന്ന എല്ലവരേയും സന്തോഷിപ്പിക്കുന്നു അതിന്റെ്‌ ഗന്ദ്ദം..
മാരുതനെ ചിറകുകളാക്കി ഒരോ അണുവിലും അതു നീന്തിയെത്തുന്നു .
എന്റെ പ്രണയമാകുന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍..
ആ ഗന്ഡത്തെ നാസികയില്‍ തളച്ചിടാന്‍ ആകുമോ പ്രണയിനി നിനക്ക്....

ശനിയാഴ്‌ച, ഫെബ്രുവരി 08, 2014

ആട് ചിരി

അപ്രതീക്ഷിതമായിട്ടായിരുന്നു അവള്‍ അവന്റെ മുമ്പില്‍ വന്നത്.ഇനി ഒരിക്കലും കാണില്ല എന്നു ധരിച്ചിരുന്ന രണ്ടുപേരുടെ നീണ്ട കൂറേ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു കണ്ടുമുട്ടല്‍, അവളെ കണ്ടപ്പോള്‍ രാമുവിനു പണ്ട് പുഴകടവില്‍ നാരിനിരാട്ട് കാണാന്‍ പോയപ്പോള്‍ പോലും  ചതിച്ചിട്ടില്ലാത്ത തന്റെ രണ്ടു കണ്ണുകളേയും വിശ്വസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. താന്‍ കാണുന്നത് എതോ സ്വപ്നമാണോ എന്നറിയാന്‍ വേണ്ടി സ്വന്തം കൈകളില്‍ നുള്ളി നോക്കി, നല്ല വേദനയുണ്ട് , ഇത് സ്വപ്നമല്ല യാഥാര്‍ത്യം തന്നെയാണ്.അപ്രതീക്ഷിതമായി അവള്‍ മുമ്പില്‍ വന്നു രാമുവല്ലേ എന്നു ചോദിച്ചപ്പോള്‍ കൈവിട്ട് പോയ സ്വന്തം പട്ടത്തെ നോക്കി അമ്പരന്നു നില്‍ക്കുന്ന കൊച്ചുകുട്ടിയേ പോലെയായി അവന്‍ മാറി,  ഓര്‍മ്മകള്‍ അവനെ കുറെ വര്‍ഷങ്ങള്‍ പുറകിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയി.

കോളേജിലെ രണ്ടാം വര്‍ഷം,ജൂനിയേഴ്സിന്റെ ഇന്റെറ്വ്യൂന്റെ സമയമാണു. ക്ളാസും കട്ട് ചെയ്തു കൂട്ടുകാരോടൊപ്പം കന്റീന്റെ പരിസരത്തിരുന്നു അതു വഴി പോകുന്ന പെണ്‍കുട്ടികളുടെ എണ്ണവും എടുത്തു കൊണ്ടിരിക്കുമ്പോളാണു, ഒരു നീണ്ടു മെലിഞ്ഞ സുന്ദരിയായ ഒരു കിടാവ് അച്ഛനോടൊപ്പം ഇന്റെര്‍വ്യൂവിനു വരുന്നത്.അവരുടെ കണ്ണുകള്‍ തമ്മിലൊന്നു ഇടഞ്ഞു, ജീവിതത്തില്‍ ഇതു വരെ ഒരിക്കല്‍ പോലും കാണാത്ത രാമുവിനേ നോക്കി ആ പെണ്‍കുട്ടി പുഞ്ചിരിച്ചു, വളരെ നാളായി പട്ടിണി കിടന്നവന്റെ മുമ്പില്‍ വന്നു വീണ ഒരു മധുരമുള്ള മാമ്പഴമായിരുന്നു രാമുവിനു ആ പുഞ്ചിരീ,അവന്‍ മനസ്സില്‍ ഓര്‍ത്തു " ഈശ്വരാ ഇതു വരെ തന്റെ ഈ മോന്ത നോക്കി ഒരുത്തിയും ചിരിച്ചിട്ടില്ല ഇനിയെങ്ങാനും ആളു മാറിയതാണോ",ദാഹജലത്തിനായി കൊതിക്കുന്ന വേഴാമ്പല്‍ പോലെ എതെങ്കിലും ഒരു സുന്ദരിയുടെ നോട്ടതിനായി കാത്തിരുന്ന രാമുവിനു ആ ചിരി തന്നെ അവന്റെ സ്വപ്നങ്ങള്‍ക്കു പുതിയ നിറങ്ങള്‍ നല്‍കാന്‍ ധാരാളമായിരുന്നു.പിന്നെ ഒന്നും ആലോചിച്ചില്ല ഒരു യന്ത്രം കണക്കെ അവന്‍ അവളുടെ പിന്നാലെ ഇന്റെര്‍വ്യൂ നടക്കുന്ന ഹാളിന്റെ സമീപത്തിലേക്കു ചെന്നു. അവള്‍ക്കു അവിടെ തന്നെ അഡ്മിഷന്‍ കിട്ടണേ എന്നു മനസ്സില്‍ സകല ദൈവങ്ങളേയും വിളിച്ചു പ്രര്‍ത്ഥിച്ചു കൊണ്ട് അവിടെ നിന്നു.കുറെ സമയത്തിനു   ശേഷം അതാ അവള്‍ ഹാളിന്റെ പുറത്തേക്കു വരുന്നു.അവള്‍ അവനെ നോക്കി പിന്നേയും ചിരിച്ചു, ഡീസലു തീര്‍ന്നു കിടന്ന വണ്ടിക്കു ഫുള്‍ടാങ്ക് ഡീസല്‍ അടിച്ചപോലെ തളര്‍ന്നു നിന്ന രാമുവിനു ആ ചിരി ഒരു പുതിയ ഊര്‍ജ്ജ്യം നല്‍കി, ആ ഊര്‍ജ്ജ്യം അവനെ  2 കിലോമിറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പ് വരെ അവളുടെ  പിന്നാലെ പോകുവാന്‍ ശക്തനാക്കിയിരുന്നു. രാമുവിനു ജീവിതം മനോഹരമായതു പോലെ തോന്നി, അവന്‍ കാത്തിരുന്നു, മനസ്സില്‍ നിറയേ ആ പെണ്‍കുട്ടിയുടെ ചിരിയുമായി.


അവന്റെ കാത്തിരിപ്പിനു സമാപ്തി വരുത്താനെന്നവണ്ണം ആ ദിവസം വന്നെത്തി..പുതിയ കൂട്ടുകാര്‍ വരുന്ന ദിവസം!. രാമു പുതിയ കുട്ടികളുടെ ഇടയില്‍ ആ നീണ്ടുമെലിഞ്ഞ സുന്ദരികുട്ടിയേ തപ്പി നടന്നു, ഒടുവില്‍ അവന്‍ അന്വേഷിച്ചത് കണ്ടെത്തി, തന്നെ നോക്കി പ്രേമഭാവത്തില്‍ ചിരിച്ച സുന്ദരി അതാ BA ഇക്ണോമിക്സ് ക്ലാസില്‍.കടും നില നിറത്തിലുള്ള ചുരിദാറുമുടുത്ത് ക്ളാസിന്റെ ഒരു മൂലയിലിരുന്ന അവള്‍ കൂടുതല്‍ സുന്ദരിയായതു പോലെ..അവരുടെ കണ്ണുകള്‍ തമ്മില്‍വീണ്ടും കൂട്ടിമുട്ടി ആ മുട്ടലിനോടൊപ്പം തന്നെ അവളുടെ ചുണ്ടുകള്‍ രാമുവിനെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു...ദേ പിന്നേയും അവള്‍ ചിരിക്കുന്നു ദൈവമേ  എനിക്കു എന്തിനിത്ര സൌന്ദര്യം തന്നു അറിയാതെ അവന്‍ മനസ്സില്‍ പറഞ്ഞു പോയി.. അവന്‍ പതുക്കെ പരിചയപ്പെടാനെന്ന ഭാവത്തില്‍ അവളുടെ സമീപത്തിലേക്കു ചെന്നു..ഹ്രിദയത്തില്‍ ഒരു പെരുമ്പറയുടെ കൊട്ടല്‍ തന്നെ തുടങ്ങിയിരുന്നു.. വിറയ്ക്കുന്ന ശബ്ദത്തോടെ അവന്‍ അവളോടു ചോദിച്ചു " എന്താ കുട്ടി എന്നേ നോക്കി അന്നു ചിരിച്ചത്.. പറയാന്‍ നാണമാണെങ്കില്‍ പറയെണ്ട എഴുതി തന്നാല്‍ മതി "...അവനെ ഞെട്ടിച്ചു കൊണ്ട് അവളുടെ മറുപടി ഉടനെ തന്നെ വന്നു " നാണമൊന്നുമില്ല ചേട്ടാ.. ചേട്ടന്റെ ആ കുറ്റിതാടി കണ്ടപ്പോള്‍ വീട്ടിലെ ആടിന്റെ കാര്യമോര്‍ത്ത് ചിരിച്ചതാ".. ഇതു കെട്ട് നെഞ്ചു തകര്‍ന്നു പോയ രാമു തന്റെ സൌന്ദര്യത്തെ വെറും ഒരു പീറ ആടിനോടു താരതമ്യപ്പെടുത്തിയതില്‍ തീര്‍ത്തും നിരാശനും ആശങ്കകൂലനും ആയി...  ആട് ചിരി വളര്‍ന്നു പ്രണയ ചിരിയായി മാറാന്‍ അധികം താമസിച്ചില്ല.

പക്ഷേ ആ പ്രണയം അധികം നീണ്ടു നില്‍ക്കാന്‍ കാലം സമ്മതിച്ചില്ല..സുന്ദരിമാരുടെ ചിരി ബലഹീനതയായുള്ള രാമുവിനു വേറെയും പ്രണയങ്ങളുടെന്ന് എതോ പാരകള്‍ അവളെ വിശ്വസിപ്പിച്ചിരുന്നു..അങ്ങനെ അന്നു പൊട്ടിയ ത്ന്റെ ആദ്യ പ്രണയത്തിലെ നായിക ഇതാ ഒരു മൂന്നു വയസുള്ള പെണ്‍കുഞ്ഞിനേയും പിടിച്ചു തന്റെ മുമ്പില്‍ നില്‍ക്കുന്നു. ആ കുഞ്ഞിനെ നോക്കി " എനിക്കു പിറക്കാതെ പോയ മൊളാണു മോളേ നീ " എന്നു അവനു പറയണമെന്നു തോന്നി. പോകാന്‍ നേരം അവന്‍ അവളോട് ചോദിച്ചു"വീട്ടിലേ ആടുകളൊക്കെ സുഖമായിരിക്കുന്നോ "... തിരിഞ്ഞു നടന്ന അവള്‍ അവനെ നോക്കി ഒന്നു ചിരിച്ചു. പഴയ ആ ആടുചിരി. അപ്പോള്‍ എവിടെ നിന്നോ ഒരു ആടിന്റെ കരച്ചില്‍ ആ രംഗം കൊഴുപ്പിക്കാനെന്നവണ്ണം അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു.




ചൊവ്വാഴ്ച, മേയ് 29, 2012

ഒളിച്ചോട്ടം


പ്രേമ്മനു പഠനത്തോടൊപ്പം തന്നെ അടുത്തുള്ള വീടുകളില്‍ പോയി ട്യൂഷനെടുക്കുന്ന (ദു)ശീലമുണ്ടായിരുന്നു .അതില്‍ നിന്നു കിട്ടുന്ന വരുമാനം എല്ലാ ആഴ്‌ച്ചയിലും സിനിമ കോട്ടയില്‍ പോകാനും പാക്കരേട്ടന്റെ അരിഷ്‌ട്ടമടിക്കാനും തികഞ്ഞിരുന്നില്ലെങ്കിലും അറിവ് പകര്‍ന്നു കൊടുക്കുമ്പോളുണ്ടാകുന്ന നിര്‍വ്രിതിയില്‍ അവന്‍ സന്തോഷം കണ്ടെത്തിയിരുന്നു. ആ സന്തോഷത്തിന്റെ കൂട്ടത്തില്‍ അവനു വേറെ ചില ഗുണഗണങ്ങളും വന്നു ചേര്‍ന്നു കൊണ്ടിരുന്നു. സുന്ദരികളായ പല ചേച്ചിമാര്‍ തങ്ങളുടെ മക്കള്‍ക്കായും ബന്ധുക്കളായ കുട്ടികാള്‍ക്കായും പ്രേമ്മന്‍ മാഷിന്റെ അടുത്തു അപേക്ഷയുമായി വന്നു ചേരുന്നതു അലവലാതികളായ അവന്റെ കൂട്ടുകാരുടെ സഹനത്തെ പരീക്ഷിക്കുന്നതിനു തുല്യമായിരുന്നു.ചില വീടുകളില്‍ നിന്നു അവനു കിട്ടുന്ന ശാപ്പാടിന്റെ കര്യം പറഞ്ഞു അവന്‍ പലപ്പോഴും അവരുടെ ക്ഷമയേ വീണ്ടും വീണ്ടും പരീക്ഷിച്ചു കൊണ്ടേയിരുന്നു.

അങ്ങനെയിരിക്കയാണു സുശീല ചേച്ചിയുടെ സുന്ദരിയായ മകള്‍ കുമാരിക്കു ട്യൂഷനെടുക്കാന്‍ പ്രേമ്മന്‍ മാഷ് ചെല്ലുന്നതു.കുമാരിയേകുറിച്ചു പറയുവാണെങ്കില്‍ സൌന്ദര്യം കൂടുതലാണെങ്കിലും ബുദ്ധിക്കുറവിനു യാതൊരു കുറവും ഇല്ലായിരുന്നു അവളുടെ പല മണ്ടന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാനറിയാതെ പ്രേമ്മന്‍ കുഴങ്ങി. അവളുടെ ബുദ്ധിക്കുറവിനേ കൂടുതല്‍ ബലപ്പെടുത്തനെന്നവണ്ണം കുമാരിക്കു പ്രേമ്മന്‍ മാഷിനോടു പ്രേമ്മം തോന്നിയതു . അല്ലെങ്കില്‍ പൂവന്‍പഴം പോലിരിക്കുന്ന ഇവള്‍ക്കു എല്ലുംതോലുമായിരിക്കുന്ന ഈ പ്രേമ്മനോടു ഇഷ്‌ട്ടം തോന്നാന്‍ യതൊരു കാരണവും പ്രേമ്മന്റെ കൂട്ടുകാരന്‍ രാജപ്പനു കാണുവാന്‍ കഴിഞ്ഞിരുന്നില്ലാ, "അല്ലേലും ഈ പെണ്‍പിള്ളകള്‍ ഇങ്ങനാ സല്‍മാന് ‍പൊലെയിരിക്കുന്ന തന്നോടൊന്നും തോന്നാത്ത ഒരു താത്‌പര്യം ശക്‌തിയായൊരു കാറ്റടിച്ചാല്‍ പറന്നു പോകുന്ന ഈ പ്രേമ്മന്നേ പൊലുള്ളവന്മാരോടുണ്ടൂ തോന്നേണ്ടുന്ന വല്ല കാര്യവുമുണ്ടോ? ": രാജപ്പന്‍ അറിയാതെ മനസ്സില്‍ പറഞ്ഞുപോയി . അങ്ങനെ പൊട്ടനു ലോട്ടറി അടിച്ചതു പോലെയായി പ്രേമ്മന്‍ , ഇരുവരുടേയും ഇഷ്‌ട്ടത്തിന്റെ തീവ്രത പെട്രോളിന്റെ വില പോലെ ഒരു നിയന്ത്രണവുമില്ലാതെ അങ്ങനെ കുതിച്ചു ഉയര്‍ന്നു കൊണ്ടിരുന്നു.

അങ്ങനെ പ്രേമ്മന്റെ കളര്‍ സ്വപ്‌നങ്ങളിലെ നിത്യഹരിത നായികയായി കുമാരി മാറി. പ്രണയം തലയ്‌ക്കു പിടിച്ച ഇരുവരും ഒടുവില്‍ തികച്ചും ലളിതസുന്ദരമായ തീരുമാനത്തിലെത്തി,  തങ്ങള്‍ കണ്ട പൈങ്കിളി പടത്തിലെ നായകനേയും നായികയേയും പോലെ ഒളിച്ചോടാന്‍ എന്നുള്ളതായിരുന്നു ആ തീരുമാനം , അങ്ങനെ അവര്‍ ജീവിതത്തിലെ ആദ്യത്തെ ഒളിച്ചോട്ടത്തിനായി തങ്ങളുടെ മനസ്സിനെ തയാറാക്കി നിര്‍ത്തി . ഒടുവില്‍ ആ പുണ്യപാവന ദിനം വന്നെത്തി. അതൊരു വെള്ളിയാഴ്‌ച്ച ദിവസം ആയിരുന്നു, രാത്രി ആയപ്പോള്‍ നാളിതു വരെ ഒറ്റയ്‌ക്കു രാത്രിയില്‍ വീടിന്റെ വെളിയില്‍ ഒന്നു മുള്ളാന്‍ പോലും പോകാത്ത  പ്രേമ്മന്‍ , ഇര തേടാനിറങ്ങുന്ന സൊമാലിയയില്‍ നിന്നുള്ള പുലിയുടെ ആക്രാന്തത്തോടെ കുമാരിയുടെ വീടു ലക്ഷ്യമാക്കി നിങ്ങി തുടങ്ങി . അവള്‍ വീടിന്റെ വടക്കെ അതിരിലുള്ള മരത്തിന്റെ ചുവട്ടില്‍ കാത്തു നില്‍ക്കാമെന്നു അവനു വാക്കു കൊടുത്തിരുന്നു.  ഇല്ലാത്ത ധൈര്യം അടുത്തുള്ള ബിവറേജ്ജിസില്‍ നിന്നു കടം വങ്ങിയാണു അതിയാന്റെ വരവ്, അന്തരീക്ഷത്തില്‍ പാലപൂവിന്റെ മണവും നായ്ക്കളുടെ ഒരിയിടലിന്റേയും ശബ്‌ദവും കൂടി വന്നപ്പോള്‍ പ്രേമ്മന്റെ മുട്ടുകാലുകള്‍ തമ്മില്‍ ഇടി മത്സരം തുടങ്ങിയിരുന്നു. ആ കൂട്ടിയിടിക്കിടയ്യില്‍ അവന്‍ കടം വാങ്ങിയ ധൈര്യം അവനറിയാതെ തന്നെ തറയിലോട്ടു ചോര്‍ന്നു പൊയ്‌കൊണ്ടിരുന്നു,  പെട്ടെന്നു എന്തോ ഒന്നു പടേ എന്നു ഉയര്‍ന്ന ശബ്‌ദത്തോടെ പ്രേമ്മന്റെ പിന്നില്‍ വീണു. അവന്‍ അവിടെ നിന്നു എന്താണു വീണതെന്നു തിരിഞ്ഞു പോലും നോക്കാതെ ഒറ്റയൊരോട്ടം വെച്ചു കൊടുത്തു.


സൂര്യന്‍ അന്നും പതിവു പോലെ തന്നെ കിഴക്കു ഉദിച്ചു രാവിലെ എഴുന്നേറ്റു നോക്കിയ വീട്ടുകാര്‍ പ്രേമ്മന്‍ മാഷിനെ കാണാതെ ബേജാറായി അന്വേഷണമായി, ഒടുവില്‍ തലേന്നു മണിയറയും സ്വപ്നം കണ്ടു നടന്നവനേ കുമാരിയുടെ വീടിന്റെ അടുത്തുള്ള ആ പഞ്ചായാത്തിലെ സകല വേസ്‌റ്റുകളേയും ഉള്‍ക്കൊള്ളുന്ന അധികമാഴമില്ലാത്ത പൊട്ടകിണറ്റില്‍ നിന്നു കണ്ടെടുത്തു, മറ്റൊരു വേസ്‌റ്റായി മാറിയ മാഷിനെ നാട്ടുകാര്‍ കോരിയെടുത്തു ആശുപത്രിയിലാക്കി. തലേന്നു രാത്രിയില്‍ പിന്നില്‍ വീണ ഓലയുടെ ശബ്‌ദം കേട്ടു പേടിച്ചു ഹതാശനായ പ്രണയനായകന്‍ ഒരു വാരികുഴിയില്‍ നിപതിച്ചതായിരുന്നു. ഇനി നമ്മുടെ നായിക കുമാരിയ്‌ക്കെന്തു സംഭവിച്ചെന്നു അറിയേണ്ടേ.. ,പ്രേമ്മനൊടുള്ള അടുപ്പം അറിഞ്ഞു അവളുടെ വില്ലനായ അഛന്‍ അവളെ മര്‍ദ്ദിച്ചു മുറിയില്‍ പൂട്ടിയിട്ടതാവുമോ?.  കുമാരിയ്‌ക്കു പക്ഷേ ചുക്കും സംഭവിച്ചില്ല ഒരു ആവേശത്തിന്റെ പുറത്തു ഒളിച്ചോടാനെന്നു സമ്മതിച്ച അവള്‍ ആ കാര്യം മറന്നു അന്നു രാത്രി മുറിയില്‍ നിന്നു പുറത്തിറങ്ങാതെ സുഖാമായി തന്നെ കിടന്നു ഉറങ്ങി., ഇതറിഞ്ഞ രാജപ്പന്‍ മനസ്സിലോര്‍ത്തു " ഒരു രാത്രി ചവറുകളുടെ ഇടയില്‍ ഭയാശങ്കയോടെ കിടന്ന ഈ പ്രേമ്മനോ അതോ എല്ലാം മറന്നു അന്നു നിദ്രയേ പുല്‍കി സുഖസുഷ്പിതിയില്‍ കിടന്ന കുമാരിയോ ? ആര്‍ക്കാണു യഥാര്‍ദ്ധത്തില്‍ ബുദ്ധിയില്ലാത്തതു ?

തിങ്കളാഴ്‌ച, ജനുവരി 02, 2012

നേഴ്‌സ്സ്


നാട്ടിന്‍പ്പുറത്തെ സാധാരണക്കാരുടെ ആശ്വാസ കേന്ദ്രമായിരുന്നു  "ആശ്വാസ് ഡിസ്പെന്‍സറി" പക്ഷേ അവിടുന്നു കിട്ടുന്ന ബില്ലുകള്‍ നാട്ടുകാര്‍ക്കു തീരെ ആശ്വാസകരമായിരുന്നില്ലാ താനും .അങ്ങനെയിരിക്കയാണു നാട്ടിലെ വീട്ടമ്മാമാരുടെ ആശ്വാസം കെടുത്താനും നാട്ടിലെ ആണുങ്ങളുടെ വീര്യത്തെ ഉണര്‍ത്താനുമായി  ഒരു പുതിയ ബിവറെജ്ജിന്റെ ഔട്ട്ലറ്റ്‌ പോലെ അവള്‍ വരുന്നതു, ഡെയ്സി നേഴ്‌സ്സ് . തടിച്ചു കറുത്തിരുണ്ട തങ്കമണി നേഴ്സ്സിനേയും മത്തങ്ങയ്‌ക്കു കൈയും കാലും കിളിച്ച കണക്കെയുള്ള സാറാമ്മ നേഴ്‌സ്സിനേയും മാത്രം കണ്ടു പരിചയിച്ച രാമുവും സജിയും ഉള്‍പ്പെടെയുള്ള നാട്ടിലെ ചോരയും നീരും ഉള്ള ചെറുപ്പക്കാര്‍ക്കു പ്രതീക്ഷിക്കാതെ കിട്ടിയ ചാകരയായിരുന്നു അവള്‍. . ഒരു കൊതുകായി അവള്‍ വന്നു തങ്ങളുടെ ആകെയുള്ള ചോരയും നീരും ഉറ്റുന്നതു അവര്‍ ഒരോരുത്തരും സ്വപ്‌നം കണ്ടിരുന്നു.ഡെയ്സ്സിയുടെ ചിരിയില്‍ 80 കഴിഞ്ഞ അവറാച്ചായന്‍ മുതല്‍  പ്ളെസ് ടു വിനു പഠിക്കുന്ന ടോണിക്കുട്ടന്‍ വരെ മയങ്ങി വീഴുമായിരുന്നു .അങ്ങനെ ഡെയ്‌സി അവിടെ ആരും എതിരിലാത്ത ഒരു പ്രസ്‌ഥാനമായി വളര്‍ന്നു വന്നു. അവള്‍ ഒരു കാട്ടു തീപോലെ ആ നാട്ടിലെ ചെറുപ്പക്കാരുടെ സിരകളില്‍ പടര്‍ന്നു പിടിച്ചു പാവപ്പെട്ട ആ പിള്ളകളുടെ രാത്രികളെ ഉറക്കമില്ലാത്താ കാള രാത്രികളാക്കി മാറ്റി. ജീവിതത്തില്‍ ഇന്നു വരെ ഒരു ആശുപതിയില്‍ പോലും പോകാത്തവനും ഇഗ്‌ജ്ജക്ഷനെന്നു കേട്ടാല്‍ തന്നെ അറിയാതെ മുള്ളുന്നവനുമായ രാമുവിനു ഇപ്പോള്‍ ആശ്വാസ്‌ ഡിസ്‌പെന്‍സറി സ്വന്തം വീടു പോലെയാണു. മുമ്പു ഒരു മൂക്കിപനി പോലും വരാത്തവനു ദിവസവും വയറു വേദനയും ജലദോഷവും ഒക്കെയാണു. ഡെയ്സിയുടെ സുചിയും കൊണ്ടുള്ള കുത്തു അവനു ചെവിയില്‍ തൂവലു കൊണ്ടു സ്‌പര്‍ശിക്കുമ്പോള്‍ ഉളവാകുന്ന ഒരു തരം സുഖമാണു നല്‍കിയതു. രാമുവിനു മാത്രമല്ല ആ നാട്ടിലെ പ്രായ പൂര്‍ത്തിയായ എല്ലാ പുരുഷ പ്രജകളുടേയും അവസ്‌ഥ ഇതൊക്കെ തന്നെയായിരുന്നു. അശ്വാസ് ഡിസ്പെന്‍സറിയുടെ മുതലാളിയായ അവറാച്ചായനു ഡെയ്‌സി നേഴ്‌സ്സ് വന്നതു മുതല്‍ സംസ്‌ഥാന ഭാഗ്യക്കുറിയുടെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഒരുമിച്ചു അടിച്ചതിന്റെ സന്തോഷമാണു. വെറുമൊരു ഡിസ്‌പെന്‍സറി മാത്രമായിരുന്ന അവറാന്റെ സ്‌ഥാപനം ഇപോളൊരു ആശുപത്രിയായി മാറി കഴിഞ്ഞിരിക്കുന്നു.എല്ലാം അവളൊരുവള്‍ കാരണം അവറാന്റെ മനസ്സില്‍ ലഡുക്കള്‍ പൊട്ടി കൊണ്ടിരുന്നു.

എന്നും മുടങ്ങാതെ ഡെയ്സി ദര്‍ശനം കൊതിച്ചു അവിടുത്തെ പതിവു സന്ദര്‍ശകനായ രാമുവിനു അന്നത്തെ രോഗകാരണം കാലില്‍ ഒരു മുള്ളുകൊണ്ടു എന്നുള്ളതായിരുന്നു.ഡെയ്‌സിയുടെ കരലാളനയ്യും സ്‌നേഹദര്‍ശനവും കൊതിച്ചും സ്വപ്‌നവും കണ്ടു വന്ന രാമുവിനെ അന്നു സ്വീകരിച്ചതു തങ്കമണി സിസ്‌റ്ററിന്റെ കരാളഹസ്‌തങ്ങളായിരുന്നു.തങ്കമ്മണിയുടെ കൈയ്യിലിരുന്ന നീളന്‍ സൂചിയുടെ അറ്റമവന്റെ പ്രീഷ്‌ട്ടത്തില്‍ പതിക്കുമ്പോളും അവന്റെ കണ്ണുകള്‍ ഡെയ്‌സിയേ തിരഞ്ഞു കൊണ്ടേയിരുന്നു.തന്റെ പ്രണയിനിയോടു ഹ്രിദയ രഹസ്യങ്ങള്‍ തുറന്നു പറയാന്‍ ഇല്ലാത്ത ധൈര്യം പുരുഷോത്തമ്മ ചേട്ടന്റെ കള്ളു ഷാപ്പില്‍ നിന്നു വാടകയ്‌ക്കെടുത്തു കൊണ്ടു വന്നപ്പോളാണു കേള്‍ക്കുന്നതു അവര്‍ 2, 3 ദിവസമായി ലീവിലാണെന്നു . രാമു അവളുടെ വരവിനായി ദിവസങ്ങള്‍ എണ്ണിയും എണ്ണാതെയും കാത്തിരുന്നു.ഒടുവിലവന്‍  ഡെയ്‌സി നേഴ്‌സ്സ് ഇനി വരില്ലാ എന്ന ഞെട്ടിക്കുന്ന സത്യം തങ്കമണിയില്‍ നിന്നു അറിഞ്ഞു , അവള്‍ തന്റെ കടിഞ്ഞൂല്‍ പ്രസവത്തിനുള്ള അവധിയിലാണെന്നു. ആ വാര്‍ത്ത കേട്ട രാമു ഇതു വരെ വൈദ്ധുതി ഉപയോഗിച്ചിട്ടില്ലാത്ത വീട്ടിലു അഡീഷന്‍ വൈദ്ധ്യുതി ബില്ലു വന്നപ്പോളുണ്ടാകുന്ന അവ്സ്‌ഥയിലായി.പക്ഷേ രാമു അറിഞ്ഞിരുന്നില്ല ഡെയ്‌സിയുടെ ഗള്‍ഫുകാരന്‍ ഭര്‍ത്താവു 6 മാസം മുമ്പേ ഒരു ലീവിനു നാട്ടില്‍ വന്നിരുന്നു എന്നുള്ളതു.അതിനു ശേഷം നിത്യ രോഗിയായിരുന്ന രാമുവിനു വീണ്ടും ആശുപത്രിയില്‍ പോകേണ്ടുന്ന ഒരു രോഗവും വന്നിട്ടില്ല.

ബുധനാഴ്‌ച, നവംബർ 02, 2011

ഹര്‍ത്താല്‍  പ്രണയം

ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ഓഫീസിലേക്കു ബൈക്കും ഓടിച്ചുകൊണ്ടു വരുമ്പോളാണു ഒരു കൂട്ടം സമരക്കാരുടെ മുമ്പിലേക്കു ശരവണന്‍ ചെന്നു പെടുന്നതു , കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാവിന്റെ കാറിന്റെ മുകളില്‍ കാക്ക കാഷ്ട്ടിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു എതിര്‍ പാര്‍ട്ടിക്കാരുടെ ബുദ്ധിയാണെന്നൊ മറ്റൊ പറഞ്ഞായിരുന്നു അവരുടെ മുദ്രാവക്യങ്ങള്. കുട്ടി നേതാക്കളുടെ കൈയ്യില്‍പെട്ട ശരവണന്‍ സിംഹക്കൂട്ടില്‍ അകപ്പെട്ട മാന്‍പേട പൊലെ നിന്നു വിറയ്ക്കാന്‍ തുടങ്ങി, ഒരു കൂട്ടര്‍ അവന്റെ വണ്ടിയുടെ കാറ്റഴിച്ചു വിട്ടപ്പൊള്‍ മറ്റൊരു കൂട്ടര്‍ അവരുടേ നേതാക്കന്മാരേ പോലും നാണിപ്പിക്കുന്ന തെറിയും വിളിക്കാന്‍ തുടങ്ങി .അവിടെ നിന്നു ഒരു വിധം തലയൂരി വന്ന അവന്‍ തനിക്കു ഇനി നടരാജന്‍ വണ്ടി തന്നെ ശരണം എന്നു ചിന്തിച്ചു കൊണ്ടു നടക്കാന്‍ തുടങ്ങി.ആ കാഷ്‌ട്ടിച്ച കാക്കയേ മനസ്സില്‍ പ്രാകികൊണ്ടു ശരവണന്‍ റോഡില്‍ കൂടി നടക്കുമ്പോളാണു ആ കാഴ്ച്ച കാണുന്നതു. ഒരു കൊച്ചു സുന്ദരി ഒരു ആക്‌റ്റിവയില്‍ ആ സമരക്കാരുടെ ഇടയില്‍ കൂടി വളരെ നൈയിസായി ഊരി വരുന്നതു കണ്ടു അവന്‍ അന്തം വിട്ടു കുന്തം വിഴുങ്ങിയ പൊലെ നിന്നു.ഹമ്പട ഒരു പെണ്ണിനേ കണ്ടപ്പൊള്‍ അവന്മാരുടെ സമരവും മുദ്രവാക്യ വിളിയും ഒക്കെ എവിടെ പൊയി. ആദ്യത്തെ അമ്പരപ്പു മാറിയപ്പൊള്‍ അവന്‍ ഒരു ലിഫ്റ്റിനായി ആ പെണ്‍കൊടിയുടെ വാഹനത്തിനു നേരെ തന്റെ കറുത്തുരുണ്ട കൈകള്‍ വലിച്ചു നീട്ടി.

ആ സുന്ദരി ഒരു കൊച്ചു പുഞ്ചിരി അവനു നേരെ ഒന്നു എറിഞ്ഞിട്ടു വണ്ടി അവന്റെ തിരുമുമ്പില്‍ നിറുത്തി, അവന്‍ ഇതിനകം ആ ഏറില്‍ വീണു പോയിരുന്നു. ഹര്‍ത്താല്‍ പ്രമാണിച്ചു ഒരു ലിഫ്‌റ്റു ചോദിച്ച ശരവണന്റെ ന്യായമായ ആവശ്യം അവള്‍ സ്വീകരിച്ചു. ആദ്യമായി ഒരു പെണ്ണിന്റെ വണ്ടിയുടെ പിന്നില്‍ കയറിയതിന്റെ ത്രില്ലിലായി അവന്‍ . കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന പാവം പൂവലന്‍ പതുക്കെ സടകുടഞ്ഞു എഴുന്നേറ്റു. പക്ഷേ ആ എഴുന്നേല്‍പ്പു വ്ല്ലാത്ത ഒരു എഴുന്നേല്‍പ്പായി പോയെന്നു പിന്നിടു അവനു തോന്നിക്കാണും. കാരണം ആ സുന്ദരി അവന്റെ ശല്യം സഹിക്കാന്‍ വയ്യാതെ വണ്ടി നേരെ അടുത്തുള്ള പോലിസ്സ് സ്‌റ്റേഷനിലേക്കണു വിട്ടതു .ഒടുവില്‍ ആ പച്ച പരമാര്‍ത്ഥം അവന്‍ മനസ്സിലാക്കി ആ പെണ്ണു ഒരു വനിതാ പോലിസ്സുകാരിയായിരുന്നു എന്നുള്ളതായിരുന്നു അതു. ഈശ്വരാ നീ എന്തിനു വനിതാ പോലിസ്സുകാരികള്‍ക്കു ഇത്ര സൌന്ദര്യം കൊടുത്തു എന്നു അവന്‍ അറിയാതെ വിലപിച്ചു പോയി . അങ്ങനെ ഒരു സുന്ദരിയേ കസ്‌റ്റടിയിലാക്കാന്‍ വന്ന ശരവണന്‍ ഇപ്പോ ഒരു ദിവസം മുഴുവന്‍ അവളുടെ  കസ്‌റ്റടിയിലുമായി . ഒടുവില്‍ കൂട്ടുകാരന്‍ ടോണിക്കുട്ടന്‍ വന്നു അവനെ ജാമ്യത്തിലെടുത്തു കൊണ്ടു പോയി. പോകുമ്പോള്‍ ആ കൊച്ചു സുന്ദരിയുടെ മുഖത്തു ആദ്യം കണ്ട ആ കൊച്ചു പുഞ്ചിരി വീണ്ടും വിരിഞ്ഞിരുന്നു . പക്ഷേ ഈ തവണ ആ പുഞ്ചിരിയില്‍ വീഴാതെ അവന്‍ ടോണിക്കുട്ടന്റെ തോളില്‍ പിടിച്ചു നിന്നു .

 ഈ സംഭവത്തിനു ശേഷം അവന്‍ പിന്നിടു ഒരിക്കല്‍ പോലും ആരോടും വണ്ടിക്കു ലിഫ്‌റ്റു ചോദിച്ചിട്ടില്ല എന്നു മാത്രമല്ല പലപ്പോഴും അവന്‍ ആ വനിതാ പോലിസ്സുകാരിയേ സ്വപ്‌നം കണ്ടു ഞെട്ടാറുണ്ടായിരുന്നത്രേ. എന്തായാലും ആ ഞെട്ടലിന്റെ പരിണിത ഫലമായി ആ കൊച്ചു സുന്ദരി അവന്റെ രണ്ടു കുട്ടികളുടെ അമ്മയായി  ഇപ്പൊള്‍ അവന്റെ കസ്‌റ്റടിയില്‍ ആണു . ഒരു ജാമ്യമ്മില്ലാത്ത അറസ്‌റ്റിലൂടെ അവന്‍ ഇതിനകം അവളേ തന്റെ ജീവിത പങ്കാളിയാക്കിയിരുന്നു. 

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 19, 2011

കാത്തിരിപ്പ്.

അന്വേഷിച്ചു നടന്നു
കണ്ടെത്തിയില്ലാ
വരാമെന്നു പറഞ്ഞു
വന്നു ചേര്‍ന്നില്ലാ.
കാത്തിരിക്കാന്‍ പറഞ്ഞു
കാണുവാന്‍ കഴിഞ്ഞില്ലാ.
വരുമെന്ന പ്രതിക്ഷ
ഒന്നു മാത്രമെന്‍
സ്വപ്‌നങ്ങളുടെ
മലര്‍വാടിയെ
വാടാതെ സൂക്ഷിപ്പൂ.
മനസ്സു മൂളുന്നു
വരും വരാതിരിക്കില
കാത്തിരിക്കും
ആ മുഖം
ഇനിയും ജന്മങ്ങള്‍
കെടാതെ ഒരു
അഗ്‌നി നാളമായ്
ഹ്രിദയത്തിന്‍
കോണില്‍.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2011

കുളിരിന്‍ പ്രണയം


ഒന്നരികില്‍ വന്നെങ്കില്‍
ഒരു മുത്തം തന്നെങ്കില്‍
പ്രണയത്തിന്‍ പൊന്‍തുവലാല്‍
ഒന്നു തലോടിയെങ്കില്‍
ഈ മഴയുടെ കുളിരില്‍
എന്‍ നെന്ചിലെ ചൂടില്‍
നിന്‍ നിശ്വാസങ്ങള്‍
ഒന്നു ലയിച്ചിരുന്നെങ്കില്‍ .

നിനക്കായി തുടിക്കും
എന്‍ കരദാരില്‍
തലവെച്ചു ഒന്നു
നീ മയങ്ങിയെങ്കില്‍
ഒമാലളിന്‍ ഇളം
കവിളില്‍ കൂടെയൊഴുകും
കണ്ണീരിന്‍ ഉപ്പുരസം
ഒന്നു നുകര്‍ന്നെങ്കില്‍ .

വാനിലെ മേഘങ്ങളില്‍
നിന്നുതിരും ജലത്തിന്‍
കുളിരില്‍ മെല്ലെ
തലോടും  നിന്നെ
മിഴികളാം സ്‌ഫടികങ്ങളില്‍
നിറയുന്നുവോ പ്രണയം .
ആദ്രമാം നിലാ മഴ്യില്‍
പറായതെ നീ മാഞ്ഞുവോ.

ഹ്രിദയത്തിന്‍ ഉള്ളറകളില്‍
സ്‌നേഹത്തിന്‍ പൂമ്പൊടിയായി
പുലരിയില്‍ വിരിയുന്ന
പൂവിന്റെ നിറസൌന്ദര്യമായി
വസന്തകലത്തിന്‍ സുഗന്ധമായി
കുളിരരുവിയില്‍ തഴുകിയോഴുകി
വരുന്ന തെന്നലിന്‍ ചലനമായി
മാറുന്നീ കുളിരിന്‍ പ്രണയം .

വെള്ളിയാഴ്‌ച, ജൂലൈ 08, 2011

നഷ്ട്ട സ്വപ്നങ്ങള്‍

ചില വര്‍ഷങ്ങള്‍ക്കു ശേഷമാണു ആ പെണ്‍കുട്ടിയുടെ പടമെങ്കിലും ഒന്നു കാണുവാന്‍ രാമുവിനു കഴിയുന്നതു. അവന്‍ പണ്ടു കണ്ടതിനേക്കാള്‍ അവളങ്ങു സുന്ദരിയായതു പോലെ.ആദ്യമായി തന്നില്‍ പ്രണയത്തിന്റെ വിത്തു മുളപ്പിച്ച ഒരു കൊച്ചു സുന്ദരിയായിരുന്നു മ്രിദുല എന്നവന്‍ ഓര്‍ത്തു.
പക്ഷെ അത് മുളയിലെ നുള്ളിക്കെടുത്തികൊണ്ട് പത്താം ക്ളാസിലെ വലിയ പരിക്ഷ കടന്നു വന്നതും തുടര്‍ന്നു സ്കൂളിലില്‍ നിന്നു എല്ലാവരും വിട പറഞ്ഞു പോയതും . വലിയ പരീക്ഷയുടെ അവസാന ദിവസം അവളെ ഒരു നൊക്കുകൂടി കാണാന്‍ പരീക്ഷ ഹാളില്‍ നിന്നും ഓടിയ ഓട്ടവും ഓട്ടത്തിനിടക്കു തലയും കുത്തി വീണതും ഇന്നലെ നടന്ന സംഭവം  പൊലെ അവന്റെ മനസ്സില്‍ തത്തികളിച്ചു.അവളുടെ പ്രൊഫൈലു ഫേസ് ബുക്കില്‍ കണ്ടപ്പോള്‍ വല്ലാത്ത ഒരു ആനന്ദം രാമുവിന്റെ മനസ്സില്‍ ഉളവായി പക്ഷെ അതു നിമിഷ നേരത്തേക്കുള്ളതു മാത്രമായിരുന്നു കാരണം ദിവസങ്ങള്‍ കഴിഞ്ഞിട്ടും തന്റെ ഫ്രേണ്ട് റിഖ്യസ്റ്റു അവള്‍ പരിഗണിച്ചതു പൊലും ഇല്ലാ.

അവളുടെ പ്രൊഫൈല്‍ പിക്ച്ചറും നോക്കി നെടുവീര്‍പ്പിടുവാന്‍ മാത്രമെ അവനു കഴിഞ്ഞുള്ളു.ചിന്തകള്‍ അവനെ ഭുതകാലത്തിലേക്കു വലിച്ചിഴച്ചുകൊണ്ടുപൊയി.താന്‍ അവളെ ആദ്യമായി കാണുന്നതു അചന്റെയും അമ്മയുടേയും കൈപിടിച്ചു സ്ക്കുളിലേക്കു നടന്നു വരുന്ന ഒരു കൊച്ചു മാലഖയായണ്. കണ്ണുകളില്‍ കുസൃതിയും ചുണ്ടില്‍ ചെറു പുഞ്ചിരിയുമായി ഒരു ജൂണ്‍ മാസത്തില്‍ രാവിലെ ആണ്‌ അവള്‍ ആദ്യമായി സ്ക്കൂളിലേക്ക് വന്നതു.ആദ്യം കണ്ടപ്പൊള്‍ തന്നെ ഇതു വരെ മറ്റൊരു പെണ്‍കുട്ടിയോടും തോന്നാത്ത എന്തൊ അവന്റെ മനസ്സില്‍ തോന്നി.പിന്നിട് അറിഞ്ഞു അവള്‍ ആ സ്കൂളില്‍ പത്താം ക്ളസില്‍ ചേരാനാണു വന്നതെന്നു അപ്പൊള്‍ രാമു മനസ്സുകൊണ്ടു പ്രര്‍ത്ഥിച്ചതു "അവള്‍ തന്റെ കളസ്സില്‍ തന്നെ ആവണേ ഈശ്വരാ" എന്നതായിരുന്നു.പക്ഷെ ഈശ്വരനല്‍പ്പം പിശുക്കു കാട്ടി. അവള്‍ വേറെ ഡിവിഷന്നിലായിരുന്നു. എങ്കിലും രണ്ടു പേരുടേയും ക്ളാസു തൊട്ടടുത്തായിരുന്നതു  കൊണ്ടു  ഇടവേളകളില്‍ അവളെ കാണുവനാകുമ്മല്ലൊ എന്ന ചിന്ത അവനെ ആശ്വസിപ്പിച്ചു.

അവളോടു തന്റെ പ്രണയരഹസ്യം വെളിപ്പെടുത്താനുള്ള ധൈര്യം രാമുവിനു തീരെ ഇല്ലായിരുന്നു. അവളെ ഒരു നൊക്കു കാണാന്‍  അവള്‍ പോകുന്ന വഴികളില്‍ ഒളിച്ചും പാത്തുമിരുന്നുകണ്ടു നിര്‍വ്രിതിയടയുക എന്നതു അവനോരു ഹരമായിരുന്നു.ആ സ്കൂളില്‍ അവളുടെ അടുത്ത കൂട്ടുകാരന്‍ ശ്രീജിത്തായിരുന്നു.  മ്രിദുല ശ്രിജിത്തിന്റെ കൂടെ നടക്കുന്നതും  നര്‍മ്മ സല്ലാപങ്ങളിലേര്‍പ്പെടുന്നതും കാണുമ്പൊള്‍ രാമുവിനു  അവനോടു തന്നെ വല്ലാത്ത അരിശം തോന്നാറുണ്ട്.കൈയെത്തും ദൂരെത്തു ഉണ്ടായിട്ടും അപ്പൂപ്പന്‍താടി പിടിക്കാന്‍ കഴിയാതെ പോയ ഒരു കൊച്ചുകുട്ടിയുടെ അവസ്ഥയിലായി രാമു. അങ്ങനെ പറയാന്‍ ആഗ്രഹിച്ചതേല്ലം പറയാന്‍ കഴിയതെ പൊയ ഒരു ഹതശകാമുകനായി അവന്‍ മാറി.അവളെ കണ്ടതിനു ശേഷം പിന്നീടു അവനിഷ്ട്ടപ്പെടുന്ന എല്ലാ പെണ്കുട്ടികള്‍ക്കുമവന്‍ അവളുടെ സാദ്രിശ്യം ദര്‍ശിച്ചു.

 അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞണു അവളെക്കുറിച്ചുള്ള ഒരു വിവരമെങ്കിലും അറിയുന്നതു അതിനു കാരണം സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റായ  ഫേസ്ബുക്കും , അതു കണ്ടുപിടിച്ചവനെ നന്ദിയൊടെ ധ്യാനിച്ചു കൊണ്ടാണു അവന്‍ അവള്‍ക്കു ഫ്രെണ്ടു റിഖ്യസ്റ്റ് അയചചതു പക്ഷെ അവള്‍ അവനെ മൈന്‍ഡു ചെയ്ക പൊലും ചെയ്തില്ലാ." അഹ ഇതങ്ങനെ പൊയാല്‍  ശരിയാവില്ല ഇനിയെങ്കിലും അവളെ  തനിക്കു ഇഷ്ട്ടമാണെന്നുള്ള രഹസ്യം അവളെ അറിയിക്കേണം" എന്നു മന്സ്സില്‍ വിചാരിച്ചു കൊണ്ടവന്‍ ഒരു പരിചയം പുതുക്കുന്ന ഒരു മെസ്സെജ്ജു അയച്ചു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മ്രിദുലയുടെ മറുപടി അവനു കിട്ടി. ഹായ് രാമു  എന്നിക്കു താങ്കളെ ഓര്ക്കന്‍ കഴിയുന്നില്ല എങ്കിലും പഴയ സ്കൂള്‍മേറ്റിനെ കണ്ടതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞവള്‍ അവന്റെ ഫ്രെണ്ടു റിക്യസ്റ്റു അവസാനമങ്ങു കയറി അസ്പെക്റ്റു ചെയ്തു. അവളുടെ പ്രൊഫൈലു കയറി നൊക്കിയപ്പൊള്‍ അവന്‍ കാണുന്നതു ഒരു ഫാമിലി ഫൊട്ടൊയാണു അതില്‍ അവള്‍ ഇരട്ട കുട്ടികളേയും പിടിച്ചു പഴയ സഹപാടി ശ്രീജിത്തുമായി ഇരിക്കുന്നതാണു കാണുന്നതു. അപ്പോള്‍ അവന്‍ അവളുടെ കൈയിലിരിക്കുന്ന കുഞ്ഞുങ്ങളെ നോക്കികൊണ്ടു മനസ്സില്‍ അറിയാതെ പറഞ്ഞു പോയി  " എനിക്കു പിറക്കാതെ പോയ ഉണ്ണികളാണ് മക്കളേ നിങ്ങള്‍ "

വെള്ളിയാഴ്‌ച, ജൂൺ 24, 2011

പുകപോലുള്ള ആത്മാവ്.

എന്റെ ദൈവമേ,
നീ തന്ന ആത്മാവു 

വെറും പുകയാണല്ലോ,
പ്രണയത്തിന്റെ കെടാത്ത

തീയിൽ നിന്നുയരുന്നത്‌.
പ്രണയതിന്റെ തീയില്‍ 

നീറി പുകയുന്നതു.
പിറവിയെടുത്തതും 

എരിഞ്ഞുതുടങ്ങുകയായി
ഞങ്ങളോരോരുത്തരും ,
പുക പോലെ 

പുകയലിഞ്ഞുപോകും വരെ.

ഞായറാഴ്‌ച, ഫെബ്രുവരി 14, 2010

മഴയും പ്രണയവും

പ്രണയം മഴയാണ്.
പ്രണയിക്കുക എന്നുള്ളതു മഴ നനയലാണ്.
ഒരിക്കെലെങ്കിലും മഴ നനയാതേയും
പ്രണയിക്കാതേയും ഉള്ളതു ആരാണ്.
വെണമെങ്കില്‍ മഴ നനയതിരിക്കാം ,
പ്രണയിക്കാതെ ഇരിക്കാം .
ഒരു കുട ചൂടി മഴ നനയതെ മഴയില്‍ നിന്നു രക്ഷപെടാം
അപ്പൊഴും കുസ്രിതിയൊടെ എങ്കില്ലും
ഒരു ചെറു വിരെല്‍ നീട്ടി
മഴയുടെ തണുത്ത സ്പര്‍ഷം
എല്‍ക്കാന്‍ കൊതിക്കാത്തവരായി
ആരാണു ഉള്ളത്?.
മഴതുള്ളി സ്പര്‍ഷിക്കുമ്പൊള്‍
ഒരു കുളിര്‍ തോന്നാത്തവരായി ആരാണു ഉള്ളത്?.
പെയ്തിറങെണ മഴയും പ്രണയിച്ചു തീരാത്ത മനസ്സും
മനുഷ്യനുള്ള കാലത്തോളം ഇവിടെ ഉണ്ടാവും.
എങ്കിലും ചിലപ്പോള്‍ തോന്നും
ദൂരെ നില്‍ക്കുമ്പൊള്‍ തോന്നുന്ന സുന്ദരിയായ മരീചികയല്ലേ
പ്രണയമെന്ന്...അരികെയെത്തുമ്പൊള്‍
അകലേക്ക് പോകുന്ന ഒരു മരീചിക..

ഞായറാഴ്‌ച, ഡിസംബർ 27, 2009

മഴയായി സഖീ




നേര്‍ത്ത നൂലിഴകള്‍  കണക്കേ
മേഘകൂടാരത്തില്‍ നിന്നും
പാരിനെ പുല്‍കാന്‍ നിപതിക്കുന്ന
കുളിരു പൊഴിക്കും  മഴ,
നിറയ്‌ക്കുന്നു എന്നില്‍
നിന്‍ ഓര്‍മകളെ.
മഴയില്‍ കുളിച്ചിറങ്ങിയ രാവുകള്‍ ,
മഴയുടെ അട്ടഹാസത്തില്‍
അലിഞ്ഞു ചേര്‍ന്ന
നമ്മുടെ പ്രണയ സല്ലാപങ്ങള്‍,

കോരിച്ചൊരിയ്യുന്ന  മഴയത്തു
പാറി പറക്കും
വാഴയില തന്‍ കീഴില്‍
നമ്മള്‍ നിന്ന നിമിഷങ്ങള്‍
നാമറിയാതെ പങ്കുവെച്ച
നമ്മുടെ സുന്ദര സ്വപ്‌നങ്ങള്‍
കുളിരാര്‍ന്ന ഓര്‍മ്മകള്‍
എന്നില്‍ നിറയുന്നു  സഖീ
പെയ്യാന്‍ കൂട്ടാക്കാതെ
ദൂരേക്കു പോകും
മേഘം പോലെ നീ.
പെയ്‌തിറങ്ങൂ  എന്‍
ഉഷാര ഹ്രിദയാങ്കണത്തില്‍ സഖീ.
മിന്നിമറയും
ഇടിമിന്നലു കണക്കെ
ക്ഷണപ്രഭ മാത്രമൊ
നമ്മുടെ പ്രണയം .

ഒരിക്കലൊരു പെരുമഴയില്‍
വെര്‍പെട്ടു പോയ
ഇണ പക്ഷികള്‍ നമ്മള്‍ .
കുളിരു പൊതിയും ഈ മഴ
എന്നില്‍ പൊഴിക്കുന്നതു
നിന്‍ കുളിര്‍ ഓര്‍മ്മകളെ
ഞാനിവിടെ എകനായീ
മഴയേറ്റു നില്‍പ്പൂ നിന്നേയും കാത്ത്..
ഈ വിരഹ ഭുവില്‍
പെയ്തിറങു മഴയായി വീണ്ടും നീ ..

ചൊവ്വാഴ്ച, ഡിസംബർ 22, 2009

പനിനീര്‍ പോലെ ഒരു പെണ്‍കുട്ടി

ആര്‍ത്തലച്ചു ഒഴുകുന്ന പുഴയേ, ബസ്സിന്റെ ജനലിലൂടെ നോക്കിയിരുന്നപ്പോള്‍ അവനു തോന്നി  കാലവും ആരേയും കാത്ത് നില്‍ക്കാത്ത തന്നിഷ്ട്ട്ക്കാരനായ ഒരു പുഴപോലെ ആണെന്നു, പോകുന്ന വഴിയില്‍ തന്നിലേക്കു വരുന്ന ഏതിനേയും ഉള്‍ക്കൊണ്ടു കൊണ്ട് പാഞ്ഞ് ഒഴുകുന്ന പുഴ. പലപ്പോഴും ആ പെണ്‍കുട്ടിയും ഒരു പുഴയാണോ എന്നു അവനു തൊന്നാറുണ്ട് .മനുഷ്യന്റെ മനസ്സ് വരകളും കൊറികളും നിറഞ്ഞ ഒരു സ്ലേറ്റ് പോലെയാണെന്നും കാലം ആ വരകളേയും കൊറികളേയും മായിക്കുന്ന മഷിപ്പച്ച കണക്കെയാണെന്നു പണ്ട് ആരോ പറഞ്ഞത് അവന്‍ ഓര്‍ത്തു. മനസ്സിന്റെ കോണില്‍ നിന്നു അങ്ങനെ നോക്കുമ്പോള്‍ ഓര്‍മ്മകള്‍ അക്ഷരങ്ങളുമാണ്,  മാഞ്ഞുപോകുമ്പോഴും ആ ഓര്‍മ്മകള്‍ക്കു ഒരു നനവ് ബാക്കി നില്‍പ്പുണ്ടാകും.
ഒരിക്കല്‍ ഇതു പോലെയുള്ളൊരു ബസ് യാത്രയിലാണു അവളെ   ആദ്യമായി അവന്‍ കാണുന്നത്.ഒരു പനീനീര്‍ പൊലെ മനോഹരി അയിരുന്നു ആ പെണ്‍കുട്ടി. അന്നൊരിക്കല്‍ ബസില്‍ കണ്ട പെണ്‍കുട്ടി മാത്രമായിരുന്നോ അവള്‍ തന്നിക്കു?. പൂര്‍വ്വ ജന്മത്തില്‍ അവള്‍ തന്റേ ആരോ ആയിരുന്നില്ലേ.?  അവന്‍ ആരോടെന്നില്ലാതെ തന്നോടു തന്നേ ചോദിച്ചു .അധികം തിരക്കില്ലാത്ത ബസ്സിന്റെ സൈഡ് സീറ്റിലിരുന്നു തന്നെ കൊതിപ്പിച്ചു പിടിതരാതെ വഴുതിമാറുന്ന  ഉറക്കത്തെ പുണരാനായി കാത്തിരിക്കുകയായിരുന്നു അവന്‍. പക്ഷേ അതിനുമുമ്പ് അവന്റെ അലസമായ കണ്ണുകളെ തണുത്ത മഴത്തുള്ളിയായി തട്ടി ഉണര്‍ത്തിയിരുന്നു ആ പെണ്‍കുട്ടി. തമ്മില്‍ ഒന്നും മിണ്ടാതെ തന്നെ മെരുങ്ങാത്ത ഓറ്റയാനയെ കീഴടക്കുന്നപോലെ  ഒറ്റകാഴ്‌ച്ചയിലൊരു കീഴടക്കല്‍ .ആകാശത്ത് ഒറ്റതവണ മാത്രം കണ്ടൊരു കൊള്ളിമീന്‍ .അവരുടെ ഇരുവരുടേയും ഇടയിലുള്ള ആ മൌനത്തിലും  മനസ്സിനു  എന്തെന്നില്ലാത്ത ഒരു സുഖം അവന്‍ അനുഭവിച്ചു കൊണ്ടിരുന്നു.
ഒരേ സീറ്റില്‍ വളരേ അടുത്ത്  ഇരുന്നിട്ടും എന്തു കൊണ്ട് താന്‍ അവളുടെ പേരു പോലും ഒന്നു ചോദിച്ചില്ലാ. ?തങ്ങളുടെ കണ്ണുകള്‍ തമ്മില്‍ എന്തോ പറയാന്‍  കൊതിച്ചതല്ലേ?. ആ കണ്ണുകളില്‍ വിരഹത്തിന്റെ നനവായിരുന്നോ തിളങ്ങി നിന്നിരുന്നത്?. ഇതു വരേ  തോന്നാത്ത എതോ വികാരം അവനില്‍ സമ്മാനിച്ചു കൊണ്ടായിരുന്നു ബസ്സിന്റെ മണിയൊച്ചയുടെ അവസാനം അവള്‍ ബസില്‍ നിന്നു ഇറങ്ങി നടന്നു അകന്നു പോയത്. അവള്‍ എന്തിനു വേണ്ടി ആയിരിക്കാം ബസ്സില്‍ നിന്നു ഇറങ്ങിയതും തിരിഞ്ഞു നോക്കിയത്?.കാലത്തിന്റെ കുത്തൊഴുക്കില്‍ ദിശതിരിഞ്ഞു രണ്ടായി പിരിഞ്ഞീടുന്ന പുഴകളേ പോലെ അവര്‍ ഇരുവരും അകന്നു ,പരസ്‌പ്പരം എന്തോ പറയാന്‍ തമ്മില്‍ ബാക്കി വച്ചു കൊണ്ട് . .ചുരുങ്ങിയ സമയം കൊണ്ട് വളരേയേറെ അടുത്തതു പോലെ...എന്തൊക്കെയൊ പറയാന്‍ ആഗ്രഹിച്ചു.പക്ഷേ പാടാനാഗ്രഹിച്ചിട്ടും പാടി തീര്‍ക്കാന്‍ കഴിയാതിരുന്ന ഒരു ഗാനമായിരുന്നു അവള്‍ തനിക്കു എന്നു അവനറിഞ്ഞു .. ഈ നഷ്‌ട ബോധമാണു അവള്‍ തന്നിലേക്കു പകര്‍ന്ന ആ പ്രകാശത്തെ എന്നെന്നും ഉള്ളില്‍ നിലനിര്‍ത്തുന്നത്. കണ്ണടച്ചു തുറക്കുന്ന നിമിഷം കൊണ്ട് ആരൊക്കെയോ ആയി മാറിയ പേരറിയാത്ത ഒരാള്‍ . ചിന്തകള്‍ ഉത്തരം കിട്ടാത്ത സമസ്യകളായി അവനേ വീര്‍പ്പു മുട്ടിച്ചു കൊണ്ടിരുന്നു.

എന്നെങ്കിലും ഈ വിശാലമായ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ വെച്ച്‌  കണ്ടുമുട്ടാം എന്ന പ്രതീക്ഷ മാത്രം അവനു സമ്മാനമായി നല്‍കി കൊണ്ടാണു അവള്‍ അകന്നു പോയതു. 
ജീവിതമാകുന്ന വൃക്ഷം അതിന്റെ സമയമാകുന്ന ഇലകള്‍ പിന്നേയും പൊഴിച്ചു കൊണ്ട് നിന്നു  . വെറുതെയാണെന്നു അറിയാമെങ്കിലും ,ബസ്സില്‍ തന്റെ അരികില്‍ വന്നിരിക്കുന്ന ആള്‍ക്കു ആ പെണ്‍കുട്ടിയുടെ ഛായ ആണൊ എന്നു വെറുതെ ഒന്നു തിരയും , പറയാന്‍ ബാക്കി വെച്ച എന്തോ ഒന്നു പറയുവാനായി,പാടി തീരാത്ത ഗാനം മുഴുമിപ്പിക്കാനായി...അവന്‍ യാത്ര ചെയ്യുന്ന ബസ്സു പുഴയേയും മുറിച്ചു കടന്നു പൊയ്‌കൊണ്ടിരുന്നു.അതു അടുത്ത സ്‌ഥലം ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു.അപ്പോള്‍ അവന്‍ മനസ്സിലോര്‍ത്തു ."പ്രീയ പെണ്‍കുട്ടി നീ ഒരു പനിനീര്‍ ആയിരുന്നു..എന്റെ മനസില്‍ നിമിഷ സമയം കൊണ്ടു ഒരു ജന്മം മുഴുവനും നിലനില്‍ക്കുന്ന സുഗഡം പരത്തിയ...നീ ഒരു പനിനീര്‍ ആയിരുന്നു....".


Related Posts Plugin for WordPress, Blogger...