അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

ഇന്നത്തെ സ്‌പെഷ്യല്‍ മേയ്‌ഡ് ബൈ തങ്കപ്പന്‍

കുന്നും പുറത്തുള്ള മനോഹരമായ സ്ഥലത്തായിരുന്നു  ഞങ്ങളുടെ കലാലയം , വീട്ടില്‍ നിന്നു ആയിരം കാതങ്ങള്‍ അകലെയുള്ള കലാലയത്തിലേക്കു എന്നും പോയി വരാന്‍ സാധിക്കയില്ലാ എന്നു മനസ്സിലാക്കിയ ഞങ്ങള്‍ കുറേ പേര്‍ ചേര്‍ന്നു ഒരു വീടു വാടകയ്ക്കു എടുക്കാന്‍ തീരുമാനിച്ചു. അപ്പോളാണു അടുത്ത പ്രശ്നം പച്ചവെള്ളം കുടിക്കാന്‍ പോലും തീരെ താത്‌പര്യമ്മില്ലാത്ത എല്‍ കെ ഗോപാലന്‍ മുതല്‍ ഒരു ആനയെ വരെ തിന്നാന്‍  വിശപ്പുള്ള തടിയന്‍ രാമു വരെ ഉള്‍പ്പെടുന്ന പത്തു പന്ത്രണ്ടു തടിമാടന്മാര്‍ക്കു ആരു  ആഹാരം വെച്ചു കൊടുക്കും ? .അവസാനം പയ്യന്മാരെല്ലാവരും തന്നെ വളരെ ഡീസന്റു പിള്ളരായതു കൊണ്ട് അടുത്തുള്ള സുനിത ചേച്ചി  രാവിലെ തന്നെ വന്നു എല്ലാവര്‍ക്കും ഭക്ഷണം പാകം ചെയ്തു തരാം എന്നു ഏറ്റു പക്ഷെ ഒരു 3000 രുപ മാസം തോറും കൊടുക്കണം , എന്തുമാകട്ടെ  വല്ലതു കഴിച്ചാല്‍ മതിയലോ എന്നു വച്ചു സുനിതചേച്ചി ചീഫ് കുക്കായി ചര്ജ്ജ് എറ്റെടുത്തു.പത്തു പന്ത്രണ്ടു  ആളുകള്‍ ഒരു കൂരയില്‍  ഒരുമയോടെ താമസിച്ചാലുണ്ടാവുന്ന പ്രശ്നങ്ങളൊന്നും തന്നെ അവിടെ അധികം ഇല്ലായിരുന്നു, പിന്നെ ഇടയ്‌ക്കു രതീഷുമോന്റെ പാമ്പു ആടലും ചില ചെറിയ സൌന്ദര്യ പിണക്കങ്ങളും ആ വീടിനെ ഒരു കൊച്ചു സ്വര്‍ഗ്ഗമാക്കി. രതീഷ്മോനെ പറ്റി പറയുകയാണെങ്കില്‍ ഇത്തിരി തണ്ണി അകത്തു ചെന്നാല്‍ പിടിച്ചാല്‍ കിട്ടില്ലാ . അതു കൊണ്ടു എല്ലാവര്‍ക്കു ഒരു ബഹുമാനം ആയിരുന്നു അവനോടു. ചേച്ചി രാവിലെ തന്നെ വന്നു അന്നത്തേക്കുള്ള ആഹാരം വെച്ചിട്ടു  പോകും , പല ദിവസങ്ങളിലും എല്ലാവര്‍ക്കും ഭക്ഷണം കിട്ടുന്നില്ലാ എന്ന പൊതു പരാതിയെ തുടര്‍ന്നു  എല്ലാവരും കൂടി നറുക്കിട്ട്  ഒരാളെ  ഫുഡ് മാനേജരായി തിരെഞ്ഞെടുക്കാന്‍ തീരുമാനിച്ചു.അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവ്ന്റെ ഉത്തരവാദിത്തമാണു ഭക്ഷണം എല്ലാവര്‍ക്കും കിട്ടുന്നുണ്ടോ എന്നു ഉറപ്പു വരുത്തുക എന്നതു.

അങ്ങനെ ആ തവണ നറുക്കുവിണതു കൂട്ടത്തിലെ ഏറ്റവും തങ്കപ്പെട്ടവനും മടിയനുമായ തങ്കപ്പാനായിരുന്നു.തങ്കപ്പനാണെങ്കില്‍ ശരീരത്തില്‍ വന്നിരുന്നു ചോരകുടിക്കുന്ന കൊതുകിനേപോലും ഒന്നു ചെയ്യാത്ത പാവത്താന്‍ ആയിരുന്നു അതു ആ പ്രാണിയോടുള്ള സ്നേഹം മൂലമാണെന്നു നിങ്ങള്‍ ചിന്തിക്കുന്നെങ്കില്‍ തെറ്റി അത് അവന്റെ കൈ കൊതുകിനെ കൊല്ലാന്‍ പൊക്കാനുള്ള മടികൊണ്ടു മാത്രമാണു. എന്നും ചൊറും ഉണക്കമീനും കഴിക്കുന്ന ഞങ്ങള്‍ക്കു ആഴ്ച്ചയിലൊരു ദിവസം ഉള്ള ചപ്പാത്തിയും ചിക്കനും ഒരു ആഘോഷമായിരുന്നു.ആ ദിവസം വന്നെത്തുന്നതും സ്വപ്‌നം കണ്ട് പ്രേമനും  തടിയന്‍ രാമുവും കാത്തിരിക്കുമായിരുന്നു. അങ്ങനെ സ്‌പെഷ്യല്‍ ഐറ്റംസുള്ള ഒരു  ദിവസമാണു അതു സംഭവിക്കുന്നതു , തങ്കപ്പന്റെ സമയദോഷം കൊണ്ടൊ എന്തോ അവന്‍  മാനേജ്ജരായി ചര്‍ജ്ജ് ഏറ്റെടുത്ത ആദ്യ ദിവസവും അതു തന്നെ ആയിരുന്നു . എന്നും താമസിച്ചു വരുന്ന രതീഷുമോനു ആഹരത്തിന്റെ പങ്ക് ആദ്യമേ മാറ്റി വെക്കുന്നത് ഒരു പതിവായിരുന്നു അവിടെ.എന്നാല്‍ പുതുതായി ചാര്‍ജ്ജെടുത്തതു കൊണ്ടോ അതു ചെയ്യാനുള്ള നൈസര്‍ഗിയമായ മടി കൊണ്ടോ അണെന്നു അറിയത്തില്ല, തങ്കപ്പന്‍ ആ ക്രിത്യം ചെയ്‌തില്ല. സൊമാലിയല്‍ നിന്നു വന്നവരെ പൊലെ ചപ്പാത്തിയുടെയും ചിക്കന്റേയും മേല്‍ ചാടി വീണ ബാക്കി കശ്‌മലന്‍മാര്‍ ഒരു നിമിഷം രതീഷ്മോന്റെ മുഖം മറന്നു ഒരു എല്ലു പോലും ബാക്കി വെയ്‌ക്കാതെ എല്ലാം അകത്താക്കി. പടയൊഴിഞ്ഞ ഒരു പടക്കളത്തില്‍ അവിടെയും ഇവിടെയുമായുമായി ശവങ്ങള്‍ കിടക്കുന്നതു പോലെ മൂക്കുമുട്ടെ ചപ്പാത്തിയും കോഴിയേയും അകത്താക്കി  മാനേജര്‍ തങ്കപ്പന്റെ നേതിര്‍ത്തത്തില്‍ ഒരൊരുത്തരും അവിടെ ഇവിടെയുമായി കിടന്നു.

അപ്പോളതാ നമ്മുടെ രതീഷ്മോന്‍ ആടിയാടി വരുന്നു കുറച്ചു വെള്ളം മാത്രം അകത്താക്കി ഒന്നും കഴിക്കാതെ വന്ന രതീഷുമോനു അന്നു പതിവില്ലാത്ത വിധം ഭയങ്കര വിശപ്പായിരുന്നു. വന്നാപാടെ വല്ലതും കഴിക്കാം എന്നു വിചാരിച്ചു അടുക്കളയിലെത്തിയ രതീഷ്മോന്‍  ഹ്രിദയഭേദകമായ കാഴ്ച്ചയാണു അവിടെ കണ്ടത്‌  . ഒരു തരി ആഹാരം അവിടെ ഇല്ലാ, കലിപ്പു കയറിയ രതീഷ് ചോദിച്ചു ആരാടാ ഇവിടുത്തെ മാനേജര്‍? ചോദ്യം മുഴുമ്മിപ്പിക്കുന്നതിനു മുന്പേ കിടക്ക പായില്‍ നിന്നു ചാടി എഴുന്നേറ്റു കൊണ്ട് തങ്കപ്പന്‍ വിറച്ചു വിറച്ചു രതീഷിന്റെ മുമ്പില്‍ എത്തി. അടുക്കളെയിലെ കത്തിയെടുത്തു വീശിക്കൊണ്ടു രതീഷ്മോന്‍ അലറി " ഫാ... ഒരു മാനേജ്ജരു വന്നിരിക്കുന്നു , മര്യാദയ്ക്കു തിന്നാന്‍ വല്ലതു ഉണ്ടാക്കെടാ, ". രതീഷ്മോന്‍ വൈലണ്ട് ആവുമെന്നു മനസ്സിലാക്കിയ മറ്റുള്ള പഹയന്മാര്‍ ഞാനൊന്നും അറിഞ്ഞിലേ രാമനാരായണ യെന്ന മട്ടില്‍ നിദ്രയെ തഴുകി കൊണ്ട് സുഖിച്ചു കിടന്നു. പാവം തങ്കപ്പന്‍ ഇതു വരെ തിന്നാന്‍ അല്ലാതെ വെറെയൊന്നിനും അടുക്കളയില്‍ കയറീട്ടില്ലാത്ത അവന്‍ എന്തു വെയ്ക്കാനാണു. വെട്ടാന്‍ വരുന്ന ഒരു അറവുകാരന്റെ ഭീകരതെയോടെ രതീഷ്മോന്‍  അവിടെ നിന്നു. നീന്തലറിയാത്ത ഒരുത്തനെ പിടിച്ചു വെള്ളത്തിലിട്ട അവസ്‌ഥയിലായി തങ്കപ്പന്‍ .

രതീഷ്മോന്റെ കത്തിയുടെ മുനമ്പില്‍ നിന്നു കൊണ്ടു പാചകത്തിന്റെ ഒരു ചുക്കും അറിയാത്ത തങ്കപ്പന്‍ അവനു ചപ്പാത്തിയും കിഴങ്ങു കറിയും നിമിഷ നേരം കൊണ്ടു ഉണ്ടാക്കി കൊടുത്തു. വിശന്നു വന്ന രതീഷ്മോന്‍ രുചിയൊന്നും നോക്കാതെ എല്ലാം അകത്താക്കി. വിശപ്പുമാറിയ രതീഷ്മോന്‍ തങ്കപ്പനെ കെട്ടിപിടിച്ചു പറഞ്ഞു  " നീ തങ്കപ്പനല്ലെടാ നീ പൊന്നപ്പനാടാ, ഇത്രയ്ക്കു രുചിയുള്ള ആഹാരം ഞാന്‍ ഇതു വരെ കഴിച്ചിട്ടില്ലെടാ".  എല്ലാം സമാധാനത്തോടെ കഴിഞ്ഞപ്പോള്‍ തങ്കപ്പന്‍ ഇടയ്‌ക്കു വെച്ചു താന്‍ ഉപേക്ഷിച്ചു പോന്ന നിദ്രയെ വീണ്ടും പുണരാന്‍ ആവേശത്തോടെ പോയി .

പിറ്റേന്നു പൊന്‍ പ്രഭാതം പൊട്ടി വിടര്‍ന്നപ്പോള്‍  രതീഷ്മോന്‍ വയറിനു സുഖമില്ലാതെ അടുത്തുള്ള ആശുപത്രിയില്‍ അഡ്‌മിറ്റായി എന്നുള്ള വാര്‍ത്തയാണു എല്ലാവരും കേള്‍ക്കുന്നത്‌ . താനൊന്നും ചെയ്‌തില്ലായെന്നു തങ്കപ്പന്‍ സ്വന്തം തലയില്‍ കൈവെച്ച്‌ ആണ ഇടുമ്പോളും അവന്‍ ലവനിട്ട് പണി കൊടുത്തതാണോ എന്നു എല്ലാവര്‍ക്കും ഒരു സംശയം . സംശയ നിവാരണത്തിനു അടുക്കളയില്‍ കയറി നോക്കിയപ്പോള്‍ കാണുന്നതു ഉപ്പുപൊടി ഇട്ടു വെയ്‌ക്കുന്ന കുപ്പിയില്‍ ആരോ സോപ്പുപൊടി ഇട്ടു വെച്ചിരിക്കുന്നു. രാത്രിയില്‍ കത്തിയുടെ മുള്‍മുനയില്‍ നിന്നു ആദ്യമായി പാചകം ചെയ്ത തങ്കപ്പന്‍ വെപ്രാളത്തിനിടയ്ക്കു ഉപ്പാണെന്നു തീര്‍ച്ചപ്പെടുത്താതെ ഉപ്പിനു പകരം സോപ്പു പൊടി ഇട്ടതായിരുന്നു അതെന്നു എല്ലാവര്‍ക്കും മനസ്സിലായി.  എങ്കിലും ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ പിന്നേയും ബാക്കി .." ആരാണ്  ഈ ഉപ്പിടുന്ന കുപ്പിയില്‍ സോപ്പു പൊടി പാതിരാത്രിയില്‍ കൊണ്ടിട്ടത് ? , ഇനിയെങ്ങാനും തങ്കപ്പന്‍  മനപൂര്‍വ്വം രതീഷിനിട്ടു പണികൊടുത്തതാണോ? ".
എന്തായാലും അതില്‍ പിന്നിട് തങ്കപ്പനെ ആരും അടുക്കളയുടെ പരിസരത്തില്‍ പോലും അടുപ്പിച്ചിട്ടില്ലാ മാത്രമല്ലാ പിന്നീട് ഒരിക്കലും ആഹാരം കിട്ടിയില്ലാ എന്നു പറഞ്ഞു രതീഷ്മോന്‍ ബഹളവും വച്ചിട്ടില്ലാ.

NB:  ഇതു പ്രസിദ്ധീകരിച്ചതിനു ശേഷം ഇയുള്ളവനെ കാണാതായാല്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് രതീഷ്മോന്റെയോ തങ്കപ്പന്റേയോ കറുത്ത് കരുവാളിച്ച കരങ്ങളായിരിക്കും .

Related Posts Plugin for WordPress, Blogger...