അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ബുധനാഴ്‌ച, ഡിസംബർ 10, 2014

ഓണ്‍ലൈന്‍ ഷോപ്പിങ്

ഇടവേളകളില്ലാതെ പുക പുറത്തേക്കു തള്ളുന്ന ഒരു പുകവണ്ടിയായിരുന്നു നന്ദു. സദാ ചുണ്ടത്ത് സിഗറിറ്റും നുണഞ്ഞു കൊണ്ട് നടന്നിരുന്ന അവനെ ദൂരത്ത് നിന്നു കണ്ടാല്‍ പുകതുപ്പി വരുന്ന എതോ തീവണ്ടിയാണെന്നേ പറയൂ.ചെയിന്‍ പുകവലി എന്ന ആപത്തില്‍ നിന്നു അവനെ പിന്തിരിപ്പിക്കാന്‍  സ്നേഹിതര്‍ എത്ര ശ്രമിച്ചിട്ടും അവനു ഒരു മാറ്റവും ഉണ്ടായിരുന്നില്ലാ. അവനു എപ്പോഴും സിഗററ്റ് വലിക്കണം അത് അവന്റെ ജന്മവകാശമായിരുന്നു. ആയിടയ്ക്കാണു ചാര്‍ജ്ജു ചെയ്തു വലിക്കുന്ന സിഗറിറ്റിനെ പറ്റി ഉള്ള പരസ്യം ഒരു വെബ്ബ്സൈറ്റില്‍ അവന്‍ കാണുന്നത്. പരിസ്തിഥിക്കു  ഇണങ്ങിയതും മറ്റാര്‍ക്കും ദോഷകരമാകാത്തതും എന്നാല്‍തന്നെ അനുഭൂതിക്കു ഒട്ടും ഒരു തടസ്സവുമില്ലാത്ത ഒരു പുകവലി.ആ വലിയില്‍ അവന്‍ ആക്യ് ഷ്ട്ടനായി..അതു അവനെ വല്ലാതെ "വലിപ്പിക്കും" എന്നവന്‍ അറിഞ്ഞിരുന്നില്ലാതാനും.അവന്‍ ആ ചാര്‍ജ്ജിങ്ങ് സിഗററ്റ് വെബ്സൈറ്റില്‍ നിന്നു വാങ്ങുവാന്‍ തന്നെ തീരുമാനിച്ചു. വില ആയിരം ഉറുപ്പിക. ഓണ്‍ലൈന്‍ ഓര്‍ഡറും ചെയ്തു അവന്‍ കാത്തിരുന്നു. കാത്തിരിപിന്റെ സുഖം അങ്ങനെ അവനും അറിഞ്ഞു.നന്ദു തന്റെ കൂട്ടുകാരോടു , തന്റെ ചുണ്ടിന്റെ ചുബനം ഏല്‍ക്കുവാന്‍ പോകുന്ന ആ ചാര്‍ജ്ജിങ്ങ് സുന്ദരിയുടെ സൌന്ദര്യത്തേയും മാസ്മരിക സുഖത്തേയും പറ്റി  വര്‍ണ്ണിച്ചു കൊണ്ടേയിരുന്നു.

ഒടുവില്‍ ആ ദിനം വന്നു, പോസ്റ്റ് മാന്‍ ഒരു പൊതിയുമായി നന്ദുവിന്റെ മുമ്പിലെത്തി. താന്‍ കത്തിരുന്ന പുതിയ ഇനം സിഗറിറ്റിനെ കാണുവാനായി അവന്‍ ആ പൊതിമേല്‍ ചാടി വീണു, അതിനെ നിമിഷനേരം കൊണ്ടു വിവസ്ത്രയാക്കി.പൊതിക്കകത്ത് ഉള്ള  സാധനം കണ്ട് നന്ദു ഞെട്ടി.അതാ അതിനുള്ളില്‍ "  How To Stop Smoking  " എന്ന ഒരു പുസ്തകം.ആയിരം രുപ കൊടുത്ത് വലിക്കാനിരുന്ന നന്ദുവിനു കിട്ടിയത് നൂറുരുപയുക്ക് വായിച്ചു വലിക്കാനൊരു പുസ്തകം അതും എങ്ങനെ ത്ന്റെ ഇഷ്ട്ടഭാജനത്തെ ഉപേക്ഷിക്കണമെന്നു പഠിപ്പിക്കുന്ന പുസ്തകം.വെള്ളത്തിലുള്ളത് കിട്ടിയതുമില്ലാ വായിലിരുന്നത് പോകുകയും ചെയ്ത നായുടെ കണക്കായി നന്ദുവും.ഒരു പക്ഷേ ഈ ചാര്‍ജ്ജു ചെയ്തു വലിക്കുന്ന സിഗററ്റ് ഒരു മിഥ്യവല്ലതും ആണോ ? അതോ തന്റെ പുകവലി പ്രേമം മനസ്സില്ലാക്കി വെബ്ബ്സൈറ്റുകാര്‍ ഉപദേശിച്ചു നന്നാക്കാന്‍ മനപൂര്‍വ്വം ചെയ്ത പണിയാണോ ഇത്? ഉത്തരമില്ലാത്ത കുറെ സമസ്യകളും മനസ്സിലിട്ടു കൊണ്ട് അവന്‍ നിന്നു.
NB :-ഇത് കുറിക്കുമ്പോള്‍ ഒരു നീണ്ട ഈമെയില്‍  പരാതി വെബ്ബ്സൈറ്റുകാര്‍ക്കു എഴുതാനുള്ള ശ്രമത്തിലാണു ശ്രീമാന്‍ നന്ദു.

-------------------------------------------------------------------Thank You all for Your Supports

തിങ്കളാഴ്‌ച, ഓഗസ്റ്റ് 11, 2014

കന്നട കൊത്തില്ല

ആദ്യമായി കേരളത്തിനു വെളിയില്‍ പോകുന്ന അവേശത്തിലായിരുന്നു ഞങ്ങള്‍ ഒരോരുത്തരും.ബാഗ്ളൂരില്‍ പ്രോജക്റ്റ് വര്‍ക്കിനു പോകുകയായിരുന്നു ഞങ്ങള്‍.മജസ്റ്റിക്കില്‍ വന്നു ട്രയിന്‍ ഇറങ്ങി   ഇനിയെന്ത് എന്നു ചിന്തിച്ചു അവിടെ ഓരം പറ്റിനില്‍ക്കുന്ന ഹിജഡകളേയും നൊക്കി വായും പൊളിച്ചു കുറേ നേരം നിന്നു,കന്നട ഭാഷയാണെങ്കില്‍ ഒരു പിടിയുമ്മില്ല, അവിടെ നേരത്തേ പോയ കുറച്ചു കൂട്ടുകാര്‍ പഠിപ്പിച്ച ഓഞ്ഞ കുറെ കന്നട കാണാതെ പഠിച്ചു കൊണ്ടാണു ഞങ്ങള്‍ വന്നിരിക്കുന്നത്, ഞങ്ങള്‍ക്കു പോകേണ്ടുന്ന കെ ആര്‍ പുരത്തിലേക്കുള്ള ബസ്സ് എവിടെ നിന്നാണെന്നു എതവനോടെങ്കിലും ചോദിച്ചേ രക്ഷയുള്ളു, അതാ അവിടെ ഒരു ചേട്ടന്‍ നില്‍ക്കുന്നു കണ്ടാല്‍ ഒരു കന്നടചേട്ടന്റെ  ലുക്കു ഉണ്ട്, രണ്ടും കല്‍പ്പിച്ചു ഞാന്‍ ചേട്ടന്റെ അടുത്തു ചെന്നു എന്റെ കന്നട വൈഭവം മറ്റ് കൂട്ടുകാരേ കാണിക്കാന്‍ വേണ്ടി ചോദിച്ചു " ബസ്സ് കെ ആര്‍ പുരം ഹോഗുമാ??", ചേട്ടന്‍ വളരെ ദയനിയമായി ഞങ്ങളെ നോക്കിയിട്ട് മിണ്ടാതെ നിന്നു. ശെടാ ഒരു ഉത്തരം പറയിപ്പിക്കണമല്ലോ, ഞാന്‍ വീണ്ടും ചോദ്യമാവര്‍ത്തിച്ചു, അപ്പോള്‍ ചേട്ടന്‍ പറയുകയാ " കന്നടാ കൊത്തില്ലാ" എന്നു , കന്നടാ കൊത്തില്ല എന്നോ ... കന്നടാ കൊത്തിയാലും ഇല്ലേല്ലും  ഞങ്ങള്‍ക്കു കെ ആര്‍ പുരത്തു പോയേ പറ്റു..   ചോദ്യം അവര്‍ത്തിച്ചു കൊണ്ടേയിരുന്നു.. ആവശ്യക്കാരനു ഔജ്യത്ത്യമില്ലലോ... ഒടുവില്‍ സഹികെട്ട് ചേട്ടന്‍ പറഞ്ഞു "
ഹോഗുമായിരിക്കും". ഹോഗുമായിരിക്കുമെന്നോ ... അപ്പോള്‍ കൂട്ടത്തിലുള്ള രാമു പറയുകയാ.. അളിയ ഈ കന്നട കൊത്തില്ലാ എന്നു ചേട്ടന്‍ ആദ്യമേ പറഞ്ഞത് ഇത് കൊണ്ടായിരിക്കും.അതു ഞങ്ങളെ പോലെ തന്നെ ആദ്യമായി  വന്ന എതോ ഒരു മല്ലുചേട്ടനായിരുന്നു.

ശനിയാഴ്‌ച, ഫെബ്രുവരി 08, 2014

ആട് ചിരി

അപ്രതീക്ഷിതമായിട്ടായിരുന്നു അവള്‍ അവന്റെ മുമ്പില്‍ വന്നത്.ഇനി ഒരിക്കലും കാണില്ല എന്നു ധരിച്ചിരുന്ന രണ്ടുപേരുടെ നീണ്ട കൂറേ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു കണ്ടുമുട്ടല്‍, അവളെ കണ്ടപ്പോള്‍ രാമുവിനു പണ്ട് പുഴകടവില്‍ നാരിനിരാട്ട് കാണാന്‍ പോയപ്പോള്‍ പോലും  ചതിച്ചിട്ടില്ലാത്ത തന്റെ രണ്ടു കണ്ണുകളേയും വിശ്വസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. താന്‍ കാണുന്നത് എതോ സ്വപ്നമാണോ എന്നറിയാന്‍ വേണ്ടി സ്വന്തം കൈകളില്‍ നുള്ളി നോക്കി, നല്ല വേദനയുണ്ട് , ഇത് സ്വപ്നമല്ല യാഥാര്‍ത്യം തന്നെയാണ്.അപ്രതീക്ഷിതമായി അവള്‍ മുമ്പില്‍ വന്നു രാമുവല്ലേ എന്നു ചോദിച്ചപ്പോള്‍ കൈവിട്ട് പോയ സ്വന്തം പട്ടത്തെ നോക്കി അമ്പരന്നു നില്‍ക്കുന്ന കൊച്ചുകുട്ടിയേ പോലെയായി അവന്‍ മാറി,  ഓര്‍മ്മകള്‍ അവനെ കുറെ വര്‍ഷങ്ങള്‍ പുറകിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയി.

കോളേജിലെ രണ്ടാം വര്‍ഷം,ജൂനിയേഴ്സിന്റെ ഇന്റെറ്വ്യൂന്റെ സമയമാണു. ക്ളാസും കട്ട് ചെയ്തു കൂട്ടുകാരോടൊപ്പം കന്റീന്റെ പരിസരത്തിരുന്നു അതു വഴി പോകുന്ന പെണ്‍കുട്ടികളുടെ എണ്ണവും എടുത്തു കൊണ്ടിരിക്കുമ്പോളാണു, ഒരു നീണ്ടു മെലിഞ്ഞ സുന്ദരിയായ ഒരു കിടാവ് അച്ഛനോടൊപ്പം ഇന്റെര്‍വ്യൂവിനു വരുന്നത്.അവരുടെ കണ്ണുകള്‍ തമ്മിലൊന്നു ഇടഞ്ഞു, ജീവിതത്തില്‍ ഇതു വരെ ഒരിക്കല്‍ പോലും കാണാത്ത രാമുവിനേ നോക്കി ആ പെണ്‍കുട്ടി പുഞ്ചിരിച്ചു, വളരെ നാളായി പട്ടിണി കിടന്നവന്റെ മുമ്പില്‍ വന്നു വീണ ഒരു മധുരമുള്ള മാമ്പഴമായിരുന്നു രാമുവിനു ആ പുഞ്ചിരീ,അവന്‍ മനസ്സില്‍ ഓര്‍ത്തു " ഈശ്വരാ ഇതു വരെ തന്റെ ഈ മോന്ത നോക്കി ഒരുത്തിയും ചിരിച്ചിട്ടില്ല ഇനിയെങ്ങാനും ആളു മാറിയതാണോ",ദാഹജലത്തിനായി കൊതിക്കുന്ന വേഴാമ്പല്‍ പോലെ എതെങ്കിലും ഒരു സുന്ദരിയുടെ നോട്ടതിനായി കാത്തിരുന്ന രാമുവിനു ആ ചിരി തന്നെ അവന്റെ സ്വപ്നങ്ങള്‍ക്കു പുതിയ നിറങ്ങള്‍ നല്‍കാന്‍ ധാരാളമായിരുന്നു.പിന്നെ ഒന്നും ആലോചിച്ചില്ല ഒരു യന്ത്രം കണക്കെ അവന്‍ അവളുടെ പിന്നാലെ ഇന്റെര്‍വ്യൂ നടക്കുന്ന ഹാളിന്റെ സമീപത്തിലേക്കു ചെന്നു. അവള്‍ക്കു അവിടെ തന്നെ അഡ്മിഷന്‍ കിട്ടണേ എന്നു മനസ്സില്‍ സകല ദൈവങ്ങളേയും വിളിച്ചു പ്രര്‍ത്ഥിച്ചു കൊണ്ട് അവിടെ നിന്നു.കുറെ സമയത്തിനു   ശേഷം അതാ അവള്‍ ഹാളിന്റെ പുറത്തേക്കു വരുന്നു.അവള്‍ അവനെ നോക്കി പിന്നേയും ചിരിച്ചു, ഡീസലു തീര്‍ന്നു കിടന്ന വണ്ടിക്കു ഫുള്‍ടാങ്ക് ഡീസല്‍ അടിച്ചപോലെ തളര്‍ന്നു നിന്ന രാമുവിനു ആ ചിരി ഒരു പുതിയ ഊര്‍ജ്ജ്യം നല്‍കി, ആ ഊര്‍ജ്ജ്യം അവനെ  2 കിലോമിറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പ് വരെ അവളുടെ  പിന്നാലെ പോകുവാന്‍ ശക്തനാക്കിയിരുന്നു. രാമുവിനു ജീവിതം മനോഹരമായതു പോലെ തോന്നി, അവന്‍ കാത്തിരുന്നു, മനസ്സില്‍ നിറയേ ആ പെണ്‍കുട്ടിയുടെ ചിരിയുമായി.


അവന്റെ കാത്തിരിപ്പിനു സമാപ്തി വരുത്താനെന്നവണ്ണം ആ ദിവസം വന്നെത്തി..പുതിയ കൂട്ടുകാര്‍ വരുന്ന ദിവസം!. രാമു പുതിയ കുട്ടികളുടെ ഇടയില്‍ ആ നീണ്ടുമെലിഞ്ഞ സുന്ദരികുട്ടിയേ തപ്പി നടന്നു, ഒടുവില്‍ അവന്‍ അന്വേഷിച്ചത് കണ്ടെത്തി, തന്നെ നോക്കി പ്രേമഭാവത്തില്‍ ചിരിച്ച സുന്ദരി അതാ BA ഇക്ണോമിക്സ് ക്ലാസില്‍.കടും നില നിറത്തിലുള്ള ചുരിദാറുമുടുത്ത് ക്ളാസിന്റെ ഒരു മൂലയിലിരുന്ന അവള്‍ കൂടുതല്‍ സുന്ദരിയായതു പോലെ..അവരുടെ കണ്ണുകള്‍ തമ്മില്‍വീണ്ടും കൂട്ടിമുട്ടി ആ മുട്ടലിനോടൊപ്പം തന്നെ അവളുടെ ചുണ്ടുകള്‍ രാമുവിനെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു...ദേ പിന്നേയും അവള്‍ ചിരിക്കുന്നു ദൈവമേ  എനിക്കു എന്തിനിത്ര സൌന്ദര്യം തന്നു അറിയാതെ അവന്‍ മനസ്സില്‍ പറഞ്ഞു പോയി.. അവന്‍ പതുക്കെ പരിചയപ്പെടാനെന്ന ഭാവത്തില്‍ അവളുടെ സമീപത്തിലേക്കു ചെന്നു..ഹ്രിദയത്തില്‍ ഒരു പെരുമ്പറയുടെ കൊട്ടല്‍ തന്നെ തുടങ്ങിയിരുന്നു.. വിറയ്ക്കുന്ന ശബ്ദത്തോടെ അവന്‍ അവളോടു ചോദിച്ചു " എന്താ കുട്ടി എന്നേ നോക്കി അന്നു ചിരിച്ചത്.. പറയാന്‍ നാണമാണെങ്കില്‍ പറയെണ്ട എഴുതി തന്നാല്‍ മതി "...അവനെ ഞെട്ടിച്ചു കൊണ്ട് അവളുടെ മറുപടി ഉടനെ തന്നെ വന്നു " നാണമൊന്നുമില്ല ചേട്ടാ.. ചേട്ടന്റെ ആ കുറ്റിതാടി കണ്ടപ്പോള്‍ വീട്ടിലെ ആടിന്റെ കാര്യമോര്‍ത്ത് ചിരിച്ചതാ".. ഇതു കെട്ട് നെഞ്ചു തകര്‍ന്നു പോയ രാമു തന്റെ സൌന്ദര്യത്തെ വെറും ഒരു പീറ ആടിനോടു താരതമ്യപ്പെടുത്തിയതില്‍ തീര്‍ത്തും നിരാശനും ആശങ്കകൂലനും ആയി...  ആട് ചിരി വളര്‍ന്നു പ്രണയ ചിരിയായി മാറാന്‍ അധികം താമസിച്ചില്ല.

പക്ഷേ ആ പ്രണയം അധികം നീണ്ടു നില്‍ക്കാന്‍ കാലം സമ്മതിച്ചില്ല..സുന്ദരിമാരുടെ ചിരി ബലഹീനതയായുള്ള രാമുവിനു വേറെയും പ്രണയങ്ങളുടെന്ന് എതോ പാരകള്‍ അവളെ വിശ്വസിപ്പിച്ചിരുന്നു..അങ്ങനെ അന്നു പൊട്ടിയ ത്ന്റെ ആദ്യ പ്രണയത്തിലെ നായിക ഇതാ ഒരു മൂന്നു വയസുള്ള പെണ്‍കുഞ്ഞിനേയും പിടിച്ചു തന്റെ മുമ്പില്‍ നില്‍ക്കുന്നു. ആ കുഞ്ഞിനെ നോക്കി " എനിക്കു പിറക്കാതെ പോയ മൊളാണു മോളേ നീ " എന്നു അവനു പറയണമെന്നു തോന്നി. പോകാന്‍ നേരം അവന്‍ അവളോട് ചോദിച്ചു"വീട്ടിലേ ആടുകളൊക്കെ സുഖമായിരിക്കുന്നോ "... തിരിഞ്ഞു നടന്ന അവള്‍ അവനെ നോക്കി ഒന്നു ചിരിച്ചു. പഴയ ആ ആടുചിരി. അപ്പോള്‍ എവിടെ നിന്നോ ഒരു ആടിന്റെ കരച്ചില്‍ ആ രംഗം കൊഴുപ്പിക്കാനെന്നവണ്ണം അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു.




വ്യാഴാഴ്‌ച, ജൂലൈ 04, 2013

മറവി

മറവി എല്ലാവര്‍ക്കും പറ്റും എന്നാല്‍ ഒരു മറവി കാരണം പേരു തന്നെ മാറിയാലോ, കഴിഞ്ഞ ദിവസം ബാങ്കില്‍ അകൌണ്ട് എടുക്കാന്‍ വന്ന ഒരു സ്‌ത്രീയുടെ പേരു കേട്ട് കുന്തം വിഴുങ്ങി നിന്നു പോയി, അവരുടെ പേരു ഷാ എന്നാണത്രേ , ഷാ എന്ന പേരു ഒരു സ്‌ത്രിയ്ക്കോ ആര്‍ക്കാണു കുഴപ്പം തനിക്കോ അവര്‍ക്കോ .. അപ്പോഴാണു അവരുടെ പേരു വന്ന വഴി അവര്‍ പറയുന്നതു, അഛനും അമ്മയ്‌ക്കും കൂടി ആറ്റു നോറ്റ് കിട്ടിയ പെണ്‍തരിയായിരുന്നു അവര്‍ വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കള്‍ക്കു മകളെ വിദ്യാഭ്യാസം ചെയ്യിപ്പിക്കണമെന്നു നിര്‍ബന്ഡമുണ്ടായിരുന്നു.
അങ്ങനെ മകളെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള ദിവസം വന്നെത്തി . ശാലിനി എന്നു നല്ലൊരു പേരും കണ്ടെത്തി ... വിദ്യാഭ്യാസം തീരെ ഇല്ലാത്ത മാതാവിനൊടൊപ്പം സ്‌കൂളിലേക്കു അവര്‍ പോയി. വഴിയിലുടനീളം ആ അമ്മ മക്ളുടെ പേരു ശാലിനി എന്നു മനസ്സില്‍ പറയുന്നുണ്ടായിരുന്നു.. പക്ഷേ സ്‌കൂളിന്റെ മുറ്റത്തു എത്തിയതും ശാലിനി എന്ന പേര്‍ അവര്‍ മറന്നു പോയത്രെ.. അവസാനം അവര്‍ കഷ്ടിച്ചു ഓര്‍ത്തെടുത്ത പേരാണു ശാലിനിയുടെ ആദ്യ അക്ഷരമായ ഷാ,, അങ്ങനെ ലോകത്താദ്യമായി ഒരു സ്‌ത്രീയുടെ പേരു ഷാ എന്നായി തീര്‍ന്നത്രേ..

എന്താ ആ കുട്ടിയേ ചേര്‍ത്ത സാറും മണ്ടനായിരുന്നോ അതോ അവരുടെ കഥ കേട്ട് വിശ്വസിച്ച ഞാനോ മണ്ടന്‍?.. ഉത്തരം കിട്ടാത്ത സമസ്യയുമായി വീണ്ടും ഈ ഞാന്‍......  ,  എന്തായാലും പേരു കാര്‍ത്തികയെന്നോ കാവേരിയെന്നോ ഇടാഞ്ഞിരുന്നതു അവരുടെ ഭാഗ്യം അല്ലെങ്കില്‍ ജീവിത കാലം മുഴുവന്‍ എടി 'കാ" യേ എന്നുള്ള വിളിയും കേട്ടു നടന്നേനേയും അവര്‍.

ശനിയാഴ്‌ച, ജൂൺ 22, 2013

എസ് എം എസ്സ്

രാത്രി വളരെയായിട്ടും രാമുവിനു ഉറക്കം വരുന്നില്ലാ.. ഒരു പാട് നാളായി മനസ്സിന്റെ നാലു കെട്ടിനുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്നാ തന്റെ പ്രണയം അവളോടു പറയാന്‍ തന്നെ അവന്‍ തിരുമാനിച്ചു.. എത്ര നാളായി ..ഇനി വയ്യാ... അവന്‍ തന്റെ മോബൈലെടുത്തു " I Love You.Do You Love Me? " എന്ന്  മെസ്സേജ്ജു ടൈപ്പു ചെയ്തു സെന്‍ന്റു ചെയ്തു . .നിമിഷങ്ങള്‍ക്കുള്ളില്‍ മെസ്സേജ്ജിന്റെ മറുപടിയും വന്നു. അവന്റെ ഹ്രിദധമനികളില്‍ രക്‌തയോട്ടത്തിന്റെ ശക്‌തികൂടി.. അവനുറപ്പുണ്ടായിരുന്നു മറുപടി " Yes " എന്നായിരിക്കും...

 ഇല്ല തുറക്കില്ല..എന്തു വന്നാലും ഈ മെസ്സേജ്ജു ഇപ്പോള്‍ തുറക്കില്ല..നാളെ ഒന്നാം തീയതി തന്റെ പ്രണയിനിയുടെ മറുപടിയും കണികണ്ടുണരണമെന്നു അവനു നിര്‍ബന്ഡമുണ്ടായിരുന്നു.. ഉറക്കമില്ലാതെ  ഉറങ്ങി അവന്‍ എങ്ങനേയോ നേരം വെളുപ്പിച്ചു..വിറയാര്‍ന്ന കൈകളോടെ അവന്‍ തന്റെ മൊബൈലിന്റെ ഇന്‍ ബോക്സിലേക്കു ഊളിയിട്ടു.. താന്‍ കാത്തിരുന്ന മെസ്സേജ്ജു കണികണ്ട അവന്‍ 11കെവി  ലൈനില്‍ വീണു ഷോക്കടിച്ച കാക്കയുടെ അവസ്ഥയിലായി..
" Dear Customer, Message sending failed Due to insufficient Balance, Please recharge your account"

വ്യാഴാഴ്‌ച, ഫെബ്രുവരി 21, 2013

മണല്‍

മണലുമായി പായുന്ന ലോറിയില്‍ നിന്നു

ഇറ്റിറ്റു വീഴുന്ന ജലകണങ്ങള്‍

ഭൂമിതന്‍ നെറുകയില്‍ പതിക്കുമ്പോള്‍

പുഴയുടെ കണ്ണീര്‍തുള്ളികളായി

പ്രക്രിതിയുടെ അറുതിയായി

നാളത്തെ തലമുറതന്‍ നൊമ്പരമായി

തിങ്കളാഴ്‌ച, നവംബർ 26, 2012

പരീക്ഷണ രാത്രി

ഓര്‍മ്മകള്‍ ചികെഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകുന്ന വിടവില്‍ നഷ്ട്ബോധത്തിന്റെ പൂര്‍വ്വകാലം നിറയുമ്പോള്‍ മനസ്സില്‍ സൌഹ്രിദത്തിന്റെ ഊഷ്മളതയും ആത്‌മാര്‍ത്ഥതയുമാണു തുടിക്കുന്നത്. എം സി യക്കു പഠിക്കാനായി കലാലയം സ്‌ഥിതി ചെയ്യുന്ന മുന്നു ആറുകളുടെ സംഗമ ഭൂമിയായ മലയോര പട്ടണത്തില്‍ എത്തുമ്പോള്‍‍ ജീവിതത്തില്‍ ആദ്യമായി വീട്ടില്‍ നിന്നു മാറിനില്‍ക്കേണ്ടി വരുമ്പോളുണ്ടാകുന്ന ഒരു പരിഭ്രമം പിടികൂടിയിരുന്നു. പക്ഷേ സൌഹ്രിദത്തിന്റെ കൂട്ടായ്‌മയുടെ ഊശ്മളതയില്‍ അതൊക്കെ അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു.എത്ര പഠിച്ചിട്ടും ഒരിക്കലും രക്ഷപെടാന്‍ പോകുന്നില്ല എന്നു തെളിയിച്ചു കൊണ്ട് സപ്ളികള്‍ വാരികൂട്ടി തന്റെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്ന കോവാലനും ഒരു വായനയില്‍ തന്നെ സകലവും കാല്‍കീഴിലാകുന്ന എല്ലാ പരീക്ഷകളിലും ഒന്നാമനാകുന്ന ബാലേട്ടനും പുങ്കത്തിന്റെ മേലാടയണിഞ്ഞ് എല്ലാവരേയും ഇംഗ്ലീഷു പറഞ്ഞു ഊമരാക്കുന്ന പുങ്കന്‍ ഇക്രുവും എന്നും വൈകിട്ട് നാലുകാലെ കയറി വന്നു ഭാര്യയുടെ മുതുകിനിട്ട് രണ്ട് കൊടുത്താലെ സുഖമായി ഉറങ്ങാന്‍ കഴിയുള്ളു എന്നു പറയുന്ന നിരുപദ്രകാരിയായ ഭര്‍ത്താവിനെ പൊലെ ഇഴഞ്ഞ് ഇഴഞ്ഞ് മാത്രം കൂടണയാറുള്ള രതീഷ്കുമാറും ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെ പിന്‍ഗാമിയെന്നു സ്വയം അവകാശപ്പെട്ടു തന്റെ ലോകത്തില്‍ മാത്രം വിഹരിക്കുന്ന കുരിയണ്ണനും ഒക്കെയുള്ള നാനത്വത്തില്‍ എകത്വമായിരുന്നു ആ കൂട്ടായ്മ. 

പരീക്ഷയുടെ തലേന്നു രാത്രിയില്‍ മാത്രം ഡീസന്റ്പിള്ളാരായി അതു വരെ ഒന്നു തിരിഞ്ഞു നോക്കാത്ത പുസ്‌തകങ്ങളോടു  പ്രേമിക്കുന്ന പെണ്ണിനോടു പോലും കാണിക്കാത്ത സ്‌നേഹം കാണിക്കുകയും നിന്നേ ആര്‍ക്കും വിട്ടു തരികില്ലായെന്നു പറഞ്ഞു കൊണ്ട് ആ പുസ്‌തകങ്ങളെ മാറോട് ചേര്‍ത്ത് നിദ്രയെ വരവേല്‍ക്കാറുള്ള  ഒരു പരീക്ഷയുടെ തലേന്നു രാത്രി. പരീക്ഷയുടെ തലേ രാത്രിയെന്നു പറഞ്ഞാല്‍ അതു ഒരു ശിവരാത്രി തന്നെയായിരുന്നു. ഏറു കൊണ്ട പട്ടിയെ പോലെ പോലെ ഒന്നു മനസ്സിലാവതെ എങ്ങോട്ടെന്നില്ലതെ കിറുങ്ങി എതുവിധേനയും സപ്ളിയുടെ പിടിയില്‍ നിന്നു കുതറി മാറാനുള്ള ഒരു പരക്കം പാച്ചിലു തന്നെയായിരുന്നു ആ രാത്രികള്‍. കയ്യെത്തും ദൂരത്തു വന്നിട്ടും പിടിതരാതെ മാറി നടക്കുന്ന സ്വപ്‌നസുന്ദരിയുടെ ഭാവമായിരുന്നു പല വിഷയങ്ങളിലെ സമസ്യകള്‍ക്കു, അവയുടെ ഉത്തരം അറിയാതെ മേലോട്ട് നോക്കി അകാശത്ത് കണ്ണുചിമ്മികളായ നക്ഷത്രങ്ങളെ ദര്‍ശിച്ച്  ഇങ്ങനെയൊക്കെ ടെസ്റ്റ് ബുക്കുകളില്‍ ഉണ്ടെന്നുള്ള പല കണ്ടെത്തലുകളും ഉളവെടുക്കുന്നതും ആ രാത്രിയിലാണു. രാത്രി പന്ത്രണ്ട് മണി ജീവിതത്തില്‍ ഇതുവരെ കാണാത്ത രായപ്പാന്‍ ആദ്യമായി ആ സമയം കണ്ടതിന്റെ ഉന്മാദലഹരിയില്‍ ആറാടുന്നതും ആ രാത്രി തന്നെ . അങ്ങനെ പലതും കൊണ്ടു ഒരു കാളരാത്രിയായിരുന്നു പരീക്ഷകളുടെ തലേന്നുള്ള രാത്രി.

അങ്ങനെയൊക്കെയുള്ള രാത്രിയുടെ അന്ത്യയാമത്തിലാണു ഭയങ്കരമായ ഒരു അലര്‍ച്ച കേട്ട് എല്ലാവരും ഞെട്ടി പതിമയക്കത്തെ ദൂരെക്കു എറിഞ്ഞു കൊണ്ട് ശബ്‌ദം കേട്ട ഭാഗത്തേക്കു ചെല്ലുന്നതു. വെട്ടിയിട്ട മരം പോലെ അവിടെ  ആരോ വീണു കിടക്കുന്നു അടുത്തു ചെന്നു നോക്കുമ്പോളാണു അതു കുറച്ചു നേരം മുമ്പുവരെ അകത്തു തലയും കുത്തി നിന്നു പഠിച്ചു കൊണ്ടിരുന്ന തുളസിയാണെന്നു മനസ്സിലായതു . പണ്ടേ ദുര്‍ബല കൂടാതെ ഇപ്പോള്‍ വയറിനു സൂക്കേണ്ടും എന്നു പറയുന്നതു പോലെ പരീക്ഷയെന്നു കേട്ടാല്‍ ടെന്‍ഷനടിച്ചു എല്ലാരെയും ടെന്ഷിപ്പിക്കുന്ന തുളസി അതാ വീണിത കിടക്കുന്നു ധരണിയില്‍ ഒരു അസ്ഥികൂടം കണക്കെ. നാളത്തെ പരീക്ഷയെ കുറിച്ചു അലോച്ചിച്ചു ടെന്‍ഷന്‍ മൂത്ത് മറിഞ്ഞു വീണതാണോ എന്നു എല്ലാവരും സംശയിച്ചു അവനെ പിടിച്ചു എഴുന്നേല്‍പ്പിച്ചു കാര്യം തിരക്കിയപ്പോളാണു എന്തണെന്നു മന്സ്സിലായതു , പരീക്ഷയുടെ ടെന്‍ഷന്റെ ഭാരം കുറച്ചു വീട്ടിന്റെ പുറകുവശത്ത് ഒഴുവാക്കി കളയാന്‍ വന്നതായിരുന്നു മേല്പ്പടിയാന്‍ , അപ്പോള്‍ അങ്ങു അകലെ ഇരുട്ടിന്റെ മറവില്‍ എന്തോ    അനങ്ങുന്നതു കണ്ട് പേടിച്ചു വീണതാണെന്നു .തുളസിയെ പേടിപ്പിച്ച ഭീകരനെ അന്വേഷിച്ചു ചെന്നവര്‍ കാണുന്നത് ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തില്‍ മന്ദമാരുതനുമായി ശ്രിഗരിക്കുന്ന ഒരു വാഴയില ആടുന്നതല്ലാതെ മറ്റൊന്നും ആരും കണ്ടില്ല,വഴയില കണ്ടു പേടിച്ചു വീണ തുളസിയെ നിനക്കു ഇതിനേക്കാള്‍ എന്തൊ വരാനിരുന്നതാണെന്നു പറഞ്ഞു സമാശ്വസിപ്പിച്ചു കളിയാക്കി വീണ്ടും പാഠപുസ്‌തകവുമായുള്ള മല്‍പിടുത്തതിലേക്കു എല്ലാവരും മടങ്ങി പോയി.

പിറ്റേന്നു രാവിലെ ഒളിഞ്ഞു നോക്കികൊണ്ടു സൂര്യന്‍ കിഴക്കന്‍ മലകളുടെ മുകളില്‍ എത്തിയപ്പോഴേക്കും തന്നെ എല്ലാവരും എഴുന്നേറ്റ് പരീക്ഷയെഴുതാന്‍ പോകാന്‍ റെഡിയായി , പാവം തുളസി മാത്രം കഴിഞ്ഞ രാത്രിയുടെ ഭീകരകാഴ്ച്ചയുടെ ബാക്കി പത്രമായി പരീക്ഷപോലും എഴുതാന്‍ കഴിയാതെ പേടിച്ചു പനി പിടിച്ചു കിടപ്പാണു.വാഴയിലെ കണ്ട് പേടിച്ച തുളസിയെ അവിടെ കിടത്തിയിട്ട് പരീക്ഷയെഴുതാന്‍ ഇറങ്ങുമ്പോളാണു അപ്പുറത്തെ സുശീല ചേച്ചി പറഞ്ഞറിയുന്ന്തു തലേന്നു രാത്രി കോളേജ്ജില്‍ അരോ കയറി ചോദ്യപേപ്പര്‍ മോഷ്‌ട്ടിച്ചെന്നു.അതു കൊണ്ട് പരീക്ഷ മാറ്റി വെച്ചു എന്നു. മാത്രമല്ല ആ കള്ളന്‍ പരിസരത്തെ പല വീടുകളിലും കയറി മോഷ്ട്ടിച്ചെന്നു. ഈശ്വര ഇനിയെങ്ങാനും ഇന്നലെ തുളസി തലേന്നു രാത്രി കണ്ടത് എന്നു പറഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങളെ കളിയാക്കുന്ന മട്ടില്‍ തലേന്നു രാത്രി തുളസിയെ പേടിപ്പിച്ച വാഴയില കാറ്റുമായി ശ്രിഗരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

തിങ്കളാഴ്‌ച, സെപ്റ്റംബർ 24, 2012

ബള്‍ബ് ജോണ്‍

പത്താം ക്‌ളാസിലെ പരീക്ഷ ജയിച്ചപ്പോള്‍ തന്നെ കോളേജിനെക്കുറിച്ചുള്ള ചേട്ടന്മാര്‍ പറഞ്ഞ കഥകള്‍ കേട്ട് മനസ്സും ശരീരവും അവിടേക്കു പറന്നെത്താനായി കൊതിച്ചിരുന്നു. ആ കൊതീയും കൊണ്ടാണു കോളേജിലേക്കു വരുന്നതു, അല്‍പ്പം അഹങ്കാരമൊക്കെ മുഖത്തു വരുത്തി പ്രീഡിഗ്രിക്കു ചേരാനായി കലാലയത്തില്‍ കാലെടുത്തു വച്ചതു തന്നെ ഉറക്കെയുള്ള സമരം വിളിയും കേട്ടു കൊണ്ടാണു. അന്നത്തെ സമരത്തിന്റെ കാരണം കോളേജ്ജിന്റെ വാട്ടര്‍ ടാങ്കിനുള്ളില്‍ ചത്ത എലിയെ കണ്ടെടുത്തു എന്നുള്ളതായിരുന്നു.ഇതിന്റെ പിന്നില്‍ അന്നു വൈകുന്നേരം ടി വിയില്‍ വരുന്ന ഇന്ത്യാ പാകിസ്‌ഥാന്‍ ക്രിക്കറ്റ് മാച്ചാണെന്നു ചില ദോഷൈകദ്രിക്കുകള്‍ പറയുന്നതു കേട്ടു വായും പൊളിച്ചിരുന്ന ഞങ്ങള്‍ പുതിയ കുട്ടികള്‍ക്കു ഇതൊക്കെ പുതുമയുള്ള കാര്യമായിരുന്നു, സ്‌ക്കൂളിന്റെ അഭിമാനത്തിന്റെ പ്രശ്‌നമായ 100% ശതമാനം വിജയത്തിനായി ഞങ്ങളുടെ സ്വാതന്ത്രത്തിനു മേല്‍ കത്തി വച്ചു കര്‍ശനമായ ചട്ടങ്ങളും മറ്റും അടിച്ചേല്‍പ്പിച്ചിരുന്ന സ്‌കൂളില്‍ നിന്നു വന്ന ഞങ്ങള്‍ക്കു  കലാലയം ഒരു സ്വാതന്ത്രത്തിന്റെ മായ ലോകമായിരുന്നു.

സമരം വിളിയും അടിയും നടക്കുമ്പോള്‍ ഓടി ഒളിക്കാറുള്ള ഞങ്ങള്‍ക്കു  മുമ്പില്‍ തുറന്നു കിടക്കുന്ന സ്വതന്ത്രത്തിന്റെ വതില്‍ അധിക നാള്‍ കണ്ടില്ലെന്നു നടിക്കാന്‍ കഴിയുമായിരുന്നില്ല . അങ്ങനെ പതുക്കെ കലാലയ ജീവിതത്തിലെ സമരങ്ങളും മരം ചുറ്റി പ്രണയങ്ങളും ലൈബ്രറില്‍ പമ്മന്റെ പുസ്‌തക പരായണവും ക്ളസ്സു കട്ടു ചെയ്‌തുള്ള  ശാന്തി തീയേറ്ററിലെ നൂണ്‍ ഷോകളും മീന്‍പിടിപ്പു പാറയിലെ കടവിലെ  കുളിസീനുകളും ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണെന്നു പുതിയ കുട്ടികള്‍ക്കു മനസ്സിലായി തുടങ്ങി.

പ്രീഡിഗ്രി ഫസ്‌റ്റ് ഗ്രൂപ്പില്‍ ചേര്‍ന്ന ഞങ്ങള്‍ക്കു ഫിസിക്‌സ്സ് പ്രാക്‌ടിക്കല്‍ ക്‌ളാസ്സുകള്‍ ഒരു പേടി സ്വപ്‌നമായിരുന്നു.സിംബിള്‍ പെന്‍ഡുലത്തിന്റെ ആട്ടം ശരിയായില്ലെന്നു പറഞ്ഞു ചെവിക്കിട്ടു കിഴിക്കുന്ന കാടന്‍ മത്തായി മുതല്‍ ക്‌ളാസില്‍ ശ്രെദ്ധിക്കതെയിരുന്നാല്‍ തെറിപറയുന്ന വെട്ടുപോത്ത് മുതലുള്ള അദ്ധ്യാപകര്‍ വാഴുന്ന ഫിസിക്സ് എല്ലാവര്‍ക്കും ഒരു പേടി സ്വപ്‌നമായിരുന്നു.ഈ ഭീകരന്മാരായ അദ്ധ്യാപകര്‍ വാഴുന്ന ലാബിലേക്കു കയറി ചെല്ലുന്നതു തന്നെ ചങ്കിടിപ്പോടെയാണു.

ഫിസിക്‌സ് ലാബിലാണു സംഭവം നടക്കുന്നത്. ലാബിലെ കോണ്‍കേവ് ലെന്‍സ് ടെസ്‌റ്റ് ചെയ്യാനുള്ള ബള്‍ബ് കാണുന്നില്ലായെന്നു ആരോ വന്നു കാടന്‍ മത്തായി സാറിനോടു പറഞ്ഞപ്പോള്‍ തന്നെ എല്ലാവരുടേയും മുട്ടുകിടന്നു വിറയ്‌ക്കാന്‍ തുടങ്ങി. ആരാണു ബള്‍ബ് അടിച്ചുമാറ്റിയതെന്നു അറിയാന്‍ സാറന്മാരുടെ മേല്‍നോട്ടത്തില്‍ ഒരോരുത്തരുടേയും ബാഗ്ഗുകള്‍ തപ്പാന്‍ തുടങ്ങീ , കഴിഞ്ഞവര്‍ കഴിഞ്ഞവര്‍ ആശ്വാസം കൊണ്ടപ്പോള്‍ അടുത്ത ഊഴത്തിനു നില്‍ക്കുന്നവന്റെ പടെ പടെ എന്നുള്ള നെഞ്ചിടിപ്പിന്റെ ശബ്‌ദം അവിടമാകെ മുഴങ്ങി കൊണ്ടിരുന്നു.

ഒടുവില്‍ ക്‌ളാസിലെ അയ്യോ പാവമായ ജോണിന്റെ ഊഴം വന്നെത്തി. അങ്ങനെ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീക്ഷണിയായേക്കാവുന്ന ആ കൊലചതി ചെയ്‌തവനെ കണ്ടെത്തി, ജോണിന്റെ ബാഗില്‍ മൂന്നാലു ബള്‍ബ്ബുകള്‍. ഹബടാ ഭയങ്കര അകെ നാലടി പോലും നീളമ്മില്ലാത്തവന്റെ കൈയ്യിലിരിപ്പേ എന്നു പറഞ്ഞു കാടന്‍ മത്തായും വെട്ടുപോത്തും കൂടെ അവനെ വളഞ്ഞു. പാവം ജോണ്‍ കിടുക്കിടാന്നു കിടന്നു വിറയ്‌ക്കാന്‍ തുടങ്ങി. അദ്ധ്യാപകരുടെ കൈയ്യില്‍ നിന്നു കണക്കിനു കിട്ടിയ അവനു അതിനു ശേഷം ക്‌ളാസില്‍ പുതിയ പേരും വീണു " ബള്‍ബ് ജോണ്‍" .

പക്ഷേ പിന്നിട് അറിയാന്‍ കഴിഞ്ഞതു മുറി വ്രിത്തിയാക്കാന്‍ വന്ന അറ്റന്‍ഡര്‍ ചേട്ടന്‍ ഫ്യൂസായെന്നു കരുതി ഉരിമാറ്റിയ ബള്‍ബുകള്‍ എതോ വീരുതന്‍  ജോണിന്റെ ബാഗില്‍ തിരുകി കയറ്റിയതാണ്.

ശനിയാഴ്‌ച, ജൂൺ 16, 2012

സാമൂഹ്യപാഠം

പാഠം 1

ആഹാരം

പാടം ശൂന്യം

പശി അകറ്റി ജീവന്‍ നിലനിര്‍ത്താന്‍

കൊളൊസ്‌ട്രോളും ഷുഗറും നല്‍കി

സൂപ്പര്‍ മാര്‍ക്കറ്റിന്‍ ശീതളതയില്‍

പഴകി തണുത്ത ഫാസ്റ്റ് ഫുഡ്.


പാഠം 2

വസ്‌ത്രം

പരുത്തി വര്‍ജ്ജ്യം

വര്‍ണ്ണങ്ങള്‍ വാരി വിതറും


സിന്തറ്റിക്ക് ഫൈബറിന്‍ ഇഴകള്‍


എണ്ണി തിട്ടപ്പെടുത്തി


മേനിയില്‍ ചുറ്റി മേനി നടിപ്പവര്‍




പാഠം 3

പാര്‍പ്പിടം

മൂന്നു പേര്‍ക്കു പാര്‍ക്കാന്‍

മൂവായിരം സ്ക്വയര്‍ ഫീറ്റ്

പൊങ്ങച്ചത്തിന്‍ അടിസ്‌ഥാനത്തില്‍

കെട്ടി പൊക്കിയ നിലകളും അതിന്മേല്‍

വീണ്ടും നിലകളും...


ഇന്നത്തെ പാഠം ഇവിടെ തീര്‍ന്നു

ചൊവ്വാഴ്ച, മേയ് 29, 2012

ഒളിച്ചോട്ടം


പ്രേമ്മനു പഠനത്തോടൊപ്പം തന്നെ അടുത്തുള്ള വീടുകളില്‍ പോയി ട്യൂഷനെടുക്കുന്ന (ദു)ശീലമുണ്ടായിരുന്നു .അതില്‍ നിന്നു കിട്ടുന്ന വരുമാനം എല്ലാ ആഴ്‌ച്ചയിലും സിനിമ കോട്ടയില്‍ പോകാനും പാക്കരേട്ടന്റെ അരിഷ്‌ട്ടമടിക്കാനും തികഞ്ഞിരുന്നില്ലെങ്കിലും അറിവ് പകര്‍ന്നു കൊടുക്കുമ്പോളുണ്ടാകുന്ന നിര്‍വ്രിതിയില്‍ അവന്‍ സന്തോഷം കണ്ടെത്തിയിരുന്നു. ആ സന്തോഷത്തിന്റെ കൂട്ടത്തില്‍ അവനു വേറെ ചില ഗുണഗണങ്ങളും വന്നു ചേര്‍ന്നു കൊണ്ടിരുന്നു. സുന്ദരികളായ പല ചേച്ചിമാര്‍ തങ്ങളുടെ മക്കള്‍ക്കായും ബന്ധുക്കളായ കുട്ടികാള്‍ക്കായും പ്രേമ്മന്‍ മാഷിന്റെ അടുത്തു അപേക്ഷയുമായി വന്നു ചേരുന്നതു അലവലാതികളായ അവന്റെ കൂട്ടുകാരുടെ സഹനത്തെ പരീക്ഷിക്കുന്നതിനു തുല്യമായിരുന്നു.ചില വീടുകളില്‍ നിന്നു അവനു കിട്ടുന്ന ശാപ്പാടിന്റെ കര്യം പറഞ്ഞു അവന്‍ പലപ്പോഴും അവരുടെ ക്ഷമയേ വീണ്ടും വീണ്ടും പരീക്ഷിച്ചു കൊണ്ടേയിരുന്നു.

അങ്ങനെയിരിക്കയാണു സുശീല ചേച്ചിയുടെ സുന്ദരിയായ മകള്‍ കുമാരിക്കു ട്യൂഷനെടുക്കാന്‍ പ്രേമ്മന്‍ മാഷ് ചെല്ലുന്നതു.കുമാരിയേകുറിച്ചു പറയുവാണെങ്കില്‍ സൌന്ദര്യം കൂടുതലാണെങ്കിലും ബുദ്ധിക്കുറവിനു യാതൊരു കുറവും ഇല്ലായിരുന്നു അവളുടെ പല മണ്ടന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാനറിയാതെ പ്രേമ്മന്‍ കുഴങ്ങി. അവളുടെ ബുദ്ധിക്കുറവിനേ കൂടുതല്‍ ബലപ്പെടുത്തനെന്നവണ്ണം കുമാരിക്കു പ്രേമ്മന്‍ മാഷിനോടു പ്രേമ്മം തോന്നിയതു . അല്ലെങ്കില്‍ പൂവന്‍പഴം പോലിരിക്കുന്ന ഇവള്‍ക്കു എല്ലുംതോലുമായിരിക്കുന്ന ഈ പ്രേമ്മനോടു ഇഷ്‌ട്ടം തോന്നാന്‍ യതൊരു കാരണവും പ്രേമ്മന്റെ കൂട്ടുകാരന്‍ രാജപ്പനു കാണുവാന്‍ കഴിഞ്ഞിരുന്നില്ലാ, "അല്ലേലും ഈ പെണ്‍പിള്ളകള്‍ ഇങ്ങനാ സല്‍മാന് ‍പൊലെയിരിക്കുന്ന തന്നോടൊന്നും തോന്നാത്ത ഒരു താത്‌പര്യം ശക്‌തിയായൊരു കാറ്റടിച്ചാല്‍ പറന്നു പോകുന്ന ഈ പ്രേമ്മന്നേ പൊലുള്ളവന്മാരോടുണ്ടൂ തോന്നേണ്ടുന്ന വല്ല കാര്യവുമുണ്ടോ? ": രാജപ്പന്‍ അറിയാതെ മനസ്സില്‍ പറഞ്ഞുപോയി . അങ്ങനെ പൊട്ടനു ലോട്ടറി അടിച്ചതു പോലെയായി പ്രേമ്മന്‍ , ഇരുവരുടേയും ഇഷ്‌ട്ടത്തിന്റെ തീവ്രത പെട്രോളിന്റെ വില പോലെ ഒരു നിയന്ത്രണവുമില്ലാതെ അങ്ങനെ കുതിച്ചു ഉയര്‍ന്നു കൊണ്ടിരുന്നു.

അങ്ങനെ പ്രേമ്മന്റെ കളര്‍ സ്വപ്‌നങ്ങളിലെ നിത്യഹരിത നായികയായി കുമാരി മാറി. പ്രണയം തലയ്‌ക്കു പിടിച്ച ഇരുവരും ഒടുവില്‍ തികച്ചും ലളിതസുന്ദരമായ തീരുമാനത്തിലെത്തി,  തങ്ങള്‍ കണ്ട പൈങ്കിളി പടത്തിലെ നായകനേയും നായികയേയും പോലെ ഒളിച്ചോടാന്‍ എന്നുള്ളതായിരുന്നു ആ തീരുമാനം , അങ്ങനെ അവര്‍ ജീവിതത്തിലെ ആദ്യത്തെ ഒളിച്ചോട്ടത്തിനായി തങ്ങളുടെ മനസ്സിനെ തയാറാക്കി നിര്‍ത്തി . ഒടുവില്‍ ആ പുണ്യപാവന ദിനം വന്നെത്തി. അതൊരു വെള്ളിയാഴ്‌ച്ച ദിവസം ആയിരുന്നു, രാത്രി ആയപ്പോള്‍ നാളിതു വരെ ഒറ്റയ്‌ക്കു രാത്രിയില്‍ വീടിന്റെ വെളിയില്‍ ഒന്നു മുള്ളാന്‍ പോലും പോകാത്ത  പ്രേമ്മന്‍ , ഇര തേടാനിറങ്ങുന്ന സൊമാലിയയില്‍ നിന്നുള്ള പുലിയുടെ ആക്രാന്തത്തോടെ കുമാരിയുടെ വീടു ലക്ഷ്യമാക്കി നിങ്ങി തുടങ്ങി . അവള്‍ വീടിന്റെ വടക്കെ അതിരിലുള്ള മരത്തിന്റെ ചുവട്ടില്‍ കാത്തു നില്‍ക്കാമെന്നു അവനു വാക്കു കൊടുത്തിരുന്നു.  ഇല്ലാത്ത ധൈര്യം അടുത്തുള്ള ബിവറേജ്ജിസില്‍ നിന്നു കടം വങ്ങിയാണു അതിയാന്റെ വരവ്, അന്തരീക്ഷത്തില്‍ പാലപൂവിന്റെ മണവും നായ്ക്കളുടെ ഒരിയിടലിന്റേയും ശബ്‌ദവും കൂടി വന്നപ്പോള്‍ പ്രേമ്മന്റെ മുട്ടുകാലുകള്‍ തമ്മില്‍ ഇടി മത്സരം തുടങ്ങിയിരുന്നു. ആ കൂട്ടിയിടിക്കിടയ്യില്‍ അവന്‍ കടം വാങ്ങിയ ധൈര്യം അവനറിയാതെ തന്നെ തറയിലോട്ടു ചോര്‍ന്നു പൊയ്‌കൊണ്ടിരുന്നു,  പെട്ടെന്നു എന്തോ ഒന്നു പടേ എന്നു ഉയര്‍ന്ന ശബ്‌ദത്തോടെ പ്രേമ്മന്റെ പിന്നില്‍ വീണു. അവന്‍ അവിടെ നിന്നു എന്താണു വീണതെന്നു തിരിഞ്ഞു പോലും നോക്കാതെ ഒറ്റയൊരോട്ടം വെച്ചു കൊടുത്തു.


സൂര്യന്‍ അന്നും പതിവു പോലെ തന്നെ കിഴക്കു ഉദിച്ചു രാവിലെ എഴുന്നേറ്റു നോക്കിയ വീട്ടുകാര്‍ പ്രേമ്മന്‍ മാഷിനെ കാണാതെ ബേജാറായി അന്വേഷണമായി, ഒടുവില്‍ തലേന്നു മണിയറയും സ്വപ്നം കണ്ടു നടന്നവനേ കുമാരിയുടെ വീടിന്റെ അടുത്തുള്ള ആ പഞ്ചായാത്തിലെ സകല വേസ്‌റ്റുകളേയും ഉള്‍ക്കൊള്ളുന്ന അധികമാഴമില്ലാത്ത പൊട്ടകിണറ്റില്‍ നിന്നു കണ്ടെടുത്തു, മറ്റൊരു വേസ്‌റ്റായി മാറിയ മാഷിനെ നാട്ടുകാര്‍ കോരിയെടുത്തു ആശുപത്രിയിലാക്കി. തലേന്നു രാത്രിയില്‍ പിന്നില്‍ വീണ ഓലയുടെ ശബ്‌ദം കേട്ടു പേടിച്ചു ഹതാശനായ പ്രണയനായകന്‍ ഒരു വാരികുഴിയില്‍ നിപതിച്ചതായിരുന്നു. ഇനി നമ്മുടെ നായിക കുമാരിയ്‌ക്കെന്തു സംഭവിച്ചെന്നു അറിയേണ്ടേ.. ,പ്രേമ്മനൊടുള്ള അടുപ്പം അറിഞ്ഞു അവളുടെ വില്ലനായ അഛന്‍ അവളെ മര്‍ദ്ദിച്ചു മുറിയില്‍ പൂട്ടിയിട്ടതാവുമോ?.  കുമാരിയ്‌ക്കു പക്ഷേ ചുക്കും സംഭവിച്ചില്ല ഒരു ആവേശത്തിന്റെ പുറത്തു ഒളിച്ചോടാനെന്നു സമ്മതിച്ച അവള്‍ ആ കാര്യം മറന്നു അന്നു രാത്രി മുറിയില്‍ നിന്നു പുറത്തിറങ്ങാതെ സുഖാമായി തന്നെ കിടന്നു ഉറങ്ങി., ഇതറിഞ്ഞ രാജപ്പന്‍ മനസ്സിലോര്‍ത്തു " ഒരു രാത്രി ചവറുകളുടെ ഇടയില്‍ ഭയാശങ്കയോടെ കിടന്ന ഈ പ്രേമ്മനോ അതോ എല്ലാം മറന്നു അന്നു നിദ്രയേ പുല്‍കി സുഖസുഷ്പിതിയില്‍ കിടന്ന കുമാരിയോ ? ആര്‍ക്കാണു യഥാര്‍ദ്ധത്തില്‍ ബുദ്ധിയില്ലാത്തതു ?
Related Posts Plugin for WordPress, Blogger...