അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

കുപ്പിവള കിലുക്കം

ആദ്യമായി തോന്നുന്ന പ്രണയവും ആദ്യത്തെ ജോലിയും പ്രണയാതുരനും തൊഴില്‍രഹിതനുമായ  യുവാവിനെ സംബഡിച്ചു മറക്കാനാകാത്ത കാര്യമാണു.രാമുവും ആ  ജെനുസ്സില്‍ പെട്ട ഒരുവനായിരുന്നു.പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു തേരാപാരാ പെണ്‍കുട്ടികളെ വായി നോക്കി നടക്കുമ്പോളാണു ബോംബയിലെ പ്രശസ്‌തമായ കമ്പനിയില്‍ രാമുവിനും കൂട്ടുകാര്‍ക്കും ഒരു  പണി തരപ്പെടുന്നതു. അങ്ങനെ രായിക്കുരാമാനം നാടുവിട്ട് ബോംബയിലേക്കുള്ള നേത്രവതിയില്‍ കയറി, കൂടെ ചങ്ങായിമാരായ തുളസിയും എല്‍ദോയും . ബോംബെയെന്ന മഹാനഗരത്തിലെത്തിയ ഈ മൂന്നു പേര്‍ എങ്ങോട്ടു പോകണമെന്നറിയാതെ വായും പൊളിച്ചു കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുമ്പോളാണു അവരുടെ മുമ്പാകേ രക്ഷകനായി മഹാമനസ്കനായ ഒരു മലയാളി ചേട്ടന്‍ അവതരിക്കുന്നത്. ചേട്ടന്‍ അവര്‍ക്കു താമസിക്കാനുള്ള സ്‌ഥലം റെഡിയാക്കി തരാം എന്നു ഏറ്റു , അവരേ ചേട്ടന്റെ ഫ്ളാറ്റിലേക്കു കൊണ്ടു പോയി. ഒരോരുത്തരും 200 രുപ വീതം ദിവസവും കൊടുക്കണം എന്നു പറഞ്ഞപ്പോള്‍ മാത്രമാണു ചേട്ടന്റെ സ്‌നേഹത്തിന്റെ ആത്‌മാര്‍ത്ഥത അവര്‍ ശരിക്കും മനസ്സിലാക്കുന്നത് , ഇനി അവിടെ നിന്നാല്‍ കൈയ്യില്‍ ഒരു നയാപൈസ പോലും ബാക്കി കാണില്ലായെന്നു  മനസ്സിലാക്കിയ അവര്‍ ചേട്ടനോടു യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. അവസാനം അലഞ്ഞു തിരിഞ്ഞു അവിടെയടുത്തുള്ള ഒരു കോളനിയില്‍ ഒരു മുറി തരപ്പെടുത്തി.നിന്നുതിരിയാനാകാത്ത ആ കുടുസ്സു മുറിയില്‍ അവര്‍ താമസം ആരംഭിച്ചു.ആ മുറിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ കിടന്നു കൊണ്ടു അവര്‍ ഒരോ സ്വപ്‌നങ്ങള്‍ നെയ്യാന്‍ തുടങ്ങി.നാട്ടില്‍ നിന്നു കിലോമിറ്ററുകള്‍ക്ക് അപ്പുറം അവര്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നത്തില്‍ സ്രിഷ്ട്ടിച്ചു.

അങ്ങനെ പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള ദിവസം വന്നെത്തി അവര്‍ മൂന്നു പേരും കൂടെ പുതിയ ജോലി സ്‌ഥലത്തേക്കു പോകാനായി ഒരുമിച്ചിറങ്ങി . തീരെ പരിചയമ്മില്ലാത്ത അടുത്തു തന്നെയുള്ള അന്ധേരി റേയില്‍വേ സ്‌റ്റേഷനില്‍ അവര്‍ എത്തി. അവിടുത്തെ ആള്‍ തിരക്കു കണ്ട് തുളസി അറിയാതെ തലയില്‍ കൈവെച്ചു കൊണ്ടു പറഞ്ഞു പോയി " ത്രീശൂര്‍ പൂരത്തിനു പോലും ഇത്രയും തിരക്ക് ഞാന്‍ കണ്ടിട്ടില്ലാ ഭഗവാനേ...!" . അവര്‍ക്കാകെ അറിയാവുന്നതു ഓഫീസിരിക്കുന്ന സ്‌ഥലപേരു മാത്രം ആയിരുന്നു " ലോവര്‍ പരേല്‍ " എന്ന ആ പേരു അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉരുവിട്ടു ഇതിനകം കാണാപാഠം പഠിച്ചു കഴിഞ്ഞിരുന്നു. പണ്ട് നാട്ടില്‍ ദൂരദര്‍ശനില്‍ വരുന്ന ഹിന്ദി പടങ്ങള്‍ കണ്ട ബലത്തില്‍ താനോരു ഹിന്ദി വിദ്വാനാണെന്ന ഭാവത്തില്‍ തുളസി അടുത്തു കൂടെ പോകുന്നവരോടു " ഹൈ ഹൊ ഹും " എന്നൊക്കെ പറഞ്ഞു കൊണ്ടു ഷൈന്‍ ചെയ്‌തു കൊണ്ടിരുന്നു. ഇതു കണ്ടു ഹിന്ദിയില്‍ എ ബി സി എഴുതാന്‍ അറിയാത്ത രാമു വായും പൊളിച്ചു നിന്നു പോയി. സ്‌റ്റേഷനില്‍ അവര്‍ വെറുതേ നിന്നു കൊടുത്തതേയുള്ളു ട്രയിനിന്റെ അകത്തു കയറ്റാനുള്ള ജോലി ചുറ്റുമുള്ള ആളുകള്‍ തന്നെ സ്വയം ഏറ്റെടുത്തു എല്ലാരു കൂടെ തള്ളി അവരെ ഓരോരുത്തരേയും പോകാനുള്ള ട്രയിനിന്റെ അരികിലെത്തിച്ചു. അവര്‍ മൂവരും ലോവര്‍ പരേലിലേക്കുള്ള തീവണ്ടിയില്‍ വലിഞ്ഞു പിടിച്ചു കയറി.ശ്വാസം കഷ്ട്ടിച്ചു വിടാമെന്ന അവസ്‌ഥ, ആ ഭയങ്കര തിരക്കിനിടയില്‍ അവര്‍ മൂന്നു പേരും ഇതിനകം മൂന്നു വഴിക്കായി പോയിരുന്നു.

ട്രയിന്‍ എതോ ഒരു സ്‌റ്റേഷനില്‍ നിറുത്തിയതും കടന്നല്‍ കൂട്ടം ഇളകി വരുന്നതു പോലെ ഒരു പറ്റം നാടോടി സ്‌ത്രീകള്‍ ആ ബോഗിയിലേക്കു ഇരച്ചു കയറി.രാമു നിന്ന ഭാഗത്തേക്കു ഒരു കൂട്ടം സുന്ദരികളായ ആ സ്‌ത്രികള്‍ കടന്നു വന്നു, ചക്കരകുടത്തില്‍ തലയിട്ട പൂച്ചയേ പോലെ അവന്‍ അവരുടെ സൌന്ദര്യത്തെ ആരാധിച്ചു കൊണ്ടു അവിടെ നിന്നു. അതിലൊരു കൊച്ചു സുന്ദരി ഏറു കണ്ണിട്ടു അവനേ നോക്കി ഒന്നു മന്ദഹസിച്ചു, അവളുടെ കൈയ്യിലെ കുപ്പിവളകള്‍ കിലുങ്ങുന്നുണ്ടായിരുന്നു, അവന്‍ മനസ്സില്‍ ഓര്‍ത്തു ഇവിടെ പിച്ചയ്‌ക്കു നടക്കുന്നവരിലും ഇത്രയും സുന്ദരിമാരോ നാട്ടില്‍ സുന്ദരിമാരണെന്ന ഭാവത്തില്‍ നടക്കുന്നവളുമാരു ഇതിന്റെയൊക്കെ ഏഴയലത്തു വരില്ലലോ, രാമു ആ കൊച്ചു സുന്ദരിയുടെ മാസ്‌മരിക സൌന്ദര്യത്തില്‍ ലയിച്ചു ഓരോ മനോരാജ്യവും കണ്ടു കൊണ്ട് അവിടെ നിന്നു.

ട്രയിന്‍ അടുത്ത സ്‌റ്റേഷനിലെത്തിയപ്പോള്‍ ആ സ്‌ത്രീകളുടെ കൂട്ടം അവിടെ ഇറങ്ങി . പക്ഷേ ആ കൊച്ചുസുന്ദരിയുടേയും രമുവിന്റേയും കണ്ണുകള്‍ വീണ്ടുമൊരിക്കല്‍ കൂടി ഉടക്കി .അവളവനേ നോക്കി വീണ്ടും ഒരിക്കല്‍ കൂടി മന്ദഹസിച്ചു. ആ ചിരിയില്‍ അവന്‍ പല അര്‍ത്ഥങ്ങളും തിരഞ്ഞു കൊണ്ടേയിരുന്നു. അവള്‍ അവന്റെ കണ്ണിന്‍മുമ്പില്‍ നിന്നു മാഞ്ഞപ്പോള്‍ വല്ലാത്ത ഒരു ഏകാന്തത അവനു അനുഭവപ്പെട്ടു, താന്‍ തനിച്ചായതു പോലെ രാമുവിനു തോന്നി. ആ കൊച്ചു സുന്ദരിയുടെ കുപ്പിവളകിലുക്കം അവ്ന്റെ കാതുകളില്‍ മുഴങ്ങി കോണ്ടേയിരുന്നു.ട്രയില്‍ വീണ്ടും അടുത്ത സ്‌റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.അവന്‍ പിന്നേയും കുറേ ദൂരം യാത്ര ചെയ്‌തു. ട്രയിനിലേ തിരക്കു കുറഞ്ഞു കൊണ്ടിരുന്നു,

തുടര്‍ന്നു എതോ സ്‌റ്റേഷനില്‍ ഇറങ്ങിയ രാമു മറ്റു രണ്ടു പേരേയും കാണാതെ വന്നപ്പോള്‍ മനസ്സിലായി  താന്‍ ഇറങ്ങിയ സ്‌ഥലം മാറിപോയെന്ന് .അപ്പോഴേക്കും അവന്‍ വന്ന നീളന്‍ ലോക്കല്‍ ട്രയിന്‍ പറ്റിച്ചേയെന്നു പറയുന്നതു പോലെ മുരണ്ടു കൊണ്ടു ഇതിനകം അവിടം വിട്ടിരുന്നു.  എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന രമു കീശയില്‍ കൈയ്യിട്ടപ്പോള്‍  തന്റെ പേഴ്‌സ്സുകാണുന്നില്ലാ എന്ന ഭീകരമായ സത്യം ബോധ്യപ്പെട്ടു .രമു ഞെട്ടി തരിച്ചിരുന്നു പോയി, അരോ രാമുവിന്റെ പോക്കറ്റടിച്ചിരിക്കുന്നു. കൈയ്യിലുള്ള മോബൈയിലും പേഴ്‌സും എല്ലാം അവനു നഷ്‌ട്ടമായി.

വണ്ടികൂലിക്കുള്ള കാശു പോലുമില്ലാതെ ഏതാണ്ടൊക്കെയോ നഷ്‌ട്ടപെട്ട ഏതാണ്ടു പോലെ അവന്‍ കുറച്ചു നേരം അവിടെ തലകുനിച്ചിരുന്നു , ഇനിയെന്തു ചെയ്യണമെന്നു ഒരു പിടിയും കിട്ടുന്നില്ലാ കൈയ്യില്‍ മോബൈല്‍ ഫോണില്ലാത്തതു കൊണ്ട് ആരേയും വിളിക്കാന്‍ പോലും പറ്റാത്ത അവസ്‌ഥ, പതുക്കെ തലയുയര്‍ത്തി നോക്കിയപ്പോളതാ  ഒരു ഇരയെ വിഴുങ്ങാനുള്ള ആര്‍ത്തിയോടു പാഞ്ഞു വരുന്നു, കരടിയേ പൊലെ കറുത്ത കോട്ടുമിട്ടൊരു ടി ടി ആര്‍ ,രാമുവിന്റെ കൈയ്യിലാണെങ്കില്‍ യാത്രാ പാസ്സ്‌ പോയിട്ട് ഒരു കുന്തവും ഇല്ലാ, ആ പൊക്കറ്റടിച്ച കാലമാടനേ മനസ്സില്‍  തികഞ്ഞ ആത്‌മാര്‍ത്ഥയോടുകൂടി തന്നെ പ്രാകികൊണ്ടു അവിടുന്നു പതുക്കെ എങ്ങെനെയെങ്കിലും ഊരിപോകാന്‍ ശ്രമിക്കുമ്പോള്‍ ആ കറുത്ത കോട്ടുകാരന്‍ രാമുവിനെ തന്നെ കയറി പിടിച്ചു,പാസ്സില്ലായെന്നു മനസ്സിലാക്കിയ അയാള്‍ അവനോടു ഒരു 500 രൂപയുടെ പിഴയടയ്‌ക്കാന്‍ ഉത്തരവിട്ടു. ഒരു ഗതിയും ഇല്ലാതെ അവിടെ നിന്ന അവന്‍ അവീടെ നിന്നു ഒരു ഓട്ടം വെച്ചുകൊടുത്താലോ എന്നു ഒരു നിമിഷം ചിന്തിച്ചു പോയി, അവസാനം അവനൊരു ബുദ്ധി തോന്നി പൊട്ടനായി അഭിനയിക്കുകയെന്ന്തായിരുന്നു അതു . രമുവിനു കാര്യമായി അഭിനയിച്ചു ബുദ്ധിമുട്ടെണ്ടിവന്നില്ല കാരണം അവനെ കാണുബോള്‍ തന്നെ ഒരു പൊട്ടനായി ആര്‍ക്കും തോന്നും തടിച്ചു ഊരുണ്ടു ഒരു സോഡാഗ്‌ളാസും വെച്ചുള്ള രൂപം .ഒടുവില്‍  ടി ടി ആര്‍ അവന്റെ ദയനീയത കണ്ട് അവനേ വെറുതേ വിട്ടു , ഒരു പൊട്ടന്റേ കൈയ്യില്‍ നിന്നു ഒന്നും തടയുകയ്യിലെന്നു മനസ്സിലായി കാണും അയാള്‍ക്കു.എങ്ങനയോ അവന്‍ അവിടെ നിന്നു പുറത്തു ചാടി, അടുത്തു കാണുന്ന ടെലിഫോണ്‍ ബൂത്തു ലക്ഷ്യമാക്കി ആഞ്ഞു നീങ്ങി.

ഇതിനിടയില്‍ അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങിയ തുളസിയും  എല്‍ദോയും നോക്കുമ്പോള്‍ അവരുടെ കൂടെ വന്ന രാമുവിനെ കാണുന്നില്ല , കാണാതായ കൂട്ടുകാരന്‍ രാമുവിനെ തിരക്കി നടക്കുമ്പോള്‍ അവര്‍ക്കു ഒരു ഫോണ്‍ കോള്‍ വന്നു.അതു രാമുവിന്റെതായിരുന്നു.അവന്‍  അരുടെയൊക്കെയോ കൈയും കാലും പിടിച്ചായിരുന്നു അവരേ വിളിച്ചത് .വിവരമറിഞ്ഞു അവര്‍ ഇരുവരും  രാമു നിന്നിരുന്ന സ്ഥലത്തേക്കു കുതിച്ചു .അവിടെ ചെന്നപ്പോള്‍ ആകെ പരവശനായി അവശനായി ഇരിക്കുന്ന രാമുവിനേയാണു അവര്‍ കണ്ടതു.വല്ല വിധേന രാമുവിനേയും കൊണ്ട്  അവര്‍  പുതിയ ജോലി സ്‌ഥലത്തേക്കു പോകാനായി ഒരു ടാക്‌സിയില്‍ കയറി,അവര്‍ വിണ്ടും  പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്‌നം കണ്ടു, യാത്രയ്‌ക്കിടയില്‍ ടാക്‌സിയില്‍ വെച്ച്  രാമു അറിയാതെ തന്റെ പോകറ്റിലൊന്നു കൈയ്യിട്ടു നോക്കി , പോകറ്റിന്റെ അകത്തു നിന്നും ഒരു കുപ്പിവളയുടെ കക്ഷണം അവന്റെ കൈയ്യില്‍ കൊണ്ടപ്പോള്‍ അവന്റെ കൈ ചെറുതായി ഒന്നു വേദനിച്ചു. ആ വേദനയിലും ആ കൊച്ചു സുന്ദരിയുടെ കുപ്പിവളകിലുക്കം അവ്ന്റെ കാതുകളില്‍ വിണ്ടും വിണ്ടും മുഴങ്ങി കൊണ്ടേയിരുന്നു.

ബുധനാഴ്‌ച, സെപ്റ്റംബർ 21, 2011

ചിറകൊടിഞ്ഞ സ്വപ്‌നങ്ങള്‍ .











സ്വപ്‌ങ്ങള്‍ക്കു ചിറകുണ്ടായിരുന്നെങ്കില്‍
അതിന്റെ ചിറകിലേറി
എന്നുടെ സ്വപ്‌നത്തീരങ്ങളില്‍
പറെന്നെത്തുമായിരുന്നു .
എഴുതുമായിരുന്നു ഒരു കവിത
അതിന്റെ സുവര്‍ണ്ണ മണല്‍തരികളില്‍
കോപം പൂണ്ട തിരകള്‍ വന്നു
മായിച്ചീടാതെ മറയ്‌ക്കുമായിരുന്നു
അതിലെ വരികളെ
എന്നുടെ കൈകളാല്‍ .

ചിറകൊടിഞ്ഞ പക്ഷി പോലെ
ഉയരാനാവാതെ പതിക്കുന്നു
താഴേയി മണ്ണിലേക്കു
എന്നുടെ സ്വപ്‌നങ്ങള്‍.
ഇന്നു ഞാനറിയുന്നു
എന്നിലെ നിസ്സാഹയത.
എന്നിലെ സ്വപ്‌നങ്ങള്‍ക്കു
ചിറകില്ലായെന്ന സത്യത്തെ.
വെറുമൊരു മനുജനായ
എനിക്കു പറക്കാനാകില്ല്ലോ.

എങ്കിലും ഞാന്‍
നിത്യവും തലോടും
ആര്‍ക്കും തടുക്കാനാകാത്ത
എന്നുടെ സ്വപ്‌നങ്ങളെ,
പ്രതീക്ഷയോടെ ദര്‍ശിക്കും
അതിന്റെ സൌന്ദ്യര്യത്തെ.
വെറുതെയാണെന്നു അറിഞ്ഞിട്ടും   
അറിയാതെ ഞാന്‍ മോഹിക്കുന്നു 
സ്വപ്‌ങ്ങള്‍ക്കു ചിറകുണ്ടായിരുന്നെങ്കില്‍ ...

തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2011

ക്രിസ്‌മ്മസ്സ് കരോള്‍

മഞ്ഞുപൊഴിയുന്ന ഡിസംബര്‍ മാസത്തിലെ ഒരു തണുപ്പുള്ള രാത്രി, താരകങ്ങള്‍ ഭുമിയേ നോക്കി കണ്ണു ചിമ്മികൊണ്ട് നീ എത്ര സുന്ദരിയാണെന്നു വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന രാത്രി.  ആ മനോഹര രാത്രി സമയത്താണു കന്യാസുതന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ വെള്ളമടിയും തീറ്റയും  മാത്രം കൈമുതലായുള്ള നാടിന്റെ പൊന്നോമനകളായ കുറെ കോളേജ്ജ് പിള്ളകള്‍ക്കു ഒരു പൂതി മനസ്സില്‍ കയറിയത്, ആ പൂതി വളര്‍ന്നു പന്തലിച്ചതിന്റെ പരിണിത ഫലമായി ഒരു ക്രിസ്‌മസ്സ് കരോള്‍ സംഘടിപ്പിച്ചാലോ എന്നു ഒരു കൊച്ചു മോഹം അവരില്‍ ഉടലെടുത്തു .അരെങ്കിലും പാടുബോള്‍ കൂവുന്നതു മാത്രം  ചെയ്‌തു ശീലമുള്ള , ഒരു ശബ്‌ദ സൌകുമാര്യതയുമില്ലാത്ത ഒരു പറ്റം പിള്ളകള്‍ , അവരിലൊരോരുത്തന്റെയും ശബ്‌ദം കേട്ടാല്‍ പാടത്തു കിടന്നു അമറുന്ന പശുക്കള്‍ പോലും നാണിച്ചു പോകും. അങ്ങനെയുള്ള ഈ കാപാലികന്മാരാണു കരോളെന്നു പറഞ്ഞു  നാട്ടുകാരേ മുടിപ്പിക്കാനായി ഇറങ്ങി തിരിച്ചിരിക്കുന്നത് .

അടുത്തുള്ള ചേട്ടന്റേ വീട്ടില്‍ നിന്ന് ഒരു ചെണ്ട സംഘടിപ്പിച്ചു തട്ടി കൂട്ടി രണ്ട് പാട്ടും ഉണ്ടാക്കി അവര്‍ അങ്കത്തിനായി പടക്കളത്തില്‍ ഇറങ്ങി, അവരുടെ മൂപ്പനായി സരോജ്ജ്കുമാര്‍ ഒരു ബക്കറ്റും പിടിച്ചു മുമ്പിലുണ്ടായിരുന്നു, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനായി കൊടുക്കുന്ന ഒരു അസ്‌ഥികൂടത്തിന്റെ കണക്കേയുള്ള എല്‍ കെ ഗോപാലനെ പിടിച്ചു ക്രിസ്‌മ്മസ്സ് പപ്പയുടെ  വേഷം ധരിപ്പിക്കാന്‍ എല്ലാവരും കൂടി ശരിക്കും പാടു പെട്ടു. ഒരു മഹത്തായ ലക്ഷ്യം മാത്രം മനസ്സില്‍ വെച്ചു അവര്‍ ഒന്നു ചേര്‍ന്നു, ദൈവപുത്രന്റെ അപദാനങ്ങള്‍ വഴ്‌ത്തിപാടുകയെന്നതല്ലാ അത്  , അവര്‍ക്കെല്ലാവര്‍ക്കും ഒരേ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു രണ്ട് ഫുളളു വാങ്ങാനുള്ള കാശു സംഘടിപ്പിക്കുകയെന്നുള്ളതായിരുന്നു അത് .

അവര്‍ ഓരോ വിടുകളും കയറി നിരങ്ങാന്‍ തുടങ്ങി, ഒരു വീട്ടില്‍ ക്രിസ്‌മസ്സ് പപ്പയെ കണ്ട് കൌതുകത്തോടെ ഓടി വന്ന കുരുന്നുകള്‍  മറ്റുള്ളവര്‍ പാടാനായി വാ തുറന്നപ്പോളേക്കും  ശബ്‌ദം കേട്ട് പേടിച്ചു ഉറക്കെ കിടന്നു കീറാന്‍ തുടങ്ങി, അവസാനം ആ വീട്ടിലെ ചേട്ടന്‍ ഒരു 50 രുപ നീട്ടിയിട്ട് പറഞ്ഞു " കുട്ടികളേ പേടിപ്പിക്കാതെ ദയവായി ഒന്നു പോയി തരാമോ " .കൂടുതല്‍ നേരം അവിടെ നിന്നാല്‍ ചേട്ടന്റെ സ്വഭാവം മാറുമെന്നു മനസ്സിലാക്കിയ അവര്‍ പാട്ടു പോലും മുഴുപ്പിക്കാനാകാതെ അവിടെ നിന്നു  പതുക്കെ വലിഞ്ഞു.

അവരുടെ ഇടയില്‍ നിന്ന്  ഒരു ശബ്‌ദം മാത്രം വേറിട്ടു നിന്നു, ആ ശബ്‌ദത്തിന്റെ ഉടമ ഭാഗവതര്‍ പ്രേമനായിരുന്നു. പുട്ടിനു തേങ്ങപീരയെന്ന പോലെ അവനു കൂട്ടായി പറയിലിട്ട് കല്ലു ഉരയ്‌ക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്‌ദത്തിനു ഉടമയായ  തുളസിയും ഉണ്ടായിരുന്നു. അവസാനം ആ രണ്ടെണ്ണത്തിന്റെ അടുത്തും ഇനി ഈ പരുപാടി തീരുന്നതു വരെ മിണ്ടി പോകരുതെന്നു മൂപ്പന്‍ സരോജ്ജ്കുമാര്‍ കര്‍ശനമായ താക്കിതു ചെയ്‌തു.അവര്‍ ഒ പി അറിനെ മനസ്സിലോര്‍ത്തു ആ താക്കിതു മനസ്സില്ലാ മനസോടെ സമ്മതിക്കുകയും ചെയ്‌തു .

അവര്‍ അടുത്ത ഇരയെ ലക്ഷ്യമാക്കി ആക്രാന്തത്തോടെ നീങ്ങി തുടങ്ങി, ചെന്നെത്തിയതോ ഒരു വലിയ വീട്ടീന്റെ തിരുമുറ്റത്ത് . അതിനെ വീടെന്നു വിളിക്കുന്നത് അതിനുതന്നെ അപമാനമാണു,ഒരു കോച്ചു കൊട്ടാരമായിരുന്നു അത്. .വീടിന്റേ വലിപ്പം കണ്ട് ഒരു ഫുള്ളിനുള്ള കോളടിച്ചെന്നു വിചാരിച്ചു എല്ലായെണ്ണവും വളരെ ആവേശഭരിതരായി മാറി. പക്ഷേ ആ വീടിന്റെയത്രയും വിശാലത അവിടെയുള്ളവര്‍ക്കില്ലായിരുന്നു , കരോള്‍ സംഘത്തെ കണ്ടതും അവര്‍ പശുവിന്റെയത്രയും വലിപ്പം ഉള്ള വളര്‍ത്തുനായെ അവരുടെ നേര്‍ക്കു തുറന്നു വിട്ടു , ദേണ്ടടാ ഒരു ഭീകരജീവി ആക്രമിക്കാന്‍ വരുന്നെന്നു പറഞ്ഞു മൂപ്പന്‍ സരോജ്ജ്കുമാര്‍ ആദ്യം ഓടി പുറകെ ക്രിസ്‌മസ്സ് പപ്പയുടെ നേത്രുതത്തില്‍ ബാക്കി പഹയന്‍മാരും . എല്ലാവരും കൂടെ കണ്ട വഴിയില്‍ കൂടി ആരാണു മുമ്പിലെത്തുന്നതെന്ന് മത്‌സരിച്ചു കൊണ്ടു ആഞ്ഞു വിട്ടു. മെയ്യനങ്ങാന്‍ മടിക്കുന്ന രാജപ്പനെല്ലാവരേയും കടത്തി വെട്ടി എറ്റവും മുമ്പിലെത്തിയത് എല്ലാവരിലും അത്ഭുതം ഉളവാക്കി.

ഇനിയെന്തായാലും സൂക്ഷിച്ചു പോകാമെന്നു വിചാരിച്ചു നീങ്ങിയ അവര്‍ അടുത്തതായി എത്തി ചേര്‍ന്നത് അവര്‍ പഠിക്കുന്ന കോളേജ്ജിലെ അവര്‍ക്കു തീര്‍ത്തും അജ്ഞാതനായ എതോ ഒരു അദ്ധ്യാപകന്റെ വീടിന്റെ മുമ്പിലും , കരോളിനായി അവിടെ ചെന്ന അവരോടു അദ്ധേഹം പല ചോദ്യശരങ്ങള്‍ എയ്യാന്‍ തുടങ്ങി. നിങ്ങളെവിടുന്നു വരുന്നു എന്നദ്ധേഹം ചോദിച്ചപ്പൊള്‍ അതു വരെ മിണ്ടാതെ നടന്ന പ്രേമന്‍ വളരെ അഭിമാനത്തോടെ പറഞ്ഞു " ഞങ്ങളിവിടെ അടുത്തുള്ള കോളേജ്ജിലെ വിദ്യാര്‍ത്ഥിക്കളാണു",അതു കേട്ടതും എന്തോ തീരുമാനിച്ചുറപ്പിച്ചതു പൊലെ അയാള്‍ അവര്‍ക്കു നേരെ ഒരു കള്ള ചിരി അല്ല ഒരു കൊല ചിരി ചിരിച്ചിട്ട് രുപയും നീട്ടികൊണ്ട്  പറഞ്ഞു നിങ്ങള്‍ പാടി കഷ്‌ട്ടപെടെണ്ടാ  ഇത്  ഇരിക്കട്ടെയെന്നു . കിട്ടിയതു വാങ്ങി സ്‌ഥലവിട്ടയവര്‍ വിചാരിച്ചു എല്ലാവരും ഈ നല്ല മനുഷ്യനേ പോലെ ആയിരുന്നെങ്കില്‍ എന്ന് . പിന്നേയും നാട്ടുകാരുടെ സ്വൈര്യം കെടുത്തികൊണ്ട് അവര്‍ ആ രാത്രി മുഴുവനും  ആ പഞ്ചായത്തിലെ  ഓരോ വീടുകളും അരിച്ചു പെറുക്കി കൊണ്ടേയിരുന്നു . കിട്ടിയതും കൊണ്ട് അവര്‍ ആ വര്‍ഷത്തെ ക്രിസ്‌മസ്സ് അടിച്ചു പൊളിച്ചു,  ഈ ക്രിസ്‌മസ്സ് ആണ്ടിലൊന്നു ആയത് വല്ലാത്ത ചതിയായി  പോയെന്നും ,അല്ലെങ്കില്‍ ഇതു പോലെ  എന്നും കരോളിനിറങ്ങാമായിരുന്നു എന്നു സന്തോഷാധിക്യം കൊണ്ട് ഭാഗവതര്‍ പ്രേമന്‍ അഭിപ്രായപ്പെട്ടതു എല്ലാവരും പിന്തുണച്ചു .

ക്രിസ്‌മസ്സ് അവധി കഴിഞ്ഞു കോളേജ്ജിലെത്തിയ അവരെ പ്രതീക്ഷിച്ചിരുന്നത് ഒരു വലിയ പാരയായിരുന്നു.അത് അവര്‍ നല്ലതെന്നു പറഞ്ഞ ആ അദ്ധ്യാപകന്റെ രൂപത്തിലുമായിരുന്നു. പുള്ളി ഇതിനധികം അവരുടെ കരോളിന്റെ കാര്യം പ്രിന്‍സിപ്പള്‍ അച്ചന്റെ അടുത്തു അവതരിപ്പിച്ചിരുന്നു. താമസിക്കാതെ സംഭവം കോളേജ്ജു മുഴുവന്‍ പാട്ടായി. വിവരമറിഞ്ഞ പ്രിന്‍സിപ്പാള്‍ അച്ചന്‍ കലി തുള്ളീ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും മാണ്ട് നടക്കാന്‍ തുടങ്ങി. താമസിക്കാതെ എല്ലാ പുലികുഞ്ഞുങ്ങളും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍  മിണ്ടാതെ നില്‍ക്കുന്ന കുഞ്ഞാടുകളേ പോലെ പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നിരന്നു നിന്നു. അച്ചന്‍ അല്റി " കോളേജിന്റെ പേരു നാറ്റിക്കാന്‍ ഇറങ്ങിയ വഞ്ചകന്മാരേ നിങ്ങളുടെ ഭുമിയിലെ സ്രിഷ്‌ട്ടാക്കളേയും വിളിച്ചോണ്ട് നാളെ കോളേജ്ജില്‍ വന്നാല്‍ മതി, കൂടെ 2000 രുപ ഫൈനും  ". ഇതു കേട്ടപ്പൊള്‍ അവര്‍ അറിയാതെ കര്‍ത്താവിന്റെ ക്രൂശിത രൂപത്തെ നോക്കി വിലപിച്ചു പോയി " ഈശോയെ അങ്ങയുടെ തിരുപ്പിറവി ആഘോഷിക്കാനിറങ്ങി കിട്ടിയത് ആകെ 1000 രുപ ഇപ്പൊ 2000 രുപ ഫൈനും.  പിച്ച ചട്ടിയില്‍ കൈയ്യിട്ടു വാരിയലോ " അപ്പോള്‍ ഒഫീസിലേ കര്‍ത്താവിന്റെ ക്രൂശിത രൂപം അവരെ നോക്കി പറയുന്നതു പോലെ തോന്നി " കര്‍ത്താവിനെ വിറ്റ് കാശാക്കുന്നവര്‍ ഇവിടെയുള്ളപ്പോള്‍  കുഞ്ഞുങ്ങളെ നിങ്ങള്‍ ചെയ്‌തത് വലിയ കാര്യമാണു ".

തിങ്കളാഴ്‌ച, സെപ്റ്റംബർ 12, 2011

അമ്മ.















സ്നേഹത്തിന്‍
തെളിനീരിനാല്‍
നിറഞ്ഞു
തുളുമ്പുന്ന വറ്റാത്ത
ഉറവയാണു അമ്മ.

പൂവില്‍ വിരിയുന്ന
നൈര്‍മ്മല്യതയോടെ
പുഞ്ചിരിതുകി
ചാരെ അണയുന്ന
ദേവിയാണു അമ്മ.

ചുടു മരുവില്‍
സഹനത്തിന്‍
തീയില്‍
വാടാതെ നില്‍ക്കണ
മുള്‍ ചെടിയാണു അമ്മ.

വേദനകളില്‍
പതറാതെ
ഉറപ്പിച്ചു നിറുത്തുന്ന
ഇളകാത്ത
നങ്കുരമാണു അമ്മ.

ആയിര ജന്മങ്ങളാല്‍
തിരിച്ചു കൊടുക്കാനാവുമോ
അമ്മയേകിയ
ത്യാഗത്തിന്‍
ഒരംശമെങ്കിലും .

ബുധനാഴ്‌ച, സെപ്റ്റംബർ 07, 2011

ചെറുമീന്‍











കളകളം ഒഴുകും
കുഞ്ഞരുവിയില്‍
സഖികളോടൊത്ത്
ഒരിക്കല്‍
നീന്തി തുടിച്ചിരുന്നു.
മഴത്തുള്ളികള്‍
ആര്‍ത്തിരമ്പി
പതിക്കുമ്പോള്‍
ഒളിഞ്ഞിരിക്കും
ചെറു പൊത്തുകളില്‍ .

രൂപവും ഭാവവും മാറി
മനുഷ്യപാപത്തിന്‍
വിഷം തീണ്ടി
പതിയെ ഒഴുകുന്ന
അരുവിയില്‍
ഒളിഞ്ഞിരിക്കാന്‍
ഇടമില്ലാതെ
ചെറുമീനുകള്‍
ദിനവും
ചത്തു മലരുന്നു
പൊങ്ങുതടി കണക്കേ

തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2011

ഒരു ഹോസ്‌പിറ്റല്‍ കേസ്‌

ഇടവേളകള്‍ എങ്ങനെ ആനന്ദകരമാക്കാം എന്നതാണു  സുഗുണന്റേയും കൂട്ടുകാരുടേയും എപ്പോഴുമുള്ള ചിന്ത, സുഗുണന്‍ ആരാണെന്നു നിങ്ങള്‍ക്ക് അറിയേണ്ടേ , പറയാം അവന്റെ അച്ചന്‍ ഒരു പട്ടാളക്കാരനും അമ്മ ഒരു സ്‌ക്കൂള്‍ ടീച്ചറുമായിരുന്നു.വളരെ അച്ചടക്കത്തോടാണു അവര്‍ സുഗുണനെ വളര്‍ത്തിയിരുന്നതു .ഒരു പട്ടളക്കാരന്റെ അച്ചടക്കത്തിലും  അദ്ധ്യാപികയുടെ കണിശതയിലും അവന്‍ വളര്‍ന്നു വന്നു.അങ്ങനെ ആ അച്ചടക്കവുമായി കോളേജ്ജ് ഹോസ്‌റ്റലില്‍ എത്തിയ അവനെ മാറ്റിയെടുക്കാന്‍ കൂട്ടുകാര്‍ ആയ സജിക്കും രാമുവിനും അധികം ബുദ്ധിമുട്ടേണ്ടി വന്നില്ലാ. അവിടെ അവനൊരു മാത്രികാ കള്ളുകുടിയനായി വളര്‍ന്നു .

അന്ന് പതിവു പോലെ കൂട്ടുകാരെല്ലാം ഒന്നു കൂടിയിട്ടുണ്ടായിരുന്നു.രാത്രി വളരെ താമസ്സിച്ചാണു എല്ലാവരും ഹോസ്‌റ്റലില്‍ എത്തിയതു.വളരെയധികം ഓവര്‍ ആയിട്ടായിരുന്നു സുഗുണന്റെ വരവ്. അവനെ വല്ല വിധത്തിലും ഹോസ്‌റ്റല്‍ വാര്‍ഡന്റെ കണ്ണു വെട്ടിച്ചു കൂട്ടുകാരായ സജിയും രാമുവും അകത്തു കൊണ്ടു വന്നു. അപ്രതീക്ഷമായാണ്  സുഗുണന്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട്  ഹോസ്‌റ്റലില്‍ നിന്നു ഒരു ഓട്ടം വെച്ച് കൊടുത്തത്.
കുടിച്ചു പൂസായി ഇറങ്ങി ഓടിയ സുഗുണനെ തിരക്കി ചെന്ന സജിയും രാമുവും കാണുന്നത് റോഡില്‍ പാമ്പായി കിടക്കുന്ന സുഗുണനേയും അടുത്തു കൂട്ടിരിക്കുന്ന ഒരു അപരിചിതനേയും . അടുത്ത് ചെന്ന് നോക്കിയപ്പോള്‍ അതു മറ്റൊരു കുടിയനായിരുന്നു, ഈനാപെച്ചിക്കു മരപട്ടി കൂട്ട് ."എന്താ ചേട്ടാ പറ്റിയത് "എന്നു അവര്‍ ചോദിച്ചപ്പൊള്‍ ആ സ്‌നേഹ നിധിയായ മദ്യപാനി വിങ്ങുന്ന മനസ്സോടെ പറഞ്ഞു "ഒരുത്തന്‍ പൂസായി വഴിയില്‍ കിടക്കുന്നത് കണ്ടപോള്‍ മനസ്സു വേദനിച്ചു പോയി മക്കളേ,  കൂട്ടിരിക്കാമെന്നു കരുതി. ഒറ്റയ്ക്കു ഇട്ടിട്ട് പോകാന്‍ മനസ്സു വരുന്നില്ലാ"  .

തുടര്‍ന്നു ചേട്ടന്‍ വാചാലനായി " ഒരു മദ്യപാനിക്കു എന്തെങ്കിലും സംഭവിച്ചാല്‍ ഇവിടെ പ്രതികരിക്കാന്‍ ഒരു സംഘടനയുണ്ടോ?,അവരുടെ കുടുബത്തെ സംരക്ഷിക്കാന്‍ ഇവിടുത്തെ സര്‍ക്കാര്‍ എന്തു കൊണ്ടു തയാറാകുന്നില്ലാ ? , അവരുടെ കഷ്ട്ടപാടുകള്‍ സമൂഹം കണ്ടില്ലെന്നു നടിക്കുന്നത് എന്തു കൊണ്ടാണു? " , ചേട്ടന്‍ അവേശഭരിതനായി വിളിച്ചു കൂവി കൊണ്ടിരുന്നു .

ഈ ചേട്ടന്‍ ഷാപ്പില്‍ നിന്നു വരുന്ന വഴിയില്‍ ഒരുവര്‍ഗ്ഗ സ്‌നേഹം കാണിച്ചതായിരിക്കാം . ഈ കുടിയന്മാരുടെ ഒരു സ്നേഹമ്മേ ,ഇനി ഈ ചേട്ടനു ആരു കൂട്ടിരിക്കും അവോ ,  മനസ്സു കോണ്ടു ആ ചേട്ടനു നന്ദി പറഞ്ഞു കൊണ്ട് സുഗുണനെ ബൈക്കിന്റെ നടുക്കിരുത്തി , രാമു വണ്ടി വിടാന്‍ തുടങ്ങി.

ഏറ്റവും പുറകിലിരുന്ന സജി അലറി " വിടെടാ വണ്ടി  ഹോസ്‌റ്റലിലേക്കു " പക്ഷേ വണ്ടിയോടിച്ച രാമു കേട്ടതു  " വിടെടാ വണ്ടി  ഹോസ്‌പ്പിറ്റലേക്ക്" എന്നാണു . ഇതു കേട്ടതും  നടുക്കു പൂസായി ഇരിക്കുന്ന സുഗുണനു എന്തോ പറ്റിയെന്നു വിചാരിച്ചു രാമു വണ്ടി നേരെ അടുത്തുള്ള ആശുപത്രിയിലേക്കു വിട്ടു .


ബോധം കെട്ട് ഉറങ്ങുന്ന് സുഗുണനെ സ്‌ട്രച്ചറിലേക്കു തട്ടുന്നതു കണ്ട്  ഞെട്ടിയ സജി ചോദിച്ചു "എടാ ഹോസ്റ്റ്ലിലെന്നാടാ ഒരു സ്‌പിരിറ്റിന്റെ മണം " .അപ്പൊള്‍ രാമു പറഞ്ഞു " ഇത് ഹോസ്റ്റലല്ലാ ഹോസ്‌പിറ്റലാ  വേഗം അത്യാഹിതാ വിഭാഗത്തിലേക്കു പോകാം ".അരിശം കയറിയ സജി ചോദിച്ചു " ശെടാ ആരാടാ നിന്നോട് പറഞ്ഞത്  ഇവിടേയ്‌ക്കു വരാന്‍ വാ നമുക്കു തിരിച്ചു പോകാം " . അപൊളാണു രാമുവിനു അമളി പറ്റിയത് മനസ്സിലായത് .

അപ്പോഴേക്കും സുഗുണനേയും വഹിച്ചു കൊണ്ടുള്ള സ്‌ട്രച്ചര്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിരുന്നു, കാത്തിരുന്നു കിട്ടിയ ഇരയ്‌ക്കു ചുറ്റും ഹിംസജന്തുക്കള്‍ കൂട്ടം കൂടുന്നതു പോലെ ആ സ്വകാര്യ ആശുപത്രിയിലേ ഡാക്ട്ടറുമാര്‍ കഴുകന്‍ കണ്ണുകളുമായി അവനു ചുറ്റും കൂടി.സജിയും രാമുവും കൂടെ വല്ല വിധത്തിലും അവനെ അവരുടെ കൈയ്യില്‍ നിന്നു രക്ഷപ്പെടുത്തിയെടുത്തു.

ഇതിനിടയ്‌ക്കു സംഭവത്തിനു ഒരു പബ്‌ളിസിറ്റി കിട്ടട്ടേയെന്നു വിചാരിച്ചു രാമു സുഗുണനു എന്തോ അപകടം പറ്റിയെന്നു ഹോസ്‌റ്റലില്‍ വിളിച്ചു പറഞ്ഞിരുന്നു  . വിവരമറിഞ്ഞു ഹോസ്‌റ്റലു ഇളകി, പലര്‍ പല കഥകളും ഉണ്ടാക്കി രംഗത്തിറങ്ങി. സുഗുണനെ യക്ഷി പിടിച്ചെന്നോ ആക്‌സിടന്റു പറ്റിയെന്നോ , അരോടൊ ഉടക്കാന്‍ ചെന്ന് അടികൊണ്ടെന്നോ ഒരോരുത്തരും മനോധര്‍മ്മം അനുസരിച്ചു ഒരോ കഥകളുമായി ഇറങ്ങി.

ഹോസ്‌പിറ്റലില്‍ നിന്നു ബോധം വന്നു ഇറങ്ങാന്‍ തുടങ്ങിയ സുഗുണന്‍ കാണുന്നതു ഹോസ്‌റ്റലു മുഴുവനും ഹോസ്‌പിറ്റലിന്റെ മുമ്പില്‍ . അപ്പോഴേക്കും എതോ വിദ്വാന്‍ സുഗുണന്റേ വീട്ടില്‍ അറിയിച്ചു മകനു എന്തോ അപകടം പറ്റിയെന്നു. താമസിക്കാതെ തന്നെ പൂസു മാറി തുടങ്ങിയ സുഗുണന്റെ മോബൈലില്‍ അവന്റെ സ്‌നേഹനിധിയായ പിതാവിന്റെ വിളിയും . ബോധം വന്നു തുടങ്ങിയ സുഗുണനു ബോധം പോകാന്‍ അധികം താമസമുണ്ടായില്ലാ. ബോധം പോയ സുഗുണനെ എല്ലാരും കൂടി വീണ്ടും ഹോസ്‌പിറ്റലിലേക്കു മാറ്റി.

NB :പിന്നീട് അറിയാന്‍ ഇടയായത് വീട്ടില്‍ ചെന്ന സുഗുണനെ കൊണ്ടു ഇനി മേലാല്‍ കുടിക്കില്ലായെന്നു വീട്ടുകാര്‍ സത്യം ചെയ്യിപ്പിച്ചിട്ടു സ്വാമിയാക്കി ശബരി മലയ്ക്കു അയച്ചു എന്നതാണു. ഇവന്‍ സന്നിധാനത്തില്‍ ചെന്നാല്‍ സന്നിധാനത്തിന്റെ ഗതി എന്തായി തീരും  എന്റെ ശ്രീ അയ്യപ്പാ..

ശനിയാഴ്‌ച, സെപ്റ്റംബർ 03, 2011

തെറ്റ്

അമ്മതന്‍ മടിയിലിരുന്നു
മാവേലി കഥകേട്ട
ഉണ്ണിക്കൊരു സംശയം .
ആരാണു തെറ്റുകാരന്‍
അവതാര പുരുഷനായ
വാമനനോ
ധര്‍മ്മിഷ്‌ഠനായ
മവേലിയോ.
ആരാണു തെറ്റുകാരന്‍
പ്രജാതത്‌പ്പരനായ
മവേലി മന്നനോ,
ഉപായത്താല്‍ വീഴ്‌ത്തിയ
വാമന ദേവനോ.

വെറുക്കപ്പെട്ടവരുടെ
അസുരവംശത്തില്‍ പിറന്നെങ്കിലും
സര്‍വ്വ ഗുണങ്ങളുടേയും
വിളനിലമായവന്‍ .
തന്റെ ധര്‍മ്മത്താല്‍
ഇന്ദ്രനേ വിറപ്പിച്ചവന്‍
പ്രഹ്ളാദ വംശത്തിന്‍
തിലകകുറി ആയവന്‍
എന്നിട്ടും ഭഗവാന്‍ വാമനനായി
മാവേലി തമ്പുരാനേ
പാതാളത്തിലേക്ക് അയച്ചു,
ആരാണു തെറ്റുക്കാരന്‍
വാമനനോ മാവേലിയോ .

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

ഇന്നത്തെ സ്‌പെഷ്യല്‍ മേയ്‌ഡ് ബൈ തങ്കപ്പന്‍

കുന്നും പുറത്തുള്ള മനോഹരമായ സ്ഥലത്തായിരുന്നു  ഞങ്ങളുടെ കലാലയം , വീട്ടില്‍ നിന്നു ആയിരം കാതങ്ങള്‍ അകലെയുള്ള കലാലയത്തിലേക്കു എന്നും പോയി വരാന്‍ സാധിക്കയില്ലാ എന്നു മനസ്സിലാക്കിയ ഞങ്ങള്‍ കുറേ പേര്‍ ചേര്‍ന്നു ഒരു വീടു വാടകയ്ക്കു എടുക്കാന്‍ തീരുമാനിച്ചു. അപ്പോളാണു അടുത്ത പ്രശ്നം പച്ചവെള്ളം കുടിക്കാന്‍ പോലും തീരെ താത്‌പര്യമ്മില്ലാത്ത എല്‍ കെ ഗോപാലന്‍ മുതല്‍ ഒരു ആനയെ വരെ തിന്നാന്‍  വിശപ്പുള്ള തടിയന്‍ രാമു വരെ ഉള്‍പ്പെടുന്ന പത്തു പന്ത്രണ്ടു തടിമാടന്മാര്‍ക്കു ആരു  ആഹാരം വെച്ചു കൊടുക്കും ? .അവസാനം പയ്യന്മാരെല്ലാവരും തന്നെ വളരെ ഡീസന്റു പിള്ളരായതു കൊണ്ട് അടുത്തുള്ള സുനിത ചേച്ചി  രാവിലെ തന്നെ വന്നു എല്ലാവര്‍ക്കും ഭക്ഷണം പാകം ചെയ്തു തരാം എന്നു ഏറ്റു പക്ഷെ ഒരു 3000 രുപ മാസം തോറും കൊടുക്കണം , എന്തുമാകട്ടെ  വല്ലതു കഴിച്ചാല്‍ മതിയലോ എന്നു വച്ചു സുനിതചേച്ചി ചീഫ് കുക്കായി ചര്ജ്ജ് എറ്റെടുത്തു.പത്തു പന്ത്രണ്ടു  ആളുകള്‍ ഒരു കൂരയില്‍  ഒരുമയോടെ താമസിച്ചാലുണ്ടാവുന്ന പ്രശ്നങ്ങളൊന്നും തന്നെ അവിടെ അധികം ഇല്ലായിരുന്നു, പിന്നെ ഇടയ്‌ക്കു രതീഷുമോന്റെ പാമ്പു ആടലും ചില ചെറിയ സൌന്ദര്യ പിണക്കങ്ങളും ആ വീടിനെ ഒരു കൊച്ചു സ്വര്‍ഗ്ഗമാക്കി. രതീഷ്മോനെ പറ്റി പറയുകയാണെങ്കില്‍ ഇത്തിരി തണ്ണി അകത്തു ചെന്നാല്‍ പിടിച്ചാല്‍ കിട്ടില്ലാ . അതു കൊണ്ടു എല്ലാവര്‍ക്കു ഒരു ബഹുമാനം ആയിരുന്നു അവനോടു. ചേച്ചി രാവിലെ തന്നെ വന്നു അന്നത്തേക്കുള്ള ആഹാരം വെച്ചിട്ടു  പോകും , പല ദിവസങ്ങളിലും എല്ലാവര്‍ക്കും ഭക്ഷണം കിട്ടുന്നില്ലാ എന്ന പൊതു പരാതിയെ തുടര്‍ന്നു  എല്ലാവരും കൂടി നറുക്കിട്ട്  ഒരാളെ  ഫുഡ് മാനേജരായി തിരെഞ്ഞെടുക്കാന്‍ തീരുമാനിച്ചു.അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവ്ന്റെ ഉത്തരവാദിത്തമാണു ഭക്ഷണം എല്ലാവര്‍ക്കും കിട്ടുന്നുണ്ടോ എന്നു ഉറപ്പു വരുത്തുക എന്നതു.

അങ്ങനെ ആ തവണ നറുക്കുവിണതു കൂട്ടത്തിലെ ഏറ്റവും തങ്കപ്പെട്ടവനും മടിയനുമായ തങ്കപ്പാനായിരുന്നു.തങ്കപ്പനാണെങ്കില്‍ ശരീരത്തില്‍ വന്നിരുന്നു ചോരകുടിക്കുന്ന കൊതുകിനേപോലും ഒന്നു ചെയ്യാത്ത പാവത്താന്‍ ആയിരുന്നു അതു ആ പ്രാണിയോടുള്ള സ്നേഹം മൂലമാണെന്നു നിങ്ങള്‍ ചിന്തിക്കുന്നെങ്കില്‍ തെറ്റി അത് അവന്റെ കൈ കൊതുകിനെ കൊല്ലാന്‍ പൊക്കാനുള്ള മടികൊണ്ടു മാത്രമാണു. എന്നും ചൊറും ഉണക്കമീനും കഴിക്കുന്ന ഞങ്ങള്‍ക്കു ആഴ്ച്ചയിലൊരു ദിവസം ഉള്ള ചപ്പാത്തിയും ചിക്കനും ഒരു ആഘോഷമായിരുന്നു.ആ ദിവസം വന്നെത്തുന്നതും സ്വപ്‌നം കണ്ട് പ്രേമനും  തടിയന്‍ രാമുവും കാത്തിരിക്കുമായിരുന്നു. അങ്ങനെ സ്‌പെഷ്യല്‍ ഐറ്റംസുള്ള ഒരു  ദിവസമാണു അതു സംഭവിക്കുന്നതു , തങ്കപ്പന്റെ സമയദോഷം കൊണ്ടൊ എന്തോ അവന്‍  മാനേജ്ജരായി ചര്‍ജ്ജ് ഏറ്റെടുത്ത ആദ്യ ദിവസവും അതു തന്നെ ആയിരുന്നു . എന്നും താമസിച്ചു വരുന്ന രതീഷുമോനു ആഹരത്തിന്റെ പങ്ക് ആദ്യമേ മാറ്റി വെക്കുന്നത് ഒരു പതിവായിരുന്നു അവിടെ.എന്നാല്‍ പുതുതായി ചാര്‍ജ്ജെടുത്തതു കൊണ്ടോ അതു ചെയ്യാനുള്ള നൈസര്‍ഗിയമായ മടി കൊണ്ടോ അണെന്നു അറിയത്തില്ല, തങ്കപ്പന്‍ ആ ക്രിത്യം ചെയ്‌തില്ല. സൊമാലിയല്‍ നിന്നു വന്നവരെ പൊലെ ചപ്പാത്തിയുടെയും ചിക്കന്റേയും മേല്‍ ചാടി വീണ ബാക്കി കശ്‌മലന്‍മാര്‍ ഒരു നിമിഷം രതീഷ്മോന്റെ മുഖം മറന്നു ഒരു എല്ലു പോലും ബാക്കി വെയ്‌ക്കാതെ എല്ലാം അകത്താക്കി. പടയൊഴിഞ്ഞ ഒരു പടക്കളത്തില്‍ അവിടെയും ഇവിടെയുമായുമായി ശവങ്ങള്‍ കിടക്കുന്നതു പോലെ മൂക്കുമുട്ടെ ചപ്പാത്തിയും കോഴിയേയും അകത്താക്കി  മാനേജര്‍ തങ്കപ്പന്റെ നേതിര്‍ത്തത്തില്‍ ഒരൊരുത്തരും അവിടെ ഇവിടെയുമായി കിടന്നു.

അപ്പോളതാ നമ്മുടെ രതീഷ്മോന്‍ ആടിയാടി വരുന്നു കുറച്ചു വെള്ളം മാത്രം അകത്താക്കി ഒന്നും കഴിക്കാതെ വന്ന രതീഷുമോനു അന്നു പതിവില്ലാത്ത വിധം ഭയങ്കര വിശപ്പായിരുന്നു. വന്നാപാടെ വല്ലതും കഴിക്കാം എന്നു വിചാരിച്ചു അടുക്കളയിലെത്തിയ രതീഷ്മോന്‍  ഹ്രിദയഭേദകമായ കാഴ്ച്ചയാണു അവിടെ കണ്ടത്‌  . ഒരു തരി ആഹാരം അവിടെ ഇല്ലാ, കലിപ്പു കയറിയ രതീഷ് ചോദിച്ചു ആരാടാ ഇവിടുത്തെ മാനേജര്‍? ചോദ്യം മുഴുമ്മിപ്പിക്കുന്നതിനു മുന്പേ കിടക്ക പായില്‍ നിന്നു ചാടി എഴുന്നേറ്റു കൊണ്ട് തങ്കപ്പന്‍ വിറച്ചു വിറച്ചു രതീഷിന്റെ മുമ്പില്‍ എത്തി. അടുക്കളെയിലെ കത്തിയെടുത്തു വീശിക്കൊണ്ടു രതീഷ്മോന്‍ അലറി " ഫാ... ഒരു മാനേജ്ജരു വന്നിരിക്കുന്നു , മര്യാദയ്ക്കു തിന്നാന്‍ വല്ലതു ഉണ്ടാക്കെടാ, ". രതീഷ്മോന്‍ വൈലണ്ട് ആവുമെന്നു മനസ്സിലാക്കിയ മറ്റുള്ള പഹയന്മാര്‍ ഞാനൊന്നും അറിഞ്ഞിലേ രാമനാരായണ യെന്ന മട്ടില്‍ നിദ്രയെ തഴുകി കൊണ്ട് സുഖിച്ചു കിടന്നു. പാവം തങ്കപ്പന്‍ ഇതു വരെ തിന്നാന്‍ അല്ലാതെ വെറെയൊന്നിനും അടുക്കളയില്‍ കയറീട്ടില്ലാത്ത അവന്‍ എന്തു വെയ്ക്കാനാണു. വെട്ടാന്‍ വരുന്ന ഒരു അറവുകാരന്റെ ഭീകരതെയോടെ രതീഷ്മോന്‍  അവിടെ നിന്നു. നീന്തലറിയാത്ത ഒരുത്തനെ പിടിച്ചു വെള്ളത്തിലിട്ട അവസ്‌ഥയിലായി തങ്കപ്പന്‍ .

രതീഷ്മോന്റെ കത്തിയുടെ മുനമ്പില്‍ നിന്നു കൊണ്ടു പാചകത്തിന്റെ ഒരു ചുക്കും അറിയാത്ത തങ്കപ്പന്‍ അവനു ചപ്പാത്തിയും കിഴങ്ങു കറിയും നിമിഷ നേരം കൊണ്ടു ഉണ്ടാക്കി കൊടുത്തു. വിശന്നു വന്ന രതീഷ്മോന്‍ രുചിയൊന്നും നോക്കാതെ എല്ലാം അകത്താക്കി. വിശപ്പുമാറിയ രതീഷ്മോന്‍ തങ്കപ്പനെ കെട്ടിപിടിച്ചു പറഞ്ഞു  " നീ തങ്കപ്പനല്ലെടാ നീ പൊന്നപ്പനാടാ, ഇത്രയ്ക്കു രുചിയുള്ള ആഹാരം ഞാന്‍ ഇതു വരെ കഴിച്ചിട്ടില്ലെടാ".  എല്ലാം സമാധാനത്തോടെ കഴിഞ്ഞപ്പോള്‍ തങ്കപ്പന്‍ ഇടയ്‌ക്കു വെച്ചു താന്‍ ഉപേക്ഷിച്ചു പോന്ന നിദ്രയെ വീണ്ടും പുണരാന്‍ ആവേശത്തോടെ പോയി .

പിറ്റേന്നു പൊന്‍ പ്രഭാതം പൊട്ടി വിടര്‍ന്നപ്പോള്‍  രതീഷ്മോന്‍ വയറിനു സുഖമില്ലാതെ അടുത്തുള്ള ആശുപത്രിയില്‍ അഡ്‌മിറ്റായി എന്നുള്ള വാര്‍ത്തയാണു എല്ലാവരും കേള്‍ക്കുന്നത്‌ . താനൊന്നും ചെയ്‌തില്ലായെന്നു തങ്കപ്പന്‍ സ്വന്തം തലയില്‍ കൈവെച്ച്‌ ആണ ഇടുമ്പോളും അവന്‍ ലവനിട്ട് പണി കൊടുത്തതാണോ എന്നു എല്ലാവര്‍ക്കും ഒരു സംശയം . സംശയ നിവാരണത്തിനു അടുക്കളയില്‍ കയറി നോക്കിയപ്പോള്‍ കാണുന്നതു ഉപ്പുപൊടി ഇട്ടു വെയ്‌ക്കുന്ന കുപ്പിയില്‍ ആരോ സോപ്പുപൊടി ഇട്ടു വെച്ചിരിക്കുന്നു. രാത്രിയില്‍ കത്തിയുടെ മുള്‍മുനയില്‍ നിന്നു ആദ്യമായി പാചകം ചെയ്ത തങ്കപ്പന്‍ വെപ്രാളത്തിനിടയ്ക്കു ഉപ്പാണെന്നു തീര്‍ച്ചപ്പെടുത്താതെ ഉപ്പിനു പകരം സോപ്പു പൊടി ഇട്ടതായിരുന്നു അതെന്നു എല്ലാവര്‍ക്കും മനസ്സിലായി.  എങ്കിലും ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ പിന്നേയും ബാക്കി .." ആരാണ്  ഈ ഉപ്പിടുന്ന കുപ്പിയില്‍ സോപ്പു പൊടി പാതിരാത്രിയില്‍ കൊണ്ടിട്ടത് ? , ഇനിയെങ്ങാനും തങ്കപ്പന്‍  മനപൂര്‍വ്വം രതീഷിനിട്ടു പണികൊടുത്തതാണോ? ".
എന്തായാലും അതില്‍ പിന്നിട് തങ്കപ്പനെ ആരും അടുക്കളയുടെ പരിസരത്തില്‍ പോലും അടുപ്പിച്ചിട്ടില്ലാ മാത്രമല്ലാ പിന്നീട് ഒരിക്കലും ആഹാരം കിട്ടിയില്ലാ എന്നു പറഞ്ഞു രതീഷ്മോന്‍ ബഹളവും വച്ചിട്ടില്ലാ.

NB:  ഇതു പ്രസിദ്ധീകരിച്ചതിനു ശേഷം ഇയുള്ളവനെ കാണാതായാല്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് രതീഷ്മോന്റെയോ തങ്കപ്പന്റേയോ കറുത്ത് കരുവാളിച്ച കരങ്ങളായിരിക്കും .

Related Posts Plugin for WordPress, Blogger...